ചെങ്കടല്‍ സംയുക്തനീക്കത്തില്‍ അമേരിക്കയോടിടഞ്ഞ് രാജ്യങ്ങള്‍

(www.kl14onlinenews.com)
(29-DEC-2023)

ചെങ്കടല്‍ സംയുക്തനീക്കത്തില്‍ അമേരിക്കയോടിടഞ്ഞ് രാജ്യങ്ങള്‍

ചെങ്കടലില്‍ യെമന്‍ വിമതസംഘമായ ഹൂതികള്‍ നടത്തുന്ന ആക്രമണങ്ങളെ ചെറുക്കാന്‍ അമേരിക്കയുടെ നേതൃത്വത്തില്‍ പ്രഖ്യാപിച്ച സംയുക്ത നാവികസേനാ ദൗത്യത്തിന് തിരിച്ചടിയായി സഖ്യകക്ഷികളുടെ വിമുഖത. യൂറോപ്യന്‍ യൂണിയനിലെ സഖ്യരാജ്യങ്ങള്‍ ഉള്‍പ്പടെ നിരവധി രാജ്യങ്ങള്‍ ‘ഓപ്പറേഷന്‍ പ്രോസ്‌പെരിറ്റി ഗാര്‍ഡിയന്‍’ എന്ന ദൗത്യത്തില്‍നിന്ന് അകലം പാലിച്ചിരിക്കുകയാണ്. തങ്ങള്‍ ഇതിന്റെ ഭാഗമല്ലെന്ന് അറിയിച്ചുകൊണ്ട് ഇറ്റലിയും സ്‌പെയിനും പരസ്യ പ്രസ്താവനയുമിറക്കിയിരുന്നു.

നവംബര്‍ 19 മുതല്‍ ചെങ്കടലില്‍ ഹൂതികള്‍ ആക്രമണം ആരംഭിച്ചിരുന്നു. ഇതുവരെ ഏകദേശം 12 കപ്പലുകള്‍ അക്രമിക്കപ്പെട്ടിട്ടുണ്ട്. ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും അമേരിക്കയുടെയും നാവികസേനകള്‍ പ്രത്യാക്രമണവും നടത്തി. ഹൂതികളുടെ ഡ്രോണുകളും മിസൈലുകളും ഇവര്‍ വെടിവച്ചിട്ടു.ആഗോളതലത്തില്‍ കപ്പല്‍ മാര്‍ഗം നടക്കുന്ന ചരക്കുനീക്കങ്ങളുടെ 12 ശതമാനവും നടക്കുന്ന സൂയസ് കനാലിലേക്ക് പ്രവേശിക്കുന്ന ചെങ്കടലിലൂടെയാണ്. ഏഷ്യയ്ക്കും യൂറോപ്പിനുമിടയില്‍ നടക്കുന്ന ചരക്കുനീക്കങ്ങളില്‍ സുപ്രധാന പങ്കുവഹിക്കുന്ന കടലിടുക്കാണ് സൂയസ് കനാല്‍. മിക്കവാറും കപ്പലുകളും ആഫ്രിക്കയിലെ പ്രതീക്ഷാ മുനമ്പിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. ഡെന്മാര്‍ക്കിലെ കണ്ടെയ്‌നര്‍ കമ്പനികള്‍ സൂയസ് കനാലിലൂടെതന്നെ ചരക്കുനീക്കം തുടരുമെന്നാണ് ഇപ്പോള്‍ അറിയിക്കുന്നത്. എന്നാല്‍ ജര്‍മന്‍ കമ്പനികള്‍ ചെങ്കടല്‍ സുരക്ഷിതമല്ലെന്ന് കരുതുന്നു.

ഇരുപതോളം അംഗരാജ്യങ്ങളുള്ള സംയുക്ത സുരക്ഷാ സംഘമാണ് ‘ഓപ്പറേഷന്‍ പ്രോസ്‌പെരിറ്റി ഗാര്‍ഡിയന്’ നേതൃത്വം നല്‍കുന്നത്. ചെങ്കടലില്‍ സുഗമമായ ചരക്കുനീക്കം ഉറപ്പാക്കുകയാണ് ലക്ഷ്യം. എന്നാല്‍ ഈ പറഞ്ഞ ഇരുപത് രാജ്യങ്ങളില്‍ പകുതി രാജ്യങ്ങള്‍ പോലും ഈ നീക്കത്തോട് അനുഭാവം പ്രകടിപ്പിച്ച് രംഗത്തുവന്നിട്ടില്ല.അമേരിക്ക നേതൃത്വം നല്‍കുന്ന ഈ നീക്കത്തിനൊപ്പം നില്‍ക്കാന്‍ രാജ്യങ്ങള്‍ തയാറാകാത്തതിനു കാരണം ഗാസയില്‍ നടക്കുന്ന ഹമാസ്- ഇസ്രയേല്‍ സംഘര്‍ഷത്തില്‍ അമേരിക്ക സ്വീകരിച്ച നിലപാടാണ്. നിലവില്‍ 21000 പലസ്തീന്‍ പൗരര്‍ ഇസ്രയേല്‍ ആക്രമണത്തില്‍ മരിച്ചതായാണ് കണക്ക്. ബ്രിട്ടന്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അമേരിക്കയ്ക്കൊപ്പം നില്‍ക്കുന്നത് തിരിച്ചടിയാകുമോയെന്ന ഭയം യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുണ്ട്.

Post a Comment

Previous Post Next Post