പകുതിയും പണി തീർന്ന് ആറുവരി ദേശീയപാത; ആദ്യ റീച്ചിൽ പൂർത്തിയായത് 1000 കോടിയുടെ പണി

(www.kl14onlinenews.com)
(09-DEC-2023)

പകുതിയും പണി തീർന്ന് ആറുവരി ദേശീയപാത; ആദ്യ റീച്ചിൽ പൂർത്തിയായത് 1000 കോടിയുടെ പണി
കാസർകോട് : ജില്ലയിലെ ദേശീയപാത നിർമാണം പകുതിയിലേറെ പൂർത്തിയായി. ഒന്നാം റീച്ചായ തലപ്പാടി– ചെർക്കളയിൽ 62 ശതമാനവും രണ്ടാം റീച്ചായ ചെർക്കളം– നീലേശ്വരം പാതയിൽ 52 ശതമാനവും പണി പൂർത്തിയായതായി അധികൃതർ അറിയിച്ചു.

ആദ്യ റീച്ചിൽ പൂർത്തിയായത് 1000 കോടിയുടെ പണി

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി കരാർ എടുത്ത തലപ്പാടി–ചെർക്കള റീച്ചിൽ 39 കിലോമീറ്റർ പാത വികസനത്തിന് 1749 കോടി രൂപയാണ് കരാർ തുക. അതിൽ 1000 കോടിയോളം രൂപയുടെ പണി തീർന്നു. പ്രധാന പാത 20 കിലോമീറ്റർ, ഇരുവശങ്ങളിലായി സർവീസ് റോഡ് 50 കിലോമീറ്റർ, വലിയ പാലങ്ങളായ ഉപ്പള, കുമ്പള എന്നിവ 100 ശതമാനം, ഷിറിയ പാലം 80 ശതമാനം, മൊഗ്രാ‍ൽ 75 ശതമാനം, ചെറിയ പാലങ്ങളായ മഞ്ചേശ്വരം 100 ശതമാനം, പൊസോട്ട് 75 ശതമാനം, കുക്കാർ 50 ശതമാനം, എരിയാൽ 75 ശതമാനം എന്നിങ്ങനെ പൂർത്തിയായി.

കാസർകോട് മേൽപാലം

കാസർകോട് നഗരത്തിലെ മേൽപാലത്തിന്റെ തൂണുകളുടെ നിർമാണം മുഴുവനും പൂർത്തിയായി. 30 സ്പാനുകളിൽ 10 എണ്ണം കോൺക്രീറ്റ് കഴിഞ്ഞു. 12 എണ്ണം പുരോഗതിയിലാണ്. ഉപ്പള മേൽപാലം ഒരു ഭാഗം പില്ലർ പണി കഴിഞ്ഞു. ഗർഡർ കാസ്റ്റിങ് നടക്കുന്നുണ്ട്.

പൂർത്തിയായ റോഡിലും പാലങ്ങളിലും ഗതാഗതം

പണി പൂർത്തിയായ റോഡുകളെല്ലാം ഗതാഗതത്തിന് തുറന്നു കൊടുത്തു. കുമ്പള വലിയ പാലം ദേശീയപാത അതോറിറ്റിയുടെ അനുമതി കിട്ടിയാൽ തുറന്നു കൊടുക്കും. ഇതിലൂടെയുള്ള ഗതാഗത പരിശോധന പൂർത്തിയായി. ഉപ്പള പാലം തുറന്നു കൊടുക്കുന്നതിന്റെ മുന്നോടിയായുള്ള പരിശോധന നടക്കാനുണ്ട്. പരിശോധന കഴിയാൻ കാത്തിരിക്കുന്നു. ചെറിയ പാലം എരിയാൽ ഒഴികെ പണി കഴിഞ്ഞ എല്ലാ പാലങ്ങളും തുറന്നു കൊടുത്തു. അടിപ്പാതകളിൽ മഞ്ചേശ്വരം, ആരിക്കാടി, മൊഗ്രാൽ, ചൗക്കി, സിവി‍ൽസ്റ്റേഷൻ ജംങ്ഷൻ ബിസി റോഡ്, സന്തോഷ് നഗർ, നാലാം മൈൽ എന്നിവിടങ്ങളിൽ തുറന്നു കൊടുത്തു.

