രേഖാചിത്രം കിറുകൃത്യം; ആര്‍ട്ടിസ്റ്റ് ദമ്പതികൾക്ക് അഭിനന്ദന പ്രവാഹം

(www.kl14onlinenews.com)
(02-DEC-2023)

രേഖാചിത്രം കിറുകൃത്യം; ആര്‍ട്ടിസ്റ്റ് ദമ്പതികൾക്ക് അഭിനന്ദന പ്രവാഹം
കൊല്ലം ഓയൂരിലെ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയതുമായി (Oyoor girl missing case) ബന്ധപ്പെട്ട തുടർ സംഭവങ്ങൾ ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. കേസിൽ പ്രതിയായ ചാത്തന്നൂര്‍ സ്വദേശി പത്മകുമാര്‍ (Padmakumar) ഉള്‍പ്പെടെയുള്ളവരുടെ രേഖാചിത്രങ്ങളും സമുഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. അടുത്തകാലത്തായി കേരള പോലീസ് (kerala Police) പുറത്തു വിടുന്ന രേഖ ചിത്രങ്ങൾ പൊതു ജനങ്ങൾക്കിടയിൽ വലിയ രീതിയിൽ പരിഹസത്തിന് ഇടയാകാറുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് യഥാർത്ഥവുമായി അടുത്തുനിൽക്കുന്ന രേഖ ചിത്രം ഓയൂർ തട്ടിക്കൊണ്ടു പോകൽ കേസിൽ പുറത്തുവന്നത്. രേഖ ചിത്രം തയ്യാറാക്കിയത് സര്‍ക്കാര്‍ സ്ഥാപനമായ സിഡിറ്റിലെ ആര്‍ട്ടിസ്റ്റും തിരുവനന്തപുരം സ്വദേശിയുമായ ആര്‍ബി ഷജിത്തും ഭാര്യ സ്മിത എം ബാബുവുമായിരുന്നു.

അന്വേഷണത്തിനൊടുവിൽ ദിവസങ്ങൾക്ക് ശേഷം മുഖ്യപ്രതി പത്മകുമാറിനെ പിടികൂടിയപ്പോഴാണ് അയാളുടെ യഥാര്‍ഥ മുഖവുമായി ഈ രേഖാചിത്രത്തിൻ്റെ അതിശയിപ്പിക്കുന്ന സാമ്യത ചര്‍ച്ചയായതും. രേഖ ചിത്രം തയ്യാറാക്കിയതുമായി ബന്ധപ്പെട്ട് ഷജിത് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. സജിത്ത് കുറിപ്പ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് രേഖാചിത്രത്തിന് പിന്നിലെ യഥാർത്ഥ കരങ്ങള്‍ ആരുടേതാണെന്ന് വ്യക്തമായതും. തങ്ങള്‍ വരച്ച രേഖാ ചിത്രങ്ങള്‍ അന്വേഷണത്തില്‍ നിര്‍ണായകമായെന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ടെന്നാണ് ഷജിത് ഫേസ്ബുക്ക് കുറുപ്പിലൂടെ വ്യക്തമാക്കുന്നത്.

കേരള പോലീസ് രേഖ ചിത്രങ്ങൾ പുറത്തുവിട്ടതിന് പിന്നാലെ അന്വേഷണം വ്യാപിപ്പിക്കുകയും പ്രതികൾ പിടിയിലാവുകയും ചെയ്തിരുന്നു. പ്രതികൾ പിടിയിലായതോടെ ഇവര്‍ വരച്ച രേഖാചിത്രത്തിൻ്റെ സാമ്യത സമൂഹമാധ്യമങ്ങളിൽ ഏറെ അഭിനന്ദനങ്ങളും നേടിക്കൊടുത്തു. തയ്യാറാക്കാൻ സഹായിച്ച അഭിഗേൽ സാറയുടെ ഓര്‍മശക്തിയെ ദമ്പതികള്‍ ഈ കുറിപ്പിൽ അഭിനന്ദിക്കുന്നുണ്ട്. വളരെ മോശം സമയത്തിലൂടെ കടന്നുപോകുമ്പോഴും പ്രതിയുടെ മുഖം ഓർമ്മയിൽ നിന്നെടുത്ത വളരെ വിശദാംശങ്ങളോടെ രേഖാചിത്രം തയ്യാറാക്കാൻ സഹായിച്ച കുട്ടി ഏറെ അഭിനന്ദനങ്ങൾക്ക് അർഹയാണെന്ന് ചിത്രകാരി സ്മിതയും ചൂണ്ടിക്കാട്ടുന്നു. രേഖ ചിത്രം തയ്യാറാക്കിയതും ആയി ബന്ധപ്പെട്ട ഇവർ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പാണ് ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്നത്.

ഷജിത്ത് തയ്യാറാക്കിയ കുറിപ്പിൻ്റെ പൂർണ്ണ രൂപം:

കൊല്ലം ഓയൂരിലെ അഭിഗേല്‍ സാറയെ തട്ടി കൊണ്ട് പോയ രാത്രി 12 മണിയായപ്പോള്‍ എസിപി പ്രദീപ് സാറിൻ്റെ ഫോണ്‍ വന്നു. പ്രതികളുടെ രേഖാ ചിത്രം വരയ്ക്കണം എന്ന് ആവശ്യപ്പെട്ട് ആദ്യം രണ്ട് ദൃക്‌സാക്ഷികളെ ഞങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവന്നു. അവര്‍ പറഞ്ഞതനുസരിച്ച് രേഖാചിത്രങ്ങള്‍ വെളുപ്പിന് 4 മണിയോടെ തയ്യാറാക്കി നല്‍കി.

പിന്നീട് അഭിഗേല്‍ സാറയെ കണ്ടെത്തിയ ശേഷം കുഞ്ഞിൻ്റെ അഭിപ്രായം കേട്ട ശേഷം കൊല്ലം വിക്ടോറിയ ഹോസ്പിറ്റലില്‍ വച്ച് മൂന്ന് രേഖാ ചിത്രം കൂടി വരച്ച് നല്‍കി. ഇപ്പോള്‍ അന്വേഷണത്തിന് നിര്‍ണായക കാരണം ഞങ്ങള്‍ വരച്ച രേഖാ ചിത്രങ്ങള്‍ കൂടി കാരണമായി എന്നറിഞ്ഞതില്‍ അതിയായ സന്തോഷം കൂടെ ഉറക്കമൊഴിച്ച് നിന്ന പോലീസ് ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍ , പ്രകാശ് കലാകേന്ദ്രം, വിനോദ് റസ്‌പോണ്‍സ് ,യു.എം ബിന്നി മറ്റ് സുഹൃത്തുക്കള്‍.. എല്ലാവര്‍ക്കും നന്ദി സ്‌നേഹം അഭിഗേല്‍ സാറ (ഞങ്ങളുടെ മിയ കുട്ടി) നിര്‍ണായക അടയാളങ്ങള്‍ തന്നതിന്.

Post a Comment

Previous Post Next Post