റഫാ അതിര്‍ത്തി തുറന്നു; ഗാസയിൽ മരണം 8796 ആയി, പരുക്കേറ്റവരെ ഈജിപ്തിലേക്ക് കൊണ്ടുപോകാന്‍ തുടങ്ങി

(www.kl14onlinenews.com)
(01-NOV-2023)

റഫാ അതിര്‍ത്തി തുറന്നു; ഗാസയിൽ മരണം 8796 ആയി, പരുക്കേറ്റവരെ ഈജിപ്തിലേക്ക് കൊണ്ടുപോകാന്‍ തുടങ്ങി
റഫ: ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട ഒക്ടോബര്‍ ഏഴിന് ശേഷം ആദ്യമായി റഫ അതിര്‍ത്തിയിലെ ക്രോസിങ് തുറന്ന് ഈജിപ്ത്. ക്രോസിങ് തുറന്നതിനെ തുടര്‍ന്ന് നിരവധി വിദേശികള്‍ യുദ്ധബാധിത പ്രദേശമായ ഗാസ വിടാന്‍ തുടങ്ങിയതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

ഈജിപ്തുമായുള്ള ഗാസയുടെ തെക്കന്‍ അതിര്‍ത്തിയിാണ് റഫ. ഇതുവഴി എത്രപേര്‍ ഈജിപ്തിലേക്ക് കടന്നെന്ന് വ്യക്തമല്ല. ഈജിപ്തില്‍ നിന്ന് 200-ലധികം ട്രക്കുകള്‍ സഹായവുമായി ഗാസയിലേക്ക് കടന്നെങ്കിലും ആളുകളെ ഗസയില്‍ നിന്ന് ഈജിപ്തിലേക്ക് കടക്കാന്‍ അനുവദിച്ചിരുന്നില്ല. റഫ ബോര്‍ഡര്‍ തുറന്നതിന് ശേഷം ഏകദേശം 500 വിദേശികളും ഇരട്ട പൗരന്മാരും ഈജിപ്തിലേക്ക് കടക്കുമെന്ന് പ്രതീക്ഷിക്കുന്നു.

44 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരും യുഎന്‍ ഉള്‍പ്പെടെ 28 ഏജന്‍സികളും ഗാസ മുനമ്പില്‍ താമസിക്കുന്നുണ്ടെന്നാണ് വിദേശ സര്‍ക്കാറുകളുടെ കണക്ക്. ഒക്ടോബര്‍ ഏഴിനാണ് ഹമാസ് ഇസ്രയേലില്‍ പ്രവേശിച്ച് ആക്രമണം നടത്തിയത്. തുടര്‍ന്ന് ഇസ്രയേലും ആക്രമണം നടത്തി. പലസ്തീനില്‍ ഏകദേശം 8700ലേറെപ്പേര്‍ കൊല്ലപ്പെട്ടു. ഇസ്രയേലില്‍ 1400 പേരാണ് കൊല്ലപ്പെട്ടത്. പുറമെലസ ഗാസയില്‍ ഭക്ഷണം, വെള്ളം, വൈദ്യുതി എന്നിവക്ക് ഇസ്രയേല്‍ അപ്രഖ്യാപിത ഉപരോധവും ഏര്‍പ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ 88 ഫലസ്തീനികളെ ചികിത്സക്കായി ബുധനാഴ്ച ഈജിപ്തിലേക്ക് കടക്കാന്‍ അനുവദിച്ചെന്ന് ഈജിപ്ത് അറിയിച്ചു.

കഴിഞ്ഞ ദിവസം ഗാസയിലെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 50 പേരെങ്കിലും കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ സംഭവത്തിന് ശേഷമാണ് റഫ ക്രോസിംഗ് തുറക്കാനുള്ള തീരുമാനമുണ്ടായത്. അഭയാര്‍ഥി ക്യാമ്പിലെ ആക്രമണത്തെ ഈജിപ്ത് ശക്തമായി അപലപിച്ചു.

വൈകിട്ടാണ് പരുക്കേറ്റവരേയും കൊണ്ടുള്ള ആദ്യ ആംബുലന്‍സ് ഗാസയില്‍നിന്ന് റഫാ അതിര്‍ത്തി കടന്നത്. അതിര്‍ത്തിയോട് ചേര്‍ന്ന് ഈജിപ്ത് നിര്‍മിച്ച താല്‍ക്കാലിക ചികില്‍സാ കേന്ദ്രങ്ങളിലേക്കാണ് പരുക്കേറ്റവരെ എത്തിക്കുക. ഗുരുതരമായി പരുക്കേറ്റ 88 പലസ്തീന്‍ പൗരന്‍മാരെ ഇത്തരത്തില്‍ ഈജിപ്തില്‍ എത്തിക്കും. അതോടൊപ്പം ദിവസവും 500 വിദേശ പൗരന്‍മാരെയും ഈജിപ്തിലേക്ക് കൊണ്ടുപോകാന്‍ ധാരണയായി. ഏഴായിരത്തിലധികം പേരാണ് ഈജിപ്തിലേക്ക് പോകാന്‍ ഇതുവരെ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അതിര്‍ത്തിയില്‍ വന്‍ ജനക്കൂട്ടം തമ്പടിച്