(www.kl14onlinenews.com)
(01-NOV-2023)
അബുദാബി : അബുദാബി രാജ്യാന്തര വിമാനത്താവളത്തിന്റെ പേര് സായിദ് ഇന്റർനാഷനൽ എയർപോർട്ട് എന്നാക്കി മാറ്റുന്നു. 2024 ഫെബ്രുവരി 9 മുതൽ പുതിയ പേരിലായിരിക്കും എയർപോർട്ട് അറിയപ്പെടുകയെന്ന് അബുദാബി മീഡിയ ഓഫിസ് അറിയിച്ചു. വിമാനത്താവളത്തിലെ പുതിയ ടെർമിനൽ–എ തുറക്കുന്നതിനു മുന്നോടിയായി പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് പേരു മാറ്റുന്നത് സംബന്ധിച്ച് ഇന്നലെ ഉത്തരവിറക്കിയത്.
അബുദാബി വിമാനത്താവളത്തിലെ പുതിയ ടെർമിനൽ എ ബുധനാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കാനിരിക്കെയാണ് പേരുമാറ്റം പ്രഖ്യാപിച്ചത്. ലോകത്തിലെതന്നെ ഏറ്റവും വലിയ വിമാനത്താവള ടെർമിനലുകളിൽ ഒന്നാണിത്. പുതിയ ടെർമിനലിലെ സജ്ജീകരണങ്ങൾ വിലയിരുത്താൻ അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് അൽ നഹ്യാൻ നേരിട്ടെത്തിയിരുന്നു.
പഴയ ടെർമിനലിനെക്കാൾ മൂന്നിരട്ടി വലുപ്പമുള്ളതാണ് പുതിയ ടെർമിനൽ. വർഷം നാലരക്കോടി യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട് ഇതിന്. ബുധൻമുതൽ നവംബർ 14 വരെയുള്ള ദിവസങ്ങളിൽ മൂന്ന് ഘട്ടമായാണ് വിമാനസർവീസുകൾ പുതിയ ടെർമിനലിലേക്ക് മാറ്റുക. ഉദ്ഘാടനത്തിന്റെ ഭാഗമായി ഇത്തിഹാദിന്റെ വിമാനം ചൊവ്വാഴ്ച രാത്രി പുതിയ ടെർമിനിലിലെത്തിയിരുന്നു. ബുധൻ മുതൽ വിസ് എയറും 15 വിമാനകമ്പനികളും പുതിയ ടെർമിനലിലേക്ക് മാറും. നവംബർ ഒമ്പത് മുതൽ ഇത്തിഹാദിന്റെ 16 വിമാനങ്ങൾ പുതിയ ടെർമിനലിൽ നിന്നായിരിക്കും. നവംബർ 14 മുതൽ 28 വിമാനകമ്പനികളുടെ സേവനം പുതിയ ടെർമിനലിൽനിന്നായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഏഴ് ലക്ഷത്തി 42000 ചതുരശ്ര മീറ്റർ വീസ്തൃതിയുള്ള ടെർമിനലിൽ പ്രതിവർഷം 450 ലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാനാകും. ഏതുസമയത്തും 79 വിമാനങ്ങൾക്ക് സര്‍വിസ് നടത്താവുന്ന സൗകര്യങ്ങളാണ് പുതിയ ടെർമിനലിൽ ഉള്ളത്. പാസ്പോർട്ട് സ്കാനിങ്, ഐ സ്കാനിങ് സൗകര്യങ്ങളുള്ള 34 ഇ ഗേറ്റുകളും 38 ഇമിഗ്രേഷൻ കൗണ്ടറുകളും യാത്രക്കാർക്കായി സജീകരിച്ചു. പുതിയ ടെർമിനലിൽ 160 ഷോപ്പുകളും ഭക്ഷണ പാനീയ ഔട്ട്‌ലെറ്റുകളും ഉണ്ടാകും. ടെർമിനലിന്റെ വർധിച്ച ശേഷി വിനോദസഞ്ചാരമേഖലയുടെ വളർച്ചയ്ക്ക് ഏറെ ഗുണം ചെയ്യുമെന്ന് ഷെയ്ഖ് ഖാലെദ് പറഞ്ഞു.
Post a Comment