ഖത്തറിൽ ഇന്ത്യൻ നാവികർക്ക് 3 മുതൽ 25 വർഷം വരെ തടവ്, ഏറ്റവും കുറഞ്ഞ ശിക്ഷ മലയാളിക്ക്

(www.kl14onlinenews.com)
(29-DEC-2023)

ഖത്തറിൽ ഇന്ത്യൻ നാവികർക്ക് 3 മുതൽ 25 വർഷം വരെ തടവ്, ഏറ്റവും കുറഞ്ഞ ശിക്ഷ മലയാളിക്ക്
ദോഹ :
ഖത്തറിലെ അപ്പീൽ കോടതി കഴിഞ്ഞ ദിവസം വധശിക്ഷയിൽ നിന്നും ഇളവ് നൽകിയ എട്ട് മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥർക്ക് 3 മുതൽ 25 വർഷം വരെ തടവ് ശിക്ഷ. നേരത്തെ പ്രഖ്യാപിച്ചിരുന്ന വധശിക്ഷ മൂന്ന് വർഷം മുതൽ 25 വർഷം വരെ തടവ് ശിക്ഷയായാണ് ഇളവ് ചെയ്തിരിക്കുന്നത്. ഏഴ് മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥരും ഒരു നാവികനുമാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്നത്. ഇവരിൽ ഒരാൾക്ക് ഇപ്പോൾ 25 വർഷം തടവും നാല് പേർക്ക് 15 വർഷം തടവും രണ്ട് പേർക്ക് 10 വർഷവും ഒരാൾക്ക് മൂന്ന് വർഷം തടവുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

പുറത്ത് വന്ന റിപ്പോർട്ടുകൾ പ്രകാരം എട്ട് പേരിൽ ഒരേയൊരു നാവികന് മാത്രമാണ് ഏറ്റവും കുറഞ്ഞ ശിക്ഷ ലഭിച്ചിരിക്കുന്നത്. മലയാളിയായ നാവികൻ രാഗേഷ് ഗോപകുമാറിനാണ് 3 വർഷം തടവ് ശിക്ഷ ഖത്തർ കോടതി വിധിച്ചത്. എട്ട് പേരടങ്ങുന്ന സംഘത്തിലെ ഏക നാവികനാണ് തിരുവനന്തപുരം സ്വദേശി രാഗേഷ്, മറ്റ് ഏഴ് പേരും നാവികസേനാ ഉദ്യാഗസ്ഥരാണ്. ദഹ്‌റ ഗ്ലോബലിന്റെ മാനേജിംഗ് ഡയറക്ടറായി സേവനമനുഷ്ഠിച്ച ഉദ്യോഗസ്ഥനാണ് ഏറ്റവും കഠിനമായ ശിക്ഷ ലഭിച്ചിരിക്കുന്നത്.

എന്നാൽ വിധിയുടെ കൂടുതൽ വിശദാംശങ്ങൾ ഔദ്യോഗികമായി ലഭിക്കുന്നതുവരെ അഭിപ്രായം പറയുന്നില്ല എന്നതായിരുന്നു.എട്ട് മുൻ നാവിക ഉദ്യോഗസ്ഥരുടെ വധശിക്ഷ ഇളവ് ചെയ്ത വിധിയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായിവിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചിയുടെ പ്രതികരണം സംഭവത്തിന്റെ ഗുരുതര സ്വഭാവം കണക്കിലെടുത്ത്വിദഗ്ദമായ നിയമോപദേശവും കൃത്യമായ പഠനവും ആവശ്യമാണ്. നിയമ വിദഗ്ധരുമായും ഉദ്യോഗസ്ഥരുടെകുടുംബാംഗങ്ങളുമായും ആലോചിച്ച് സാധ്യമായ അടുത്ത നടപടികളിലേക്ക് കടക്കുമെന്നും ബാഗ്ചി വ്യക്തമാക്കി.

വെള്ളിയാഴ്ചയും ശനിയാഴ്ചയും ഖത്തറിൽ പ്രവൃത്തി ദിവസമല്ലാത്തതിനാൽ, അടുത്ത ആഴ്‌ചയോടെ വിധിയുടെ വിവരങ്ങളിൽ കൂടുതൽ വ്യക്തതയുണ്ടാകുമെന്നാണ് വിവരം. ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾ ഇതിന് ശേഷം അപ്പീലുമായി മുന്നോട്ട് പോകും.

തടവിലുള്ളവർ 56 വയസ്സിന് മുകളിലുള്ളവരാണെന്നും അവരുടെ ആരോഗ്യനില തൃപ്തികരമല്ലെന്നും തടവിലുള്ളവരുടെ ബന്ധുക്കൾ പറയുന്നു. ഇത് കൂടി കണക്കിലെടുത്താവും എത്രയും പെട്ടെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായത്തോടെ അപ്പീലുമായി മുന്നോട്ടുപോകാനുമാണ് കുടുംബങ്ങളുടെ തീരുമാനമെന്നാണ് സൂചന. തടവിലാക്കപ്പെട്ടവരിൽ ചിലരുമായി കുടുംബാംഗങ്ങൾക്ക് സംസാരിക്കാൻ കഴിഞ്ഞതായാണ് വിവരം.

കേസിൽ ഇതുവരെ ആറ് അപ്പീൽ ഹിയറിംഗുകളാണ് നടന്നിരിക്കുന്നത്. മൂന്ന് അപ്പീൽ കോടതിയിലും മൂന്ന് കീഴ്‌ക്കോടതിയിലുമായാണ് ഹിയറിങ്ങുകൾ നടന്നത്. ശിക്ഷിക്കപ്പെട്ടവരെ ഇന്ത്യയിലേക്ക് മാറ്റുന്നതിന് ഖത്തറുമായുള്ള ഇന്ത്യയുടെ 2015-ലെ കരാർ പ്രകാരമുള്ള എല്ലാ നിയമപരമായ വഴികളും തേടുമെന്നും ബന്ധുക്കൾ പറഞ്ഞു. എന്നാൽ ആ കാര്യത്തിൽ കൂടുതൽ വ്യക്തതയും നിയമപരമായ ഉപദേശവും ആവശ്യമാണെന്നാണ് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പ്രതികരിച്ചത്.

ഇസ്രായേലിന് വേണ്ടി ചാരവൃത്തി നടത്തിയെന്ന കുറ്റം ആരോപിച്ചാണ് ദോഹ ആസ്ഥാനമായുള്ള ദഹ്‌റ ഗ്ലോബലിലെ ഇന്ത്യൻ പൗരൻമാരുൾപ്പെടെ എല്ലാ ജീവനക്കാരെയും 2022 ഓഗസ്റ്റിൽ കസ്റ്റഡിയിലെടുത്തത്. എന്നാൽ ഇവർക്കെതിരായ കുറ്റങ്ങൾ പരസ്യപ്പെടുത്താൻ ഖത്തർ അധികൃതർ തയ്യാറായിരുന്നില്ല. ഈ കേസിലാണ് ഇപ്പോൾ ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ത്, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ സഞ്ജീവ് ഗുപ്ത, നാവികനായ രാഗേഷ് ഗോപകുമാർ എന്നിവർ ശിക്ഷിക്കപ്പെട്ടിരിക്കുന്നത്.എട്ടംഗ ഇന്ത്യൻ സംഘത്തിലെ ഏക സെയിലറാണ് തിരുവനന്തപുരം സ്വദേശിയായ രാഗേഷ് ഗോപകുമാർ.

Post a Comment

Previous Post Next Post