എഎഫ്‌സി ഏഷ്യൻ കപ്പിന് 42 ദിനങ്ങൾ: ഔദ്യോഗിക ചിഹ്നം പ്രകാശനം നാളെ; പ്രവേശനം സൗജന്യം

(www.kl14onlinenews.com)
(30-NOV-2023)

എഎഫ്‌സി ഏഷ്യൻ കപ്പിന് 42 ദിനങ്ങൾ: ഔദ്യോഗിക ചിഹ്നം പ്രകാശനം നാളെ; പ്രവേശനം സൗജന്യം
ദോഹ : എഎഫ്‌സി ഏഷ്യൻ കപ്പ് ഖത്തറിന്റെ ഔദ്യോഗിക കായിക ചിഹ്നം നാളെ ദോഹയിൽ പ്രകാശനം ചെയ്യും. ചടങ്ങിലേക്ക് പൊതുജനങ്ങൾക്കും ക്ഷണം. വൈകിട്ട് 6.30ന് മിഷെറിബ് ഡൗൺ ടൗൺ ദോഹയിലെ ബരാഹത്ത് മിഷെറീബിൽ നടക്കുന്ന ചടങ്ങിൽ ആരാധകർക്കും പങ്കെടുക്കാം. പ്രവേശനം സൗജന്യം.

അടുത്ത ജനുവരിയിൽ നടക്കുന്ന ടൂർണമെന്റിലേയ്ക്കുള്ള സുപ്രധാന ചുവടുവയ്പാണിതെന്ന് ഏഷ്യൻ കപ്പ് പ്രാദേശിക സംഘാടക കമ്മിറ്റി മാർക്കറ്റിങ്-കമ്യൂണിക്കേഷൻസ് എക്‌സിക്യൂട്ടിവ് ഡയറക്ടർ ഹസൻ അൽ ഖുവാരി വ്യക്തമാക്കി. ആരാധകരും ടൂർണമെന്റും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുകയാണ് ഔദ്യോഗിക കായിക ചിഹ്നത്തിന്റെ ചുമതല.

ടൂർണമെന്റിലേക്ക് ഇനി 42 ദിവസം മാത്രമാണുള്ളത്. 1988, 2011 വർഷങ്ങൾക്ക് ശേഷം ഇതു മൂന്നാം തവണയാണ് എഎഫ്‌സി ഏഷ്യൻ കപ്പിന് ഖത്തർ ആതിഥേയത്വം വഹിക്കുന്നത്.

നിലവിലെ ചാംപ്യന്മാർ കൂടിയാണ് ഖത്തർ. ആറാമത് എഎഫ്‌സി അണ്ടർ 23 ഏഷ്യൻ കപ്പും അടുത്ത വർഷം ഏപ്രിൽ 15 മുതൽ മേയ് 3 വരെ ദോഹയിലാണ് നടക്കുക. ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെയാണ് എഎഫ്‌സി ഏഷ്യൻ കപ്പ്. 9 സ്റ്റേഡിയങ്ങളിലായി 51 മത്സരങ്ങളാണ് നടക്കുക. ഇന്ത്യ ഉൾപ്പെടെ 24 ടീമുകൾ മത്സരിക്കും.

ടൂർണമെന്റിന്റെ രണ്ടാം ഘട്ട ടിക്കറ്റ് വിൽപനയാണ് നിലവിൽ പുരോഗമിക്കുന്നത്. ഇതിനകം 2 ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റു. 25 റിയാൽ മുതലാണ് നിരക്ക്. ടിക്കറ്റിന്റെ വരുമാനം പലസ്തീൻ ജനതയ്ക്ക് സംഭാവന ചെയ്യുമെന്ന് പ്രാദേശിക സംഘാടകർ പ്രഖ്യാപിച്ചു. ടിക്കറ്റുകൾക്ക്: https://asiancup2023.qa/en

Post a Comment

Previous Post Next Post