'സ്റ്റേഷന്‍ കത്തിച്ച് കളയും'; കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കലാപാഹ്വാനത്തിന് കേസ്

(www.kl14onlinenews.com)
(02-JAN-2024)

'സ്റ്റേഷന്‍ കത്തിച്ച് കളയും'; കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കലാപാഹ്വാനത്തിന് കേസ്
പാലാരിവട്ടം സ്റ്റേഷന്‍(Palarivattom police station) ഉപരോധിച്ച കോണ്‍ഗ്രസ്(Congress) നേതാക്കള്‍ക്കെതിരെ കലാപാഹ്വാനത്തിന് കേസെടുത്ത് പൊലീസ്(Police). ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് ഒന്നാം പ്രതി. ഹൈബി ഈഡന്‍ എംപി, എംഎല്‍എമാരായ ടി ജെ വിനോദ്, ഉമ തോമസ്, അന്‍വര്‍ സാദത്ത് എന്നിവരെ കൂടാതെ കണ്ടാല്‍ അറിയാവുന്ന 75 പേര്‍ക്കെതിരെയും കേസുണ്ട്. ഉപരോധ സമരത്തിനിടെ പൊലീസ് സ്റ്റേഷന്‍ കത്തിച്ച് കളയുമെന്ന് നേതാക്കള്‍ ഭീഷണിമുഴക്കിയെന്നാണ് എഫ്‌ഐആര്‍. നവകേരള സദസിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഉപരോധം. ഇന്നലെ പുലര്‍ച്ചെ വരെ നീണ്ട് നിന്ന പ്രതിഷേധം പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതോടെയാണ് അവസാനിപ്പിച്ചത്.

എട്ടുമണിക്കൂറോളമാണ് പാലാരിവട്ടം സ്റ്റേഷന്‍ നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് ഉപരോധിച്ചത്. അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ ജാമ്യത്തില്‍ വിടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധം. സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പൊലീസ് പ്രതികളെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. പിന്നാലെ ഇവര്‍ക്ക് ജാമ്യം അനുവദിച്ചു. ഇതോടെ പുലര്‍ച്ചെ രണ്ട് മണിയോടെ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. പൊലീസ് സ്റ്റേഷന്‍ ഉപരോധത്തിനൊപ്പം പാലാരിവട്ടം ജങ്ഷനും പ്രവര്‍ത്തകര്‍ ഉപരോധിച്ചിരുന്നു. ഇതോടെ കൊച്ചി നഗരത്തില്‍ ഗതാഗതക്കുരുക്കുണ്ടായി.

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാന്‍ കഴിയാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. കേരളത്തില്‍ രണ്ട് നീതിയാണ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത് സിപിഎമ്മിന് ഒത്താശ ചെയ്യാനാണെന്ന് ആരോപിച്ച് എംഎല്‍എമാരും രംഗത്തെത്തി.
മുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കുന്ന നവകേരള സദസിന്റെ സമാപന ദിവസമാണ് ഇന്ന്. എറണാകുളം ജില്ലയിലെ കുന്നത്തുനാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലാണ് അവസാന ദിനത്തിലെ പരിപാടി. വൈകിട്ട് 3 നും അഞ്ചിനും നിശ്ചയിച്ചിരിക്കുന്ന പൊതുയോഗങ്ങളില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും. അവസാന ദിവസമായതിനാല്‍ കനത്ത സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പരിപാടിക്കെതിരെ കനത്ത പ്രതിഷേധമുണ്ടാകുമെന്ന് യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്ന വിലയിരുത്തലാണ് പൊലീസിനുള്ളത്.

നേരത്തെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തെത്തുടര്‍ന്നാണ് എറണാകുളം ജില്ലയിലെ നാലു മണ്ഡലങ്ങളിലെ നവകേരള സദസ് മാറ്റിവെച്ചത്. തുടര്‍ന്ന് ഇന്നലെയും ഇന്നുമായി ഇത് പൂര്‍ത്തിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Post a Comment

Previous Post Next Post