ആവേശപ്പൂരം രണ്ടാം ദിനത്തിൽ! കലോത്സവ വേദിയിൽ ഇഞ്ചോടിഞ്ച് പോരാട്ടവുമായി കോഴിക്കോടും തൃശ്ശൂരും

(www.kl14onlinenews.com)
(05-JAN-2024)

ആവേശപ്പൂരം രണ്ടാം ദിനത്തിൽ!
കലോത്സവ വേദിയിൽ ഇഞ്ചോടിഞ്ച് പോരാട്ടവുമായി കോഴിക്കോടും തൃശ്ശൂരും
കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ രണ്ടാംദിവസത്തെ മത്സരങ്ങൾ പുരോഗമിക്കുമ്പോൾ പോയിന്‍റ് പട്ടികയിൽ കണ്ണൂർ ജില്ല മുന്നിൽ. 267 പോയിന്‍റ് നേടിയാണ് സ്വർണക്കപ്പിനായുള്ള പോരാട്ടത്തിൽ കണ്ണൂർ മുന്നിട്ടുനിൽക്കുന്നത്. 261 പോയിന്‍റുമായി തൃശൂരാണ് രണ്ടാമത്. ആതിഥേയരായ കൊല്ലവും നിലവിലെ ജേതാക്കളായ കോഴിക്കോടും 260 വീതം പോയിന്‍റ് നേടി മൂന്നാമതുണ്ട്.

പാലക്കാട് 257, മലപ്പുറം 247, എറണാകുളം 246, തിരുവനന്തപുരം 232, ആലപ്പുഴ 232, കോട്ടയം 228, കാസർകോട് 226, വയനാട് 217, പത്തനംതിട്ട 197, ഇടുക്കി 180 എന്നിങ്ങനെയാണ് ഉച്ചകഴിഞ്ഞ് മൂന്ന് മണിവരെ‍യുള്ള പോയിന്‍റ് നില.

കലോത്സവത്തിന്‍റെ രണ്ടാംദിവസമായ ഇന്ന് പ്രധാനവേദിയായ ആശ്രാമം മൈതാനത്തെ ഒ.എൻ.വി സ്മൃതിയിൽ രാവിലെ ഹയർസെക്കൻഡറി വിഭാഗം മോഹിനിയാട്ടമാണ് നടന്നത്. രണ്ടാംവേദിയിയായ സോപാനം ഓഡിറ്റോറിയത്തിൽ എച്ച്.എസ് വിഭാഗം ചവിട്ടുനാടകവും മൂന്നാംവേദിയിൽ ഹയർസെക്കൻഡറി വിഭാഗം ഭരതനാട്യവും നടന്നു. വൈകീട്ട് പ്രധാനവേദിയിൽ ഹൈസ്കൂൾ വിഭാഗം ഒപ്പന നടക്കും. മൂന്നാം വേദിയിൽ എച്ച്.എസ് വിഭാഗം ദഫ്മുട്ടും നാലാം വേദിയിൽ എച്ച്.എസ് വിഭാഗം തിരുവാതിരക്കളിയും നടക്കും.

24 വേദികളിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. കൊല്ലം ആശ്രാമം മൈതാനത്ത്​​ ഒരുക്കിയ 'ഒ.എൻ.വി സ്മൃതി'യാണ് പ്രധാനവേദി. എച്ച്​.എസ്​, എച്ച്​.എസ്​.എസ്​ ജനറൽ, എച്ച്​.എസ്​ സംസ്കൃതം, അറബിക്​ വിഭാഗങ്ങളിൽ ആകെ 239 ഇനങ്ങളിലാണ്​ മത്സരങ്ങൾ നടക്കുന്നത്​. 10,000ലേറെ വിദ്യാർഥികളാണ് കലോത്സവത്തിൽ പങ്കെടുക്കുന്നത്.

Post a Comment

Previous Post Next Post