'നിങ്ങളില്‍ ഗൂഢാലോചന നടത്താന്‍ പറ്റിയവരുണ്ട്, പൊലീസില്‍ വിശ്വാസക്കുറവില്ല'; ക്ഷുഭിതനായി മുഖ്യമന്ത്രി

(www.kl14onlinenews.com)
(23-DEC-2023)

'നിങ്ങളില്‍ ഗൂഢാലോചന നടത്താന്‍ പറ്റിയവരുണ്ട്, പൊലീസില്‍ വിശ്വാസക്കുറവില്ല'; ക്ഷുഭിതനായി മുഖ്യമന്ത്രി
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരായ ഗൂഢാലോചന കേസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസില്‍ വിശ്വാസകുറവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗൂഢാലോചനയില്ലെന്നാണ് നിങ്ങള്‍ പറയുന്നതെങ്കില്‍ അത് തെളിയിക്കൂവെന്നും മുഖ്യമന്ത്രി ക്ഷുഭിതനായിക്കൊണ്ട് പറഞ്ഞു.

'ഗൂഢാലോചന, ഗൂഢാലോചന തന്നെയാണ്. നിങ്ങളുടെ കൂട്ടത്തില്‍ ഗൂഢാലോചന നടത്താന്‍ പറ്റിയവരുണ്ട്. അങ്ങനെ ചെയ്‌തെങ്കില്‍ കേസെടുക്കും. സാധാരണ നിലയ്ക്ക് മധ്യമ പ്രവര്‍ത്തനം നടത്തുന്നതിനെ ആരും തടയാന്‍ പോകുന്നില്ല. നില വിടുമ്പോള്‍ ശബ്ദം ഉയര്‍ത്തി കാര്യം നേടാം എന്ന് വിചാരിക്കരുത്.' മുഖ്യമന്ത്രി പറഞ്ഞു.

അടിക്കൂ, അടിക്കൂ, അടിക്കൂ...എന്ന് പറയുന്ന ഏതെങ്കിലും നേതാവ് ഇതിന് മുമ്പ് കേരളത്തില്‍ ഉണ്ടായിട്ടുണ്ടോ. അതാണോ പൊതുസംസ്‌കാരം. നിങ്ങള്‍ക്കാര്‍ക്കും അതൊരു പ്രശ്‌നമായി തോന്നിയില്ലല്ലോ. ആരും പ്രകോപനത്തില്‍ കുടുങ്ങരുതെന്ന് കല്ല്യാശ്ശേരി സംഭവത്തിന് പിന്നാലെ പറഞ്ഞിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

നവ കേരള സദസ്സ് ജനാധിപത്യ ഭരണ സംവിധാനത്തിലെ അത്യപൂര്‍വ്വ അധ്യായമെന്നും വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

വിധവാ പെന്‍ഷന്‍ മുടങ്ങിയതിനെതിരെ ഇടുക്കി സ്വദേശി മറിയക്കുട്ടി നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാരിനെതിരായ ഹൈക്കോടതി വിമര്‍ശനത്തിലും മുഖ്യമന്ത്രി രംഗത്തെത്തി. ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചതായി കാണേണ്ട. ഹൈക്കോടതി അവിടെ ഇരുന്നിട്ട് പറയുന്നത് സര്‍ക്കാരിന് എതിരാണെന്ന് വ്യാഖ്യാനിക്കേണ്ട. തോന്നുന്ന കാര്യങ്ങള്‍ അവര്‍ പറയുന്നു. അതില്‍ നടപ്പിലാക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കും. 600 രൂപയുണ്ടായിരുന്ന പെന്‍ഷന്‍ 1600 രൂപയാക്കി നല്‍കുന്നത് ആരും പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post