(www.kl14onlinenews.com)
(28-DEC-2023)
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ പന്തീരാങ്കാവ് സ്വദേശി കെ.കെ.ഹർഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം മറന്നുവച്ച സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ചു. രണ്ടു ഡോക്ടർമാർ, രണ്ടു നഴ്സുമാർ എന്നിവരെ പ്രതികളാക്കിയാണ് പൊലീസ് കുന്നമംഗലം കോടതിയിൽ കുറ്റപത്രം നൽകിയത്. 750 പേജുള്ള കുറ്റപത്രത്തിൽ 60 സാക്ഷികളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
തളിപ്പറമ്പ് സൗപർണികയിൽ ഡോ. സി.കെ.രമേശൻ (42), സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് മലപ്പുറം ചങ്കുവട്ടി മംഗലത്ത് ഡോ. എം.ഷഹന (32), മെഡിക്കൽ കോളജിലെ സ്റ്റാഫ് നഴ്സുമാരായ പെരുമണ്ണ പാലത്തുംകുഴി എം.രഹന (33), ദേവഗിരി കളപ്പുരയിൽ കെ.ജി.മഞ്ജു (43) എന്നിവരാണ് യഥാക്രമം കേസിലെ ഒന്നു മുതൽ 4 വരെയുള്ള പ്രതികൾ. ഇവർക്കെതിരെ കുറ്റപത്രം നൽകാൻ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അനുമതി നൽകിയിരുന്നു.
2017 നവംബർ 30ന് മെഡിക്കൽ കോളജിൽ നടന്ന ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം മറന്നുവച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാർച്ച് 1ന് ആണ് ഹർഷിന സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്.
ഹർഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത് മെഡിക്കൽ കോളജിൽ നിന്ന് തന്നെയെന്നും മെഡിക്കൽ ബോർഡിന്റെ വാദം ശരിയല്ലെന്നും അസിസ്റ്റന്റ് കമ്മീഷണർ പറഞ്ഞു. ഉപകരണം കുടുങ്ങിയത് മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ്. ഡോക്ടർമാർക്കും നഴ്സുമാർക്കും വീഴ്ച സംഭവിച്ചെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നു.
മെഡിക്കൽ നെഗ്ലിജൻസ് ആക്ട് പ്രകാരം മെഡിക്കൽ കോളജ് പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ എസിപി കെ.സുദർശന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി.
അന്നു ഹർഷിനയ്ക്ക് ശസ്ത്രക്രിയ നടത്തിയ സംഘത്തിലുണ്ടായിരുന്ന 4 പേരെയാണ് കേസിൽ പ്രതി ചേർത്തത്. ഇവരുടെ അറസ്റ്റ് നേരത്തേ രേഖപ്പെടുത്തിയിരുന്നു. ഐപിസി 338 പ്രകാരം 4 പേരെയും പ്രതിചേർത്താണ് റിപ്പോർട്ട് നൽകിയത്. 2 വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്.
നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഹർഷിന പറഞ്ഞു. നഷ്ടപരിഹാരം കൂടി ലഭിക്കുന്നതോടെ മാത്രമേ നീതിപൂർണ്ണമാകുന്നുള്ളൂവെന്നും ഹർഷിന പ്രതികരിച്ചു.
Post a Comment