പൂട്ടിയിട്ട വീട്ടില്‍ ഒരു കുടുംബത്തിലെ 5 പേരുടെ അസ്ഥികൂടങ്ങള്‍ ; ഇവരെ അവസാനമായി കണ്ടത് 2019 ജൂലൈയില്‍

(www.kl14onlinenews.com)
(30-DEC-2023)

പൂട്ടിയിട്ട വീട്ടില്‍ ഒരു കുടുംബത്തിലെ 5 പേരുടെ അസ്ഥികൂടങ്ങള്‍ ; ഇവരെ അവസാനമായി കണ്ടത് 2019 ജൂലൈയില്‍
ബെംഗളൂരു: കര്‍ണാടകയില്‍ പൂട്ടിയിട്ട വീട്ടിനുള്ളില്‍ ഒരു കുടുംബത്തിലെ 5 പേരുടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തി. ജഗന്നാഥ് റെഡ്ഡി (85), ഭാര്യ പ്രേമ (80), മക്കളായ ത്രിവേണി (62), കൃഷ്ണ (60), നരേന്ദ്ര (57) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. അഞ്ചുപേരെയും അവസാനമായി കണ്ടത് 2019 ജൂലൈയിലാണ്. ഏറെ നാളായി അവരുടെ വീട് പൂട്ടിയിട്ടിരിക്കുന്ന അവസ്ഥയിലായിരുന്നു.

തീര്‍ത്തും ഒറ്റപ്പെട്ട ജീവിതമാണ് കുടുംബം നയിച്ചിരുന്നതെന്നും കടുത്ത ആരോഗ്യപ്രശ്‌നങ്ങളാല്‍ അവര്‍ ബുദ്ധിമുട്ടിയിരുന്നുവെന്നും ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍, നാല് അസ്ഥികൂടങ്ങള്‍ ഒരു മുറിയിലും ഒരെണ്ണം മറ്റൊരു മുറിയിലുമായിരുന്നു. ഒരു മുറിയിലുണ്ടായിരുന്ന അസ്ഥികൂടങ്ങളില്‍ രണ്ടെണ്ണം കട്ടിലിലും രണ്ടെണ്ണം നിലത്തുമായിരുന്നു കാണപ്പെട്ടത്. ദേവന്‍ഗെരെയില്‍ നിന്നുള്ള ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ടീം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

ബന്ധുക്കളുടെയും പരിചയക്കാരുടെയും മൊഴി അനുസരിച്ച് പ്രായമായ ദമ്പതികളും, അവരുടെ പ്രായമായ മകനും, മകളും, ചെറുമകനും ആണ് മരിച്ചത്. എന്നാല്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നതിന് ശേഷമേ മരിച്ചവരുടെ പേരുവിവരം സ്ഥിരീകരിക്കാനാകൂ. കേസില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

Post a Comment

Previous Post Next Post