(www.kl14onlinenews.com)
(14-JAN-2024)
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന രണ്ടാം ജോഡോ യാത്രയായ ഭാരത് ജോഡോ ന്യായ് യാത്രക്ക് ഇന്ന് തുടക്കം. 12.30 ന് തൗബാൽ ജില്ലയിലെ ഖോങ്‌ജോമിൽ നിന്നാണ് യാത്ര ആരംഭിക്കുക. പൊതുസമ്മേളനത്തിനുശേഷം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ യാത്ര ഫ്ളാഗ് ഓഫ് ചെയ്യും. പതിനൊന്നു മണിക്ക് ഇംഫാലിൽ എത്തുന്ന രാഹുൽ ഗാന്ധി മൊയ്റാങ്ങിലെ യുദ്ധസ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് തൗബാലിലെത്തുക.മണിപ്പൂരിലെ (Manipur) തൗബാലിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. 67 ദിവസത്തിനുള്ളിൽ 15 സംസ്ഥാനങ്ങളിലൂടെയുള്ള യാത്ര 100 ലോക്‌സഭാ സീറ്റുകളിലൂടെ കടന്നുപോകും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് (Lok Sabha elections) മാസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ഇന്ന് ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിക്കുന്നത്. 110 ജില്ലകളിലൂടെ 67 ദിവസങ്ങളിലായി കടന്നുപോകുന്ന യാത്ര 6,700 കിലോമീറ്റർ ആണ് താണ്ടുന്നത്. വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ നിന്ന് ആരംഭിക്കുന്ന യാത്ര മാർച്ച് 20ന് മഹാരാഷ്ട്രയിൽ സമാപിക്കും.
രാഹുൽ ഗാന്ധി നയിക്കുന്ന യാത്ര പ്രത്യയശാസ്ത്രപരമാണെന്നും തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചല്ലെന്നുമാണ് കോൺഗ്രസിന്റെ വാദം. മറിച്ച് 10 വർഷത്തെ നരേന്ദ്ര മോദി സർക്കാരിന്റെ ആന്യായത്തിനെതിരെയാണ് യാത്ര നടത്തുന്നതെന്നും കോൺഗ്രസ് പറയുന്നു. യാത്രയുടെ പ്രധാന ശ്രദ്ധാകേന്ദ്രം ഉത്തർപ്രദേശാണ്. ജാർഖണ്ഡിലും അസമിലും എട്ട് ദിവസം നീണ്ടുനിൽക്കുന്ന യാത്ര മധ്യപ്രദേശിൽ ഏഴ് ദിവസം തുടരും. ഉത്തർപ്രദേശിൽ, റായ്ബറേലിയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വരാണസിയിലും അമേഠി ഉൾപ്പെടെയുള്ള രാഷ്ട്രീയ സുപ്രധാന മേഖലകളിലൂടെ യാത്ര കടന്നുപോകും.
ബിഹാറിലെ ഏഴ് ജില്ലകളിലും ഝാർഖണ്ഡിലെ 13 ജില്ലകളിലും രാഹുൽ ഗാന്ധിയുടെ മാർച്ച് യഥാക്രമം 425 കിലോമീറ്ററും 804 കിലോമീറ്ററും പിന്നിടും. ഇംഫാലിലെ ഹപ്ത കാങ്‌ജെയ്ബുങ്ങിൽ നിന്ന് ആരംഭിക്കാനാണ് നേരത്തെ പദ്ധതിയിട്ടിരുന്നത്. റാലി ആരംഭിക്കുന്നതിന് മുമ്പ് പങ്കെടുക്കുന്നവരുടെ പേരുകൾ മുൻകൂട്ടി നൽകണമെന്നും ഫ്‌ളാഗ് ഓഫിന് നിയന്ത്രിത എണ്ണം പ്രവർത്തകർ മാത്രമേ പങ്കെടുക്കാവൂ തുടങ്ങിയ ഉപാധികൾ മുന്നോട്ട് വെച്ചാണ് സർക്കാർ അനുമതി നൽകിയത്. എന്നാൽ പിന്നീട് ഇംഫാലിലെ പാലസ് ഗ്രൗണ്ടിൽ നിന്ന് യാത്ര ഫ്ലാഗ് ഓഫ് ചെയ്യാൻ കോൺഗ്രസ് തീരുമാനിച്ചു.
യാത്ര ആരംഭിക്കുന്നതിന് മുമ്പ്, 1891 ലെ അവസാന ആംഗ്ലോ-മണിപ്പൂർ യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ സ്മരണയ്ക്കായി നിർമ്മിച്ച തൗബാലിലെ ഖോങ്‌ജോം യുദ്ധ സ്മാരകത്തിൽ രാഹുൽ ഗാന്ധി ആദരാഞ്ജലി അർപ്പിക്കും. മണിപ്പൂരിൽ നിന്ന് ആരംഭിക്കുന്ന യാത്ര അസമിലേക്കാണ് പിന്നീട് നീങ്ങുക. തുടർന്ന് പശ്ചിമ ബംഗാൾ, ബിഹാർ, ജാർഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്ക് യാത്ര നീങ്ങും. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും പാർട്ടിയുടെ ഉന്നത നേതാക്കളുടെയും സാന്നിധ്യത്തിൽ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ യാത്ര ഫ്ലാഗ് ഓഫ് ചെയ്യും. അടുത്തിടെ യാത്ര'യുടെ ലോഗോയും ടാഗ്‌ലൈനും കോൺഗ്രസ് പ്രകാശനം ചെയ്തിരുന്നു. 'ന്യായ് യാത്ര’ രാജ്യത്തിന്റെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും.
രാഹുൽ ഒരു ദിവസം 5 കിലോ മീറ്ററോളം പദയാത്ര നടത്തും. മണിപ്പൂരിലെ നാല് ജില്ലകളിലൂടെ 107 കിലോ മീറ്ററാണ് യാത്ര പിന്നിടുക. 15 സംസ്ഥാനങ്ങളിലെ 100 ലോക്‌സഭ മണ്ഡലങ്ങളിലൂടെ 6713 കിലോമീറ്റർ പിന്നിട്ടു യാത്ര മാർച്ച് 20 ന് മുംബൈയിലാണ് സമാപിക്കുക.
Post a Comment