(www.kl14onlinenews.com)
(12-DEC-2023)
ആക്രമണം മുഖ്യമന്ത്രിയുടെ അറിവോടെ; പ്രതിഷേധക്കാരെ എത്തിച്ചത് പൊലിസ് വാഹനത്തില്‍; ആരോപണങ്ങള്‍ ആവര്‍ത്തിച്ച് ഗവര്‍ണര്‍
ന്യൂഡൽഹി: തന്‍റെ കാറിന് നേരെയുണ്ടായ ആക്രമണം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആക്രമണമുണ്ടായപ്പോൾ പൊലീസ് തടഞ്ഞില്ല. പൊലീസിനെ നിർവീര്യമാക്കിയിരിക്കുകയാണ്. തനിക്ക് നേരെ അഞ്ചാം തവണയാണ് ആക്രമണമുണ്ടാകുന്നത്. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും ഗവർണർ ആരോപിച്ചു.
മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് അക്രമികൾ പ്രവർത്തിക്കുന്നത്. ഞാൻ എന്തിനാണ് കാറിൽ നിന്ന് പുറത്തിറങ്ങിയതെന്നാണ് അവർ ഇപ്പോൾ ചോദിക്കുന്നത്. അക്രമികൾ കാർ തകർത്ത് എന്നെ ആക്രമിക്കാൻ നിന്നുകൊടുക്കുകയാണോ വേണ്ടത്. അക്രമികൾക്കെതിരെ നടപടിയെടുക്കാതിരിക്കാൻ പൊലീസിന് നിർദേശമുണ്ടെന്നും ഗവർണർ പറഞ്ഞു.
ഗവർണർക്കെതിരെ ആക്രമണമുണ്ടാകുമ്പോൾ വെറും ഗുണ്ടാ ആക്രമണത്തിന്‍റെ വകുപ്പുകളല്ല ചുമത്തേണ്ടത്. അതിന്‍റെ വകുപ്പുകൾ ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും കത്തെഴുതിയിട്ടുണ്ട്. ബസിന് നേരെ ചെരിപ്പെറിഞ്ഞവർക്ക് വധശ്രമക്കുറ്റമാണ് ചുമത്തിയത്. പൊലീസ് എങ്ങനെയാണ് അവരെ നേരിട്ടത് എന്ന് കണ്ടതാണ്. എന്നാൽ, ഇവിടെ അങ്ങനെയല്ല ഉണ്ടായത്. പൊലീസ് നടപടിയെടുത്തില്ല. മുഖ്യമന്ത്രി നിർദേശം നൽകാതെ അങ്ങനെ സംഭവിക്കുമെന്ന് കരുതുന്നുണ്ടോ.
16ന് തിരികെ കേരളത്തിലേക്ക് വരുമെന്ന് ഗവർണർ പറഞ്ഞു. ഒരു പ്രതിഷേധത്തെയും ഭയമില്ല. താൻ പോകുന്ന വഴിയിൽ പ്രതിഷേധം കണ്ടാൽ പുറത്തിറങ്ങുമെന്നും ഗവർണർ പറഞ്ഞു. കേരളം ഇന്ത്യയുടെ ഭാഗമാണ്. കമ്യൂണിസ്റ്റ് പാർട്ടി ഭരിക്കുന്നത് കൊണ്ട് മാത്രം കേരളം സ്വേച്ഛാധിപത്യരാജ്യമാകില്ലെന്നും ഗവർണർ പറഞ്ഞു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി വീശിയും കാറിലിടിച്ചും പ്രതിഷേധിച്ച ഏഴ് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് 19 എസ്.എഫ്.ഐ പ്രവർത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 11 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Post a Comment