(www.kl14onlinenews.com)
(10-JAN-2024)
ഷഹാനയുടെ ആത്മഹത്യ; പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് കുടുംബം ഇന്ന് സെക്രട്ടറിയേറ്റിനു മുന്നില്‍ സത്യാഗ്രഹമിരിക്കും
തിരുവനന്തപുരം: തിരുവല്ലത്തെ ഷഹാനയുടെ ആത്മഹത്യയില്‍ പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് കുടുംബം ഇന്ന് സെക്രട്ടറിയേറ്റിനു മുന്നില്‍ സത്യാഗ്രഹമിരിക്കും. ഷഹാന മരിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് സത്യാഗ്രഹമിരിക്കുന്നത്. നേരത്തെ പ്രതികളെ പിടിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് പരാതി ഡിജിപിക്ക് കൈമാറിയിട്ടുണ്ടെങ്കിലും കാര്യമായ നടപടിയുണ്ടായിട്ടില്ല.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 26ന് ചൊവ്വാഴ്ച വൈകിട്ടാണ് ഷഹാനയെ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഭര്‍തൃവീട്ടിലെ പ്രശ്നങ്ങളെ തുടര്‍ന്ന് മൂന്ന് മാസമായി ഷഹാന സ്വന്തം വീട്ടില്‍ കഴിയുകയായിരുന്നു. ചൊവ്വാഴ്ച സഹോദരപുത്രന്റെ ജന്മദിനാഘോഷത്തിന് കൂട്ടിക്കൊണ്ടുപോകാനായി ഭര്‍ത്താവ് ഷഹാനയുടെ വീട്ടിലെത്തിയിരുന്നു. എന്നാല്‍, നേരിട്ട് ക്ഷണിക്കാത്തതിനാല്‍ ഷഹാന പോകാന്‍ തയ്യാറായില്ല. തുടര്‍ന്ന് കുഞ്ഞിനെയുമെടുത്ത് ഭര്‍ത്താവ് വീട്ടില്‍നിന്ന് പോയി. ഇതോടെ മുറിക്കുള്ളില്‍ കയറി വാതിലടച്ച ഷഹാനയെ പിന്നീട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.നൗഫലിന്റെ സഹോദരന്റെ ഭാര്യയുടെ കുടുംബമാണ് ഒളിവില്‍ പോകാന്‍ സഹായം ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം. ഇവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കും. ഫോണുകള്‍ ശാസ്ത്രീയമായ പരിശോധനയ്ക്ക് വിധേയമാക്കും. അന്വേഷണത്തിന്റെ ഭാഗമായി കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.
ഷഹാന ആത്മഹത്യ ചെയ്ത് ആഴ്ചകള്‍ പിന്നിടുമ്പോഴും പ്രതികള്‍ എവിടെയാണെന്ന കാര്യത്തില്‍ പൊലീസിന് ഒരു വിവരവുമില്ല. പ്രതികള്‍ സംസ്ഥാനം വിട്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. തിരുവല്ലം പൊലീസിന്റെ പ്രത്യേക സംഘം സംസ്ഥാനത്തിന് പുറത്ത് ഉള്‍പ്പെടെ അന്വേഷണം നടത്തിയിട്ടും പ്രതികളെ പിടികൂടാന്‍ ഇതുവരെ സാധിച്ചിട്ടില്ല.
Post a Comment