ഹൊസങ്കടി മേ‍ൽപാതയും ഗതാഗതത്തിനു തുറന്നു കൊടുത്തു. ബന്തിയോട് മേൽപാത, കുമ്പള അടിപ്പാത എന്നിങ്ങനെ വലിയ വാഹനങ്ങൾ കടന്നു പോകുന്നതിനുള്ള നിർമാണം നടന്നു വരുന്നു. അണങ്കൂർ,വിദ്യാനഗർ, ദേശീയപാത അതോറിറ്റിയുടെ അനുമതി ലഭിച്ചാൽ ഉപ്പള കൈക്കമ്പ, നായന്മാർമൂല എന്നിവിടങ്ങളിൽ അടിപ്പാത നിർമാണം നടക്കാനുണ്ട്. കാസർകോട് അടുക്കത്ത് ബയൽ അടിപ്പാത നിർമാണം ഒരു ഭാഗം പൂർത്തിയായി. ജലഅതോറിറ്റി പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കൽ 80 ശതമാനവും കെഎസ്ഇബി ലൈൻ മാറ്റി സ്ഥാപിക്കൽ 90 ശതമാനവും പൂർത്തിയായി.  തലപ്പാടി മുതൽ പൊസോട്ട് വരെ വഴിവിളക്കുകൾ സ്ഥാപിച്ചു. ചാർജ് ചെയ്തിട്ടില്ല.

ചെങ്കള -നീലേശ്വരം റീച്ചിൽ 15.72 കി.മീ പ്രധാന പാത റെഡിയായി 

ചെങ്കള മുതൽ നീലേശ്വരം വരെയുള്ള രണ്ടാം റീച്ചിൽ ഹൈദരാബാദ് ആസ്ഥാനമായ മേഘ എൻജിനീയറിങ് ആൻ‍‍ഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡാണ് നിർമാണം നടത്തുന്നത്. 37.2 കി.മീ വരുന്ന ആറുവരിപ്പാതയിൽ 52 ശതമാനം നിർമാണ ജോലികൾ പൂർത്തിയായി. 15.17 കിമീ റോഡ് ഡിബിഎം (ഡെൻസ് ബിറ്റുമിനസ് മെക്കാഡം) ടാറിങ് പൂർത്തിയായി.1,709 കോടി രൂപയാണ് കരാർ തുക. ഈ ഭാഗത്ത് ഇരുവശങ്ങളിലായി 29 കിലോമീറ്റർ സർവീസ്  റോ‍ഡും പൂർത്തിയായി. 

രണ്ടാം റീച്ചിൽ പാലങ്ങളുടെ പണി പുരോഗമിക്കുന്നു

ചെർക്കള–നീലേശ്വരം റീച്ചിൽ തെക്കിൽ, നീലേശ്വരം വലിയ പാലങ്ങളുടെ പ്രവൃത്തി പുരോഗമിക്കുന്നു.  ചെർക്കള, മാവുങ്കാൽ, കാഞ്ഞങ്ങാട് സൗത്ത് ജംക്‌ഷൻ എന്നിവിടങ്ങളിലെ മേൽപാലം നിർമാണം അവസാന ഘട്ടത്തിലാണ്. 12  അടിപ്പാതകളിൽ 7 എണ്ണം ഗതാഗതത്തിനായി തുറന്നു. 5 എണ്ണത്തിന്റെ പ്രവൃത്തി അവസാനഘട്ടത്തിലാണ്.

പടന്നക്കാട് റെയിൽവേ മേൽപാലം രണ്ടുവരിയായി നിലനിർത്തി, പുതിയ നാലുവരിപ്പാലത്തിന്റെ പ്രവൃത്തിയും തുടങ്ങി.  ഇരുഭാഗത്തുമായി 66 കിലോമീറ്റർ ഓവുചാലിൽ 25 കിലോമീറ്റർ പൂർത്തിയായി. ജലഅതോറിറ്റിയുടെ മുഴുവൻ പൈപ്പ് ലൈനും മാറ്റിസ്ഥാപിച്ചു. കെഎസ്ഇബി ലൈൻ മാറ്റി സ്ഥാപിക്കലും പൂർത്തിയായി. പടന്നക്കാട് സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നം ഉടൻ പരിഹരിക്കുമെന്നും അധികൃതർ പറഞ്ഞു.

