ജപ്പാനിൽ ഒരു ദിവസംകൊണ്ട് ഉണ്ടായത് 155 ഭൂകമ്പങ്ങൾ, ഇതുവരെ 30 പേർ മരിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു

(www.kl14onlinenews.com)
(02-JAN-2024)

ജപ്പാനിൽ ഒരു ദിവസംകൊണ്ട് ഉണ്ടായത് 155 ഭൂകമ്പങ്ങൾ, ഇതുവരെ 30 പേർ മരിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു
പുതുവത്സര ദിനത്തില്‍ ജപ്പാനിലുണ്ടായ ഭൂചലനത്തില്‍ 30 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. തിങ്കളാഴ്ച മുതല്‍ രാജ്യത്ത് 155 ഭൂചലനങ്ങള്‍ അനുഭവപ്പെട്ടു. ഇതില്‍ ആദ്യത്തെ ഭൂചലനത്തിന് റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തി. മറ്റൊന്നിന് ആറിന് മുകളില്‍ തീവ്രതയുണ്ടായിരുന്നുവെന്ന് ജപ്പാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ജെഎംഒ) അറിയിച്ചു. ദുരന്തത്തിന്റെ വ്യാപ്തി വിലയിരുത്താന്‍ അധികാരികള്‍ക്ക്് ഇനിയും കഴിഞ്ഞിട്ടില്ല.
പ്രാരംഭ ഭൂചലനത്തിന് തൊട്ടുപിന്നാലെ അധികൃതര്‍ സുനാമി മുന്നറിയിപ്പ് നല്‍കി. 5 അടിയോളം ഉയരത്തിലുള്ള തിരമാലകളാണ് തീരദേശത്ത് ഭീതി പരത്തി അടിച്ചുകയറിയത്. രാജ്യത്തെ ഏകദേശം 33,000 വീടുകളില്‍ വൈദ്യുതിയില്ല. പ്രധാന ഹൈവേകള്‍ ഉള്‍പ്പെടെ നിരവധി പ്രധാന റൂട്ടുകള്‍ പ്രവര്‍ത്തനക്ഷമമല്ല. ഇത് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരര്‍ക്കും സൈനികര്‍ക്കും പ്രതിസന്ധി സൃഷ്ടിക്കുന്നു. ദുരന്ത ബാധിത പ്രദേശത്തേക്കുള്ള വിമാന സർവീസുകളും റെയിൽ സേവനങ്ങളും തടസ്സപ്പെട്ടിരിക്കുകയാണ്.
ഇഷികാവയിലും സമീപ പ്രദേശങ്ങളിലുമാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി (ജെഎംഎ) അറിയിച്ചു. ഇതോടെയാണ് രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ തീരത്ത് സുനാമി മുന്നറിയിപ്പ് നല്‍കി. ഇഷികാവ, നിഗറ്റ, ടോയാമ അടക്കമുള്ള തീരപ്രദേശങ്ങളിലാണ് ജാഗ്രതാ നിര്‍ദ്ദേശം. തലസ്ഥാനമായ ടോക്കിയോയിലും കാന്റോ മേഖലയിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. റഷ്യയുടെ വിദൂര കിഴക്കൻ നഗരങ്ങളായ വ്ലാഡിവോസ്‌റ്റോക്കിലും നഖോദ്കയിലും സുനാമി മുന്നറിയിപ്പുണ്ട്.

ടെക്‌റ്റോണിക് പ്ലേറ്റ് ഇടപെടലുകള്‍ പതിവായി നടക്കുന്ന, അസ്ഥിരമായ പസഫിക് റിംഗ് ഓഫ് ഫയറിലുള്ള സ്ഥാനം കാരണം ഭൂകമ്പത്തിന് ഏറെ സാധ്യതയുള്ള പ്രദേശമാണ് ജപ്പാൻ.

എന്തുകൊണ്ടാണ് ഭൂചലനങ്ങള്‍ ഉണ്ടാകുന്നത്?

ഏഴ് ടെക്‌റ്റോണിക് പ്ലേറ്റുകളാല്‍ നിര്‍മ്മിതമാണ് ഭൂമിയുടെ മുകള്‍ഭാഗം. ഈ ഫലകങ്ങള്‍ പരസ്പരം കൂട്ടിയിടിക്കുന്നിടത്തെല്ലാം ഭൂചലന ഭീഷണിയുണ്ട്. ഈ ഫലകങ്ങള്‍ പരസ്പരം ഉരസുമ്പോള്‍ അതില്‍ നിന്ന് വലിയ ഊര്‍ജ്ജം പുറത്തുവരുന്നു. ആ ഘര്‍ഷണം മൂലം മുകളിലെ ഭൂമി കുലുങ്ങാന്‍ തുടങ്ങുന്നു. ഈ ആകർഷണം പതിവായി നടക്കുന്ന പ്രദേശമായാണ് ജപ്പാനെ കണക്കാക്കുന്നത്. ഫലകങ്ങള്‍ പരസ്പരം ഉരസുമ്പോൾ ഇടയ്ക്കിടെ പുറത്തുവരുന്ന ഊര്‍ജ്ജം കാരണമാണ് പ്രകമ്പനങ്ങള്‍ അനുഭവപ്പെടുന്നത്. ഇവയെ ആഫ്റ്റര്‍ ഷോക്ക് എന്ന് വിളിക്കുന്നു.

റിക്ടര്‍ സ്‌കെയിലില്‍ ഭൂകമ്പത്തിന്റെ തീവ്രതയനുസരിച്ചുള്ള ആഘാതം ഇങ്ങനെ..

- റിക്ടര്‍ സ്‌കെയിലില്‍ 0 മുതല്‍ 1.9 വരെ തീവ്രതയുള്ള ഭൂകമ്പം- സീസ്‌മോഗ്രാഫിലൂടെ മാത്രമേ കണ്ടെത്താന്‍ കഴിയൂ.

- 2 മുതല്‍ 2.9 വരെ റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തുമ്പോൾ നേരിയ ഭൂചലനം സംഭവിക്കുന്നു.

- 3 മുതല്‍ 3.9 വരെ - നിങ്ങളുടെ സമീപത്തുകൂടി ഒരു ട്രക്ക് കടന്നുപോകുന്നതിന് തുല്യമായിരിക്കും.

- 4 മുതല്‍ 4.9 വരെ റിക്ടര്‍ സ്‌കെയിലില്‍ ഭൂകമ്പം ഉണ്ടായാല്‍ ജനല്‍ച്ചില്ലുകള്‍ തകരും. ഭിത്തിയില്‍ തൂങ്ങിക്കിടക്കുന്ന ഫ്രെയിമുകള്‍ താഴെ വീണേക്കാം.

- 5 മുതല്‍ 5.9 വരെ റിക്ടര്‍ സ്‌കെയിലില്‍ ഭൂകമ്പം ഉണ്ടാകുമ്പോള്‍ ഫര്‍ണിച്ചറുകള്‍ അടക്കം കുലുങ്ങാം.

- 6 മുതല്‍ 6.9 വരെ റിക്ടര്‍ സ്‌കെയിലില്‍ ഭൂചലനം ഉണ്ടായാല്‍ കെട്ടിടങ്ങളുടെ അടിത്തറ പൊട്ടാം. മുകളിലത്തെ നിലകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചേക്കാം.

Post a Comment

Previous Post Next Post