നീലേശ്വരം റെയിൽവേ സ്റ്റേഷൻ വികസനം; എംപിക്ക് ജനകീയ നിവേദനം

(www.kl14onlinenews.com)
(02-JAN-2024)

നീലേശ്വരം റെയിൽവേ സ്റ്റേഷൻ വികസനം; എംപിക്ക് ജനകീയ നിവേദനം
നീലേശ്വരം: ദക്ഷിണ റയിൽവേ ജനറൽ മാനേജറുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ ഉന്നയിക്കേണ്ട വികസന കാര്യങ്ങൾ ഉൾപ്പെടുത്തി റയിൽവേ വികസന ജനകീയ കൂട്ടായ്മ പ്രവർത്തകർ രാജ്മോഹൻ ഉണ്ണിത്താൻ എംപിക്കു നിവേദനം നൽകി.അന്ത്യോദയ എക്സ്പ്രസ്, ചെന്നൈ മെയിൽ, നേത്രാവതി എക്സ്പ്രസ് എന്നിവയ്ക്ക് നീലേശ്വരത്ത് സ്റ്റോപ്, നിലവിൽ കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്ന

എക്സിക്യൂട്ടീവ് എക്സ്പ്രസ് റയിൽവേയ്ക്കു സ്വന്തമായി 26 ഏക്കർ ഭൂമിയുള്ള നീലേശ്വരം വരെയോ കുമ്പളയിലേക്കോ നീട്ടൽ, നീലേശ്വരം അമൃത് ഭാരത് റയിൽവേ സ്റ്റേഷൻ ആയി ഉയർത്തി പുതിയകെട്ടിടം നിർമിക്കൽ, സ്റ്റേഷന്റെ തെക്ക് ഭാഗത്തു കൂടി ദേശീയപാതയിൽ നിന്നു സ്റ്റേഷൻ സമീപത്തുള്ള റോഡിനെ സ്റ്റേഷനുമായി ബന്ധിപ്പിക്കൽ,

ബൈന്ദൂർ പാസഞ്ചറിന്റെ പുനസ്ഥാപനം, കാഞ്ഞങ്ങാട്– കാണിയൂർ റയിൽപാതയുടെ ബേസ് സ്റ്റേഷൻ ആയി നീലേശ്വരം റയിൽവേ സ്റ്റേഷനെ മാറ്റൽ തുടങ്ങിയ ആവശ്യങ്ങൾ ഉൾക്കൊള്ളിച്ചാണ് നിവേദനം നൽകിയത്. ശുചീകരണ കരാർ പുതുക്കാത്തതിനാൽ കാടും മാലിന്യവും നിറഞ്ഞു വൃത്തിഹീനമായ നീലേശ്വരം റയിൽവേ സ്റ്റേഷന്റെ അവസ്ഥ കൂട്ടായ്മ പ്രവർത്തകർ എംപിയുടെ ശ്രദ്ധയിൽപെടുത്തി.

ഇന്റർസിറ്റി എക്സ്പ്രസിനു സ്റ്റോപ് അനുവദിച്ചതോടെ നീലേശ്വരം റയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായ വർധന കാരണം റയിൽവേ സ്റ്റേഷൻ റോഡിൽ ഉണ്ടാകുന്ന ഗതാഗതക്കുരും ചൂണ്ടിക്കാട്ടി.ഇതൊഴിവാക്കാൻ സ്റ്റേഷന്റെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിൽ മണ്ണിട്ട് താൽക്കാലിക പാർക്കിങ് സൗകര്യം ഒരുക്കുന്നതിന് ഇടപെടണമെന്നും എംപിയോട് ആവശ്യപ്പെട്ടു.

ജനകീയ കൂട്ടായ്മ പ്രസിഡന്റ് ഡോ.നന്ദകുമാർ കോറോത്ത്, സെക്രട്ടറി കെ.വി.സുനിൽരാജ്, കെ.വി.പ്രിയേഷ് കുമാർ, ഗോപിനാഥൻ മുതിരക്കാൽ, ഇ. പത്മനാഭൻ നായർ മാങ്കുളം, എ.വി.പത്മനാഭൻ, സി.കെ.ജനാർദനൻ എന്നിവരുടെ നേതൃത്വത്തിലാണ് എംപിക്ക് നിവേദനം നൽകിയത്.

Post a Comment

Previous Post Next Post