സംസ്ഥാനത്ത് 115 പേര്‍ക്ക് കൂടി കൊവിഡ്; 1749 പേർ ചികിത്സയിൽ, രാജ്യത്തെ ആക്ടീവ് കേസുകളിൽ 88.78 ശതമാനവും കേരളത്തിൽ

(www.kl14onlinenews.com)
(19-DEC-2023)

സംസ്ഥാനത്ത് 115 പേര്‍ക്ക് കൂടി കൊവിഡ്; 1749 പേർ ചികിത്സയിൽ, രാജ്യത്തെ ആക്ടീവ് കേസുകളിൽ 88.78 ശതമാനവും കേരളത്തിൽ
സംസ്ഥാനത്തെ കോവിഡ് (covid) കേസുകളിൽ വര്‍ധന. ഇന്നലെ മാത്രം 115 കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ കേരളത്തിൽ ആക്ടീവ് കേസുകൾ 1749 ആയി ഉയര്‍ന്നു. രാജ്യത്താകെ ആക്ടീവ് കേസുകൾ 1970 ആണ്. രാജ്യത്തെ ആക്ടീവ് കേസുകളിൽ 88.78 ശതമാനം കേസുകളും കേരളത്തിലാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് പരിശോധന നടക്കുന്ന സ്ഥലവും കേരളമാണ്. ഇന്നലെ രാജ്യത്താകെ സ്ഥിരീകരിച്ചത് 142 കേസുകളായിരുന്നു. കേരളത്തിൽ കേസുകൾ ഉയർന്നതിന് പിന്നാലെ സംസ്ഥാനങ്ങൾക്ക് മാർ​ഗനിർദേശം പുറപ്പെടുവിച്ച് ജാ​ഗ്രത കർശനമാക്കാൻ കേന്ദ്ര ആരോ​ഗ്യമന്ത്രാലയം തീരുമാനിച്ചു. രാജ്യത്ത് പുതിയ കൊറോണ വൈറസ് ഉപവകഭേദമായ JN.1 ന്റെ ആദ്യ കേസ് (Covid-19 cases) കണ്ടെത്തിയതിന് പിന്നാലെ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം (Centre issues advisory) മാര്‍ഗ്ഗനിര്‍ദ്ദേശം നൽകിയിരിക്കുന്നത്.

എല്ലാ ജില്ലകളിലും മതിയായ പരിശോധന ഉറപ്പാക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും പകർച്ചപ്പനി പോലുള്ള അസുഖങ്ങളും കടുത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങളും നിരന്തരം നിരീക്ഷിച്ച് ജില്ല തിരിച്ച് റിപ്പോര്‍ട്ട് ചെയ്യണം. ഇന്റഗ്രേറ്റഡ് ഇന്‍ഫോര്‍മേഷന്‍ പ്ലാറ്റ്‌ഫോമില്‍ വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യണം. കൂടാതെ വരാനിരിക്കുന്ന ഉത്സവകാലം കണക്കിലെടുത്ത്, ശ്വാസകോശ ശുചിത്വം പാലിക്കുന്നതിലൂടെ രോഗം പകരാനുള്ള സാധ്യത കുറയ്ക്കുന്നതിന് പൊതുജനാരോഗ്യ നടപടികളും മറ്റ് ക്രമീകരണങ്ങളും ഏര്‍പ്പെടുത്തണമെന്നും കേന്ദ്രം നിർദേശത്തിൽ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് തിരുവനന്തപുരം സ്വദേശിയായ 79 വയസ്സുള്ള സ്ത്രീയിലാണ് പുതിയ വകഭേദം ആദ്യം കണ്ടെത്തിയത്. കൂടാതെ തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി സ്വദേശിയ്ക്ക് സിംഗപ്പൂരില്‍ വെച്ച് ജെഎന്‍.1 ഉപവകഭേദം സ്ഥിരീകരിച്ചിരുന്നു.

ഡിസംബര്‍ 15 JN.1 ന് ഉപ-വകഭേദത്തിന്റെ ഏഴ് അണുബാധകള്‍ ചൈനയില്‍ കണ്ടെത്തിയിരുന്നു. നേരിയ പനി, ചുമ, മൂക്കിലെ അസ്വാസ്ഥ്യം, തൊണ്ടവേദന, മൂക്കൊലിപ്പ്, മുഖത്ത് വേദന അല്ലെങ്കില്‍ മര്‍ദ്ദം, തലവേദന, ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ JN.1 വേരിയന്റിന്റെ ലക്ഷണങ്ങളാണ്.

രാജ്യത്താദ്യമായി കോവിഡിന്റെ ജെഎൻ.1 വകഭേദം കഴിഞ്ഞ ദിവസം കേരളത്തിലാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്ചകളിലായി കേരളത്തിൽ കാര്യമായി കൊവിഡ് കേസുകൾ ഉയരുന്നുമുണ്ട്. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ടാണ് കത്തിൽ ജാ​ഗ്രതാ നിർദേശങ്ങൾ നൽകിയിരിക്കുന്നത്. നിലവിൽ രാജ്യത്തെ ആക്ടീവ് കേസുകളിൽ 90 ശതമാനത്തോളം കേസുകളും കേരളത്തിലാണ്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം അഞ്ച് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അഞ്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്തതിൽ നാലെണ്ണവും കേരളത്തിലാണ്. ‌മറ്റൊന്ന് ഉത്തർപ്രദേശിലാണ്. രാജ്യത്തെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം 4.50 കോടിയാണ് (4,50,04,816). രോഗമുക്തി നേടിയവരുടെ എണ്ണം 4.46 കോടിയായി (4,44,69,799) ഉയർന്നു. ദേശീയ രോഗമുക്തി നിരക്ക് 98.81 ശതമാനമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ, 5,33,316 പേർക്കാണ് കോവിഡ് -19 മൂലം ജീവൻ നഷ്ടമായത്.

അതേസമയം കോവിഡ് ഭീതിയെത്തുടർന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന (ഡബ്യുഎച്ച്ഒ) രം​ഗത്തെത്തി. കോവിഡ് കേസുകളിൽ ശക്തമായ നിരീക്ഷണം നിലനിർത്താനും കണക്കുകൾ പങ്കിടുന്നത് തുടരാനും ലോകാരോഗ്യ സംഘടന രാജ്യങ്ങളോട് ആവശ്യപ്പെട്ടു. ബിഎ.2.86ന്റെ ഉപവിഭാഗമായ ജെഎൻ.1 (JN.1) എന്നറിയപ്പെടുന്ന പുതിയ വകഭേദത്തിന്റെ വ്യാപനം മൂലം വിവിധ രാജ്യങ്ങളിൽ കോവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി ലോകാരോ​ഗ്യ സംഘടന രം​ഗത്തെത്തിയിരിക്കുന്നത്.

Post a Comment

Previous Post Next Post