ഗവർണർ കാണിക്കുന്നത് കേരളത്തോടുള്ള വിരോധം, പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും കത്തയക്കും: മുഖ്യമന്ത്രി

(www.kl14onlinenews.com)
(18-DEC-2023)


ഗവർണർ കാണിക്കുന്നത് കേരളത്തോടുള്ള വിരോധം, പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും കത്തയക്കും: മുഖ്യമന്ത്രി
എന്തും വിളിച്ച് പറയാവുന്ന മാനസികാവസ്ഥയിലേക്ക് ഗവർണർ എത്തിയിരിക്കുകയാണെന്നും ആളുകളുടെ നേരെ ചാടിക്കയറുന്ന രീതിയാണ് അദ്ദേഹത്തിന്റേതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. "വ്യക്തിപരമായി മാത്രം ആക്ഷേപിക്കുന്ന തരത്തിലല്ല, ഒരു നാടിനെത്തന്നെ ആക്ഷേപിക്കുന്ന തരത്തിൽ 'ബ്ലഡി കണ്ണൂർ' എന്ന് ഗവർണർ പറയുന്ന നിലയുണ്ടായോ. ഏതെങ്കിലും ഭരണാധികാരി അങ്ങനെ ചെയ്യുമോ? കേന്ദ്ര സർക്കാർ തന്നെ ശക്തമായി കാര്യങ്ങൾ പരിശോധിക്കേണ്ട സാഹചര്യമുണ്ട്.

ഗവർണർക്ക് കേരളത്തോടുള്ള വിരോധമാണ് ഇപ്പോൾ കാണിക്കുന്നത്. ഗവർണറുടെ വിഷയം സംബന്ധിച്ച് പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും കത്തയക്കും. ജനാധിപത്യപരമായി പ്രതിഷേധിക്കുന്നവർക്കെതിരെ എന്തെല്ലാം കഠിനമായ പദപ്രയോഗങ്ങളാണ് അദ്ദേഹം ഉപയോഗിക്കുന്നത്. ഇതാണോ ഉന്നതസ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി ചെയ്യേണ്ടത്. സർവകലാശാലയിലെ ബാനറിന് പിന്നിൽ മുഖ്യമന്ത്രിയാണെന്ന് ഗവർണർ പറയുന്നത് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ്. ഗവർണറുടേത് വെറും ജൽപ്പനങ്ങൾ മാത്രമാണ്.

കേരളത്തിൽ ബോധപൂർവമായി അങ്ങേയറ്റം പ്രകോപനമായ സാഹചര്യം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ് ഗവർണർ. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെങ്കിൽ ഇത്തരം സമീപനങ്ങൾ തിരുത്തിക്കാനുള്ള ഇടപെടലുകൾ വേണം. കേരളത്തിൽ ഒരു കലുഷിതമായ അന്തരീക്ഷം അദ്ദേഹം ആഗ്രഹിക്കുന്നുണ്ടെന്നാണ് തോന്നുന്നത്.

ഗവർണർക്ക് ചില ഉദ്ദേശങ്ങളുണ്ട്. അതിനനുസരിച്ച് നാട്ടിലാകെ വല്ലാത്ത ഒരു അന്തരീക്ഷം വന്നിരിക്കുന്നു എന്ന പ്രതീതി വരുത്തുകയാണ്. അതിന് അദ്ദേഹം തന്നെ മുൻകൈ എടുക്കുകയാണ്. സാധാരണ നില വിട്ട് ഇതുപോലെ പെരുമാറുന്ന വ്യക്തിയെ ആർക്കാണ് അംഗീകരിക്കുക. ഗവർണർ കേരളത്തിന്റെ സമാധാന നില തകർക്കാൻ ശ്രമിക്കുന്നുവെന്ന ഗുരുതരമായ ആരോപണം ഉന്നയിച്ച് പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും കത്തയക്കും," മുഖ്യമന്ത്രി പറഞ്ഞു.

തന്റെ ഗൺമാൻ ആരെയും ആക്രമിച്ചതായി താൻ കണ്ടിട്ടില്ലെന്നും ദൃശ്യമാധ്യമങ്ങളൊന്നും താൻ കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി നവകേരള സദസ്സിലെ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Post a Comment

Previous Post Next Post