'ഇടതുപക്ഷ ഐക്യത്തിന്റെ ശക്തിസ്തംഭങ്ങളില്‍ ഒന്ന്'; കാനത്തിന്റെ വിയോഗം ഞെട്ടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി

(www.kl14onlinenews.com)
(09-DEC-2023)

'ഇടതുപക്ഷ ഐക്യത്തിന്റെ ശക്തിസ്തംഭങ്ങളില്‍ ഒന്ന്'; കാനത്തിന്റെ വിയോഗം ഞെട്ടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി
കൊച്ചി: കൊച്ചി: ഇടതുപക്ഷ ഐക്യത്തിന്റെ ശക്തിസ്തംഭങ്ങളില്‍ ഒന്നായിരുന്നു കാനം രാജേന്ദ്രനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാനത്തിന്റെ വിയോഗം ഞെട്ടിപ്പിക്കുന്നതാണ്. ഇടതുപക്ഷ മതേതര ഐക്യം ഏറ്റവും അധികം ആവശ്യമുള്ള ഘട്ടത്തിലാണ് അദ്ദേഹത്തിന്റെ വിയോഗമെന്നത് അതിന്റെ തീവ്രത വര്‍ധിപ്പിക്കുന്നു. അദ്ദേഹത്തിന്റെ വിയോഗം വലിയ നഷ്ടമാണെന്നും മുഖ്യമന്ത്രി കൊച്ചിയിൽ നവകേരള സദസ്സിനിടെ പറഞ്ഞു.
‘‘സഖാവ് കാനത്തിന്റെ വിയോഗം ഞെട്ടിക്കുന്നതാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിൽ, തൊഴിലാളി വർഗ ഐക്യത്തെ ബലപ്പെടുത്തുന്നതിൽ, ജനാധിപത്യ പ്രസ്ഥാനങ്ങളെ പരിരക്ഷിക്കുന്നതിൽ, മതനിരപേക്ഷ മൂല്യങ്ങൾ കാത്തു രക്ഷിക്കുന്നതിൽ ഒക്കെ സമാനതകളില്ലാത്ത സംഭാവനകളാണ് കാനം രാജേന്ദ്രൻ നൽകിയത്.

വിദ്യാർഥി സംഘടനാ പ്രവർത്തനത്തിലൂടെ ഉയർന്നുവന്ന കേരളത്തിന്റെ അനിഷേധ്യ നേതാക്കളിൽ ഒരാളായ കാനം എന്നും നിസ്വജനപക്ഷത്തിന്റെ ശക്തിയും ശബ്ദവുമായി നിന്നു. കരുത്തനായ ട്രേഡ് യൂണിയൻ നേതാവ് എന്ന നിലയിൽ തൊഴിലാളികളുടെ ഐക്യവും അവരുടെ പൊതുവായ ആവശ്യങ്ങളും ഉയർത്തിപ്പിടിക്കുന്നതിൽ എന്നും ശ്രദ്ധിച്ച നേതാവാണ് കാനം. വിദ്യാർഥി യുവജന തൊഴിലാളി മുന്നേറ്റങ്ങളുടെ മുൻനിരയിൽ പല ഘട്ടങ്ങളിൽ ഉണ്ടായിരുന്നതിന്റെ അനുഭവസമ്പത്ത് സിപിഐ സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ പ്രവർത്തിക്കുന്നതിന് വലിയ അടിത്തറയൊരുക്കി.

നിയമസഭയിൽ അംഗമായിരുന്ന കാലയളവിൽ ജനജീവിതത്തിന്റെ നീറുന്ന പ്രശ്‌നങ്ങളെ എല്ലാ ഗൗരവത്തോടെയും അദ്ദേഹം സഭയിൽ അവതരിപ്പിച്ചിരുന്നു. ശ്രദ്ധേയനായ നിയമസഭാ സാമാജികൻ, കരുത്തനായ സംഘാടകൻ, മികച്ച വാഗ്മി, പാർട്ടി പ്രചാരകൻ എന്നിങ്ങനെ വിവിധ തലങ്ങളിൽ ശ്രദ്ധേയനായിരുന്നു അദ്ദേഹം. സിപിഐ, സിപിഎം ബന്ധം ദൃഢമാക്കുന്നതിലും അദ്ദേഹമെന്നും ശ്രദ്ധവെച്ചു. മനസിനോട് വളരെയേറെ ചേർന്നുനിന്ന സുഹൃത്തും സഖാവും ആയിരുന്നു കാനം എന്നു മാത്രം പറയട്ടെ. ഇടതുപക്ഷത്തിന്റെ എന്നല്ല കേരളത്തിന്റെ പൊതുവായ നഷ്ടമാണ് അദ്ദേഹത്തിന്റെ വേർപാട്. നിസ്വാർഥനായ രാഷ്ട്രീയ നേതാവിനെയാണ് കേരളത്തിന് നഷ്ടമായത്. സിപിഐയുടെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ബന്ധുമിത്രാദികളുടെയും ദുഃഖത്തിൽ പങ്കു ചേരുന്നു. കേരള ജനതയുടെയാകെ അനുശോചനം രേഖപ്പെടുത്തുന്നു.’’ – മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി റോഷി അഗസ്റ്റിൻ

അധ്വാന വർഗത്തിന്റെ കഷ്ടതകൾ നേരിൽ കണ്ടു രാഷ്ട്രീയത്തിൽ എത്തിയ വ്യക്തി ആയിരുന്നു കാനം. തൊഴിലാളി വർഗത്തിന്റെ യഥാർത്ഥ പ്രതിനിധി ആയിരുന്നു. രാഷ്ട്രീയത്തിന് അതീതമായി എല്ലാവരുമായും വ്യക്തി ബന്ധം പുലർത്തിയ നേതാവായിരുന്നു. വിവിധ വിഷയങ്ങളിൽ അദ്ദേഹത്തിന്റെ അഭിപ്രായം നേരിൽ ചോദിച്ചു മനസിലാക്കാൻ ശ്രമിച്ചിരുന്നു. ഇടുക്കിയിലെ ഭൂവിഷയങ്ങളിൽ അടക്കം ജനകീയ വിഷയങ്ങളിൽ തോളോട് തോൾ ചേർന്ന് പ്രവർത്തിക്കാൻ കഴിഞ്ഞു.

വർഗീയതയ്‌ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തിയ കാനത്തിന്റെ വിയോഗം തികച്ചും അപ്രതീക്ഷിതം ആണ്. ട്രേഡ് യൂണിയൻ രംഗത്ത് അദ്ദേഹത്തിന്റെ സംഭാവനകൾ എക്കാലവും സ്മരിക്കപ്പെടും. അദ്ദേഹത്തിന്റെ വിയോഗം കേരള രാഷ്‌ടീയത്തിനു നികത്താനാകാത്ത നഷ്ടമാണ്. പ്രിയപ്പെട്ട കാനത്തിന്റെ വിയോഗത്തിൽ അദ്ദേഹത്തിന്റെ കുടുംബാങ്ങങ്ങളുടെയും സഹപ്രവർത്തകരുടെയും വേദനയിൽ പങ്കു ചേരുന്നു.

Post a Comment

Previous Post Next Post