ഗസ്സയിൽ 12,500 ഇസ്രായേലി സൈനികർക്ക് അംഗവൈകല്യം സംഭവിച്ചു; റിപ്പോർട്ട് പുറത്ത് 2024

(www.kl14onlinenews.com)
(05-JAN-2024)

ഗസ്സയിൽ 12,500 ഇസ്രായേലി സൈനികർക്ക് അംഗവൈകല്യം സംഭവിച്ചു; റിപ്പോർട്ട് പുറത്ത്

ഗസ്സയിൽ അധിനിവേശം നടത്തുന്നതിനിടെ 12,500ത്തിലേറെ ഇസ്രായേലി സൈനികർക്ക് അംഗവൈകല്യം സംഭവിച്ചതായി റിപ്പോർട്ട്. അൽ ജസീറ, അൽമയാദീൻ.നെറ്റ് എന്നിവയടക്കമുള്ള മാധ്യമങ്ങളാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. ഇസ്രായേലി യെനെറ്റ് ന്യൂസ് വെബ്‌സൈറ്റിനെ ഉദ്ധരിച്ചാണ് അൽമയാദീൻ റിപ്പോർട്ട്.

ഒക്‌ടോബർ ഏഴിന് ഹമാസ് അൽ അഖ്‌സ ഫ്‌ളഡ് ഓപ്പറേഷൻ നടത്തിയ ശേഷം ആദ്യം വ്യോമാക്രമണവും പിന്നീട് കരയുദ്ധവുമാണ് ഇസ്രായേൽ ഗസ്സയിൽ നടത്തുന്നത്. ഇതിനിടെ നിരവധി ഇസ്രായേലി സൈനികർ കൊല്ലപ്പെടുകയും അനവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.

അധിനിവേശത്തിനിടെ പരിക്കേറ്റ ഇസ്രായേൽ സൈനികരുടെ എണ്ണം 20 ശതമാനത്തിലധികം വർദ്ധിക്കുമെന്ന് സുരക്ഷാ മന്ത്രാലയത്തിന്റെ പുനരധിവാസ വിഭാഗത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞതായി യെനെറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കി. ഒക്ടോബർ ഏഴ് മുതൽ പരിക്കേറ്റ സൈനികരുടെ ഔദ്യോഗിക കണക്ക് ഏകദേശം 2,300 ആണ്. എന്നാൽ ഇസ്രായേൽ മറച്ചുവെച്ച, തങ്ങൾക്കേറ്റ തിരിച്ചടിയിലേക്ക് വെളിച്ചം വീശുന്നതാണ് പുതിയ റിപ്പോർട്ട്.

സുരക്ഷാ മന്ത്രാലയത്തിന്റെ അഭ്യർത്ഥന പ്രകാരം ഒരു സ്വതന്ത്ര കമ്പനി അംഗവൈകല്യം സംഭവിച്ചവരുടെ എണ്ണം കണക്കാക്കിയതായും ഏകദേശം 12,500 സൈനികരെ വികലാംഗരായി നിയമപരമായി അംഗീകരിക്കേണ്ടി വരുമെന്ന് പഠനം കണ്ടെത്തിയതായും വാർത്തയിൽ പറഞ്ഞു. അംഗവൈകല്യം സംഭവിച്ചവരുടെ എണ്ണം 20,000 എത്താനിടയുണ്ടെന്നും ചൂണ്ടിക്കാട്ടി. ഇതുണ്ടാക്കുന്ന ഭാരിച്ച സാമൂഹിക സാമ്പത്തിക ചെലവുകളും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. നിലവിൽ, പുനരധിവാസ വിഭാഗം 60,000 വികലാംഗരായ ഇസ്രായേലി സൈനികർക്കാണ് പരിഗണന നൽകുന്നത്. ഇനി ഈ ഗണത്തിൽപ്പെടുന്നവരുടെ എണ്ണത്തിൽ 20.83% വർദ്ധനവ് അനുഭവപ്പെടും. ഒക്ടോബർ ഏഴ് മുതൽ ഇതുവരെ 3,400 സൈനികരെ വികലാംഗരായി അംഗീകരിച്ചിട്ടുണ്ട്.

പുതുതായി ആയിരക്കണക്കിന് പേർ വരുന്നത് മന്ത്രാലയത്തിന് കൂടുതൽ ബാധ്യത നൽകും. മെഡിക്കൽ ഉപകരണങ്ങൾ, വർദ്ധിച്ച മെഡിക്കൽ സ്റ്റാഫ് എന്നിവ മുഖേന അധിക ചെലവുകളുമുണ്ടാകും. ഇതിനായി അധിക ബജറ്റും വകയിരുത്തേണ്ടി വരും.

നിലവിൽ ഇസ്രായേൽ പക്ഷത്ത് 509 പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് ഫലസ്തീൻ പ്രതിരോധ ഭരണകൂടം പറയുന്നത്. ഇസ്രായേലിനുണ്ടായെന്ന് ഇവർ പറയുന്ന നാശനഷ്ടങ്ങളെ അടിവരയിടുന്നതാണ് യെനെറ്റ് റിപ്പോർട്ട്. ഗസ്സ, വെസ്റ്റ് ബാങ്ക്, ലെബനോൻ എന്നിവിടങ്ങളിൽ ഇസ്രായേൽ അതിക്രമം തുടരവേ തിരിച്ചടികളും നേരിടുന്നതായാണ് ഇത് തെളിയിക്കുന്നത്. സാമ്പത്തിക മാന്ദ്യം, അധിനിവേശ കേന്ദ്രങ്ങളിൽ നിന്നുള്ള മടക്കം, ആഭ്യന്തര രാഷ്ട്രീയ തർക്കം തുടങ്ങിയവയും ഇസ്രായേൽ ഭരണകൂടത്തിന് വെല്ലുവിളി ഉയർത്തുകയാണ്.

അതേസമയം, 91ാം ദിവസത്തിലേക്ക് കടന്ന ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ ഇതുവരെ 22,438 പേരാണ് കൊല്ലപ്പെട്ടത്. 57,614 പേർക്ക് പരിക്കേറ്റു.

Post a Comment

Previous Post Next Post