ടോൾപ്ലാസ നിർമാണം തുടങ്ങി

പെരിയ ചാലിങ്കാലിലെ ടോൾ പ്ലാസ നിർമാണവും തുടങ്ങി. ചെർക്കള മുതൽ ചട്ടഞ്ചാൽ വരെ വളവുകളും കുന്നുകളുമായതാണ് ഈ ഭാഗത്ത് പ്രവൃത്തി വൈകിക്കുന്നത്. ഈ വേഗതയിൽ നിർമാണം മുന്നോട്ടുപോയാൽ അടുത്ത വർഷം ഡിസംബറോടെ പാത നിർമാണം പൂർത്തിയാക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

സ്ഥലമെടുപ്പ് തർക്കം  തുടരുന്നു

സ്ഥലമെടുപ്പ് ബന്ധപ്പെട്ട പ്രശ്നം ദേശീയപാത വികസനത്തിനു ചിലയിടങ്ങളിൽ പ്രതിസന്ധി തുടരുന്നുണ്ട്. ആർബിട്രേഷൻ, നഷ്ടപരിഹാര തുക നൽകൽ നടപടികൾ, കോടതി കേസ് ഉൾപ്പെടെ പൂർത്തിയാകാത്തതാണ് കാരണം. കാസർകോട് ഫ്ലൈ ഓവർ ഒരു സ്പാനിന്റെ പ്രവൃത്തി, ഉപ്പള ഫ്ലൈ ഓവർ ഒരു ഭാഗം പ്രവൃത്തി, മൊഗ്രാലിൽ തുറന്നു കൊടുത്ത അടിപ്പാതയുടെ മുകളിലെ വാഹന ഗതാഗതം, ഷിറിയ പാലം നിർമാണം, പടന്നക്കാട് പാത തുടങ്ങിയ പ്രവൃത്തികൾക്ക് ഇത് തടസ്സം സൃഷ്ടിക്കുന്നുണ്ട്.

സർവീസ് റോഡുകളിൽ ബസ് ഗതാഗതം ദുരിതമാകുമോ!

സർവീസ് റോഡുകളിലെ ബസ് ഗതാഗതം കീറാമുട്ടിയായി മാറുമോ എന്ന ആശങ്കയുണ്ട്. ഒരു ബസ് യാത്രക്കാരെ ഇറക്കാനും കയറ്റാനും സർവീസ് റോഡിൽ നിർത്തേണ്ടി വന്നാൽ അതിനു പിന്നിലെ വാഹനങ്ങളെല്ലാം ബസ് പോകാതെ മുന്നോട്ട് എടുക്കാനാവില്ലെന്നതാണ് സ്ഥിതി.

സർവീസ് റോഡ് ബസ് ബേ, ബസ് സ്റ്റോപ്പ് എന്ന സൗകര്യങ്ങൾ പാത വികസനത്തോടെ ഇല്ലാതാകുന്നു. പാതയുടെ മുഴുവൻ ജോലിയും കഴിഞ്ഞാൽ ഇതിനു പരിഹാരമാകുമെന്ന് പറയുന്നുണ്ടെങ്കിലും നടപ്പാത പോലും ഇല്ലാത്ത സ്ഥലങ്ങളിൽ എന്തു ചെയ്യും എന്നത് സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നുണ്ട്.  ജല അതോറിറ്റി പൈപ്പ് ലൈൻ പോലും പല ഇടങ്ങളിലും നടപ്പാതയായി ഉപയോഗിക്കാവുന്ന ഡ്രെയ്നേജ് ലൈനിലൂടെയാണ് സ്ഥാപിച്ചത്.

Post a Comment

Previous Post Next Post