ഖത്തറില്‍ മലയാളി ഉള്‍പ്പടെയുള്ള മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥരുടെ വധശിക്ഷ റദ്ദാക്കി

(www.kl14onlinenews.com)
(28-DEC-2023)

ഖത്തറില്‍ മലയാളി ഉള്‍പ്പടെയുള്ള മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥരുടെ വധശിക്ഷ റദ്ദാക്കി
ഡൽഹി: ഇന്ത്യയുടെ എട്ട് മുൻ നാവികസേനാ ഉദ്യോഗസ്ഥർക്കുള്ള വധശിക്ഷ (ഇതില്‍ തിരുവനന്തപുരം സ്വദേശിയായ മലയാളി നാവികനും ഉള്‍പ്പെടും) ഖത്തർ കോടതി ഇളവ് ചെയ്തു. കുറ്റാരോപിതരായ എട്ട് മുൻ നാവിക ഉദ്യോഗസ്ഥരുടെ ശിക്ഷയിൽ ഇളവ് ലഭിച്ചതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. കോടതി ഉത്തരവിന്റെ വിശദാംശങ്ങൾ ലഭിക്കുന്നതിനായി കാത്തിരിക്കുകയാണെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ദഹ്‌റ ഗ്ലോബൽ കേസിലാണ് ഖത്തറിലെ അപ്പീൽ കോടതിയുടെ ശ്രദ്ധേയമായ വിധി.

ഇസ്രായേലിന് വേണ്ടി ചാരവൃത്തി നടത്തിയെന്ന ആരോപണം

ഇസ്രായേലിന് വേണ്ടി ചാരവൃത്തി നടത്തിയെന്ന കുറ്റം ആരോപിച്ചാണ് ദോഹ ആസ്ഥാനമായുള്ള ദഹ്‌റ ഗ്ലോബലിലെ ഇന്ത്യൻ പൗരൻമാരുൾപ്പെടെ എല്ലാ ജീവനക്കാരെയും 2022 ഓഗസ്റ്റിൽ കസ്റ്റഡിയിലെടുത്തത്. എന്നാൽ ഇവർക്കെതിരായ കുറ്റങ്ങൾ പരസ്യപ്പെടുത്താൻ ഖത്തർ അധികൃതർ തയ്യാറായിരുന്നില്ല. ഈ കേസിലാണ് ഇപ്പോൾ കുറ്റാരോപിതരായ എട്ട് ഇന്ത്യക്കാരുട ശിക്ഷയിൽ ഇളവ് വരുത്തുയിരിക്കുന്നത്. എട്ടംഗ ഇന്ത്യൻ സംഘത്തിൽ തിരുവനന്തപുരം സ്വദേശിയായ രാഗേഷ് ഗോപകുമാറും ഉൾപ്പെടും.

ഖത്തറിലെ ഇന്ത്യൻ അംബാസഡറും മറ്റ് ഉദ്യോഗസ്ഥരും കുടുംബാംഗങ്ങൾക്കൊപ്പം അപ്പീൽ കോടതിയിൽ ഹാജരായി. തുടർ നടപടികളുമായി മുന്നോട്ടുപോകുമെന്നും എല്ലാ കോൺസുലാർ, നിയമ സഹായവും തുടർന്നും നൽകുമെന്നും വിധി പുറത്തുവന്നശേഷം ഇന്ത്യൻ എംബസി അധികൃതർ പ്രതികരിച്ചു. കേസിന്റെ നടപടികളുടെ രഹസ്യ സ്വഭാവം കണക്കിലെടുത്ത് കൂടുതൽ അഭിപ്രായം പറയുന്നില്ലെന്നും അവർ വ്യക്തമാക്കി.

വധശിക്ഷയ്‌ക്കെതിരെ ഇന്ത്യൻ സർക്കാർ അപ്പീൽ നൽകിയതിന് ആഴ്ചകൾക്ക് ശേഷമാണ് ശിക്ഷയിൽ ഇളവ് നൽകിക്കൊണ്ടുള്ള ഉത്തരവ് വന്നിരിക്കുന്നത്. നവംബർ അവസാന വാരമാണ് ഖത്തറിലെ അപ്പീൽ കോടതി ഹർജി സ്വീകരിച്ചത്.

Post a Comment

Previous Post Next Post