ഡിജിപി ഓഫീസ് മാർച്ച്: സുധാകരന്‍ ഒന്നാംപ്രതി; ജാമ്യമില്ലാ വകുപ്പ് ചുമത്തി, സതീശനും ചെന്നിത്തലയും അടക്കം പ്രതികള്‍

(www.kl14onlinenews.com)
(23-DEC-2023)

ഡിജിപി ഓഫീസ് മാർച്ച്: സുധാകരന്‍ ഒന്നാംപ്രതി; ജാമ്യമില്ലാ വകുപ്പ് ചുമത്തി, സതീശനും ചെന്നിത്തലയും അടക്കം പ്രതികള്‍
തിരുവനന്തപുരം : തിരുവനന്തപുരത്ത് കോൺ​ഗ്രസ് ഡിജിപി ഓഫീസിലേക്ക് മാർച്ച് നടത്തിയ സംഭവത്തിൽ കെപിസിസി അധ്യക്ഷൻ കെ. സുധാകരനെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലീസ്. കണ്ടാലറിയാവുന്ന 500 ലധികം പേർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. പൊലീസിനെ ആക്രമിക്കുക, ഫ്ലക്സ് ബോർഡ് നശിപ്പിക്കുക, സംഘം ചേർന്ന് സംഘർഷമുണ്ടാക്കുക തുടങ്ങിയ വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ശശി തരൂർ അടക്കം പ്രധാന നേതാക്കളെയും പ്രതി ചേർത്താണ് മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്. കൊടിക്കുന്നിൽ, ജെബി മേത്തർ എന്നിവരെയും പ്രതി ചേർത്തിട്ടുണ്ട്. ഡിജിപി ഓഫിസിലേക്കു നടന്ന കെപിസിസി മാർച്ചിനെതിരായ പൊലീസ് നടപടിയിൽ ലോക്സഭാ സ്പീക്കർക്കും പ്രിവിലേജ് കമ്മിറ്റിക്കും കെ. സുധാകരൻ പരാതി നൽകിയിരുന്നു. നിയമങ്ങളും ചട്ടങ്ങളും മാനദണ്ഡങ്ങളും പാടേ ലംഘിച്ചുകൊണ്ട് താനുള്‍പ്പെടെയുള്ള എംപിമാര്‍ക്കെതിരെ ഉണ്ടായ നിഷ്ഠൂരമായ പൊലീസ് നടപടിയും ടിയര്‍ ഗ്യാസ്, ഗ്രനേഡ്, ജലപീരങ്കി പ്രയോഗവും അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് സുധാകരൻ പരാതി നൽകിയത്.

കെപിസിസിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തിയ ഡിജിപി ഓഫിസ് മാർച്ചിൽ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചിരുന്നു. ഇതോടെ മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർക്കു കൂട്ടത്തോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കൾ ആശുപത്രിയിൽ ചികിത്സ തേടി. എംഎൽഎമാരായ അൻവർ സാദത്ത്, ചാണ്ടി ഉമ്മൻ, എംപി ജെബി മേത്തർ, ഡിസിസി പ്രസിഡന്റ് പാലോട് രവി തുടങ്ങിയവരും ആശുപത്രിയിൽ ചികിത്സ തേടി.

മ്യൂസിയം ജംക്ഷനില്‍ നിന്ന് 11.15നാണ് ഡിജിപി ഓഫീസ് മാര്‍ച്ച് തുടങ്ങിയത്. കെ.പി.സി.സി പ്രസിഡന്‍റും പ്രതിപക്ഷ നേതാവും ഉള്‍പ്പെടേ മുതിര്‍ന്ന നേതാക്കളെല്ലാം മുന്‍നിരയില്‍. വഴിയുലടനീളം സര്‍ക്കാരിന്‍റെ പ്രചാരണ ബോര്‍ഡുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്തു. മാനവീയം വീഥി വഴി, ആല്‍ത്തറയിലെ സമരവേദിയില്‍. കെ.പി.സി.സി പ്രസിഡന്‍റിന്‍റെ ഉദ്ഘാടന പ്രസംഗം. ശേഷം പ്രതിപക്ഷ നേതാവ് സംസാരിച്ച് തുടങ്ങി. പെടുന്നനെ, വേദിക്ക് പിന്നിലെ ബാരിക്കേഡിന് സമീപം നിലയുറപ്പിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസിന്‍റെ ജലപീരങ്കി. പിന്നാലെ കണ്ണീര്‍ വാതകം.

എന്താണ് സംഭവിച്ചതെന്ന് നേതാക്കള്‍ തിരിച്ചറിയും മുമ്പ് വേദിയിലേക്കും പൊലീസിന്‍റെ കണ്ണീര്‍ വാതക, ജലപീരങ്കി പ്രയോഗം. മിനുട്ടുകള്‍ക്കകം ഒമ്പത് തവണ കണ്ണീര്‍ വാതകം പ്രയോഗിച്ചു. ശ്വാസം മുട്ടിയും കണ്ണ് നീറിയും പ്രയാസപ്പെട്ട നേതാക്കളെ വാഹനത്തില്‍ കയറ്റി. ശാശീരിക ആസ്വസ്ഥകള്‍ അനുഭവപ്പെട്ട കെ സുധാകരന്‍ ഉള്‍പ്പെടെയുള്ളവരെ ആശുപത്രിയിലേക്ക് കൊണ്ട് പോയി.

പൊലീസിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലുകള്‍ കൊണ്ട് നേരിട്ടു. ബാരിക്കേഡിന് ഇപ്പുറത്ത് നിലയുറപ്പിച്ച പൊലീസുകാര്‍ അക്രമിക്കപ്പെട്ടു. ഇതോ‌ടെ ടിയര്‍ ഗ്യാസ്, ജലപീരങ്കി പ്രയോഗം ശക്തമാക്കി. മിനുട്ടകള്‍ക്കകം വേദി കാലി. ചിതറിയോടിയ പ്രവര്‍ത്തകര്‍ പിന്നീട് സംഘടിച്ച് പ്രകടനമായി, വഴികളില്‍ സ്ഥാപിച്ച സര്‍ക്കാര്‍ പ്രചരണ ബോര്‍ഡുകള്‍ക്ക് മേല്‍ അരിശം തീര്‍ത്ത് കെ.പി.സി.സി ഓഫീസിലേക്ക്. അക്രമത്തിന് മുന്നില്‍ തലകുനിക്കില്ലെന്ന് കെ സുധാകരന്‍.
പൊലീസിന്‍റെ നടപടി ആസൂത്രിതമണെന്നും മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണെന്നുമാണ് കോണ്‍ഗ്രസിന്‍റെ ആരോപണം.

Post a Comment

Previous Post Next Post