നവകേരള സദസ്സിന് സുരക്ഷ ഒരുക്കിയ പൊലീസുകാര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നൽകൽ, മുഖ്യമന്ത്രിയുടെ ക്രൂരമായ പരിഹാസം: വിഡി സതീശന്‍

(www.kl14onlinenews.com)
(26-DEC-2023)

നവകേരള സദസ്സിന് സുരക്ഷ ഒരുക്കിയ പൊലീസുകാര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നൽകൽ, മുഖ്യമന്ത്രിയുടെ ക്രൂരമായ പരിഹാസം: വിഡി സതീശന്‍
കോഴിക്കോട്: നവ കേരള സദസ്സില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് 'ഗുഡ് സര്‍വ്വീസ് എന്‍ട്രി' കൊടുക്കാനുള്ള തീരുമാനം അപലപനീയമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രതിപക്ഷ സമരത്തോടുള്ള അസഹിഷ്ണുതയാണ് ഇതിലൂടെ വ്യക്തമാവുന്നത്. ഗുണ്ടകളുടെ അകമ്പടിയോടെയാണ് മുഖ്യമന്ത്രി യാത്ര ചെയ്തതെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു.

ഗുഡ് സര്‍വ്വീസ് എന്‍ട്രി കൊടുക്കാനുള്ള തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം. ബിജെപിയുമായി പരസ്പര സഹകരണത്തിലാണ് മുഖ്യമന്ത്രിയെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

നവകേരള യാത്രയുടെ ഔട്ട്കം എന്താണെന്ന് മുഖ്യമന്ത്രി പറയണം. ഏത് പ്രശ്‌നമാണ് പരിഹരിച്ചത് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. നാട് മുടിപ്പിക്കാനായിരുന്നു ഈ യാത്ര. ഏറ്റവും വലിയ അഴിമതിയാണ് നവകേരള യാത്രയുടെ മറവില്‍ നടന്നത്. കാപ്പ പ്രകാരം ജയിലില്‍ അടക്കേണ്ടവരാണ് മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കിയത്. നിഴലിനെ പോലും പേടിയുള്ള ഏറ്റവും വലിയ ഭീരുവാണ് മുഖ്യമന്ത്രി എന്നും വി ഡി സതീശന്‍ പറഞ്ഞു. വിമര്‍ശിക്കുന്നവരെ ഭയപ്പെടുത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഉപജാപക സംഘത്തിന്റെ പിടിയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് എന്നും വി ഡി സതീശന്‍ ആവര്‍ത്തിച്ചു.

ബിജെപി നേതാക്കള്‍ ക്രിസ്ത്യന്‍ സഹോദരന്മാരെ തേടി കേക്കുമായി ഇറങ്ങിയത് പ്രത്യേകം ലക്ഷ്യംവെച്ചാണെന്നും വി ഡി സതീശന്‍ ആരോപിച്ചു. ആട്ടിന്‍ തോല്‍ അണിഞ്ഞ ചെന്നായയാണ് അവര്‍ എന്ന തിരിച്ചറിവ് ക്രിസ്ത്യന്‍ പുരോഹിതന്മാര്‍ക്ക് ഉണ്ടാകണമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

Post a Comment

Previous Post Next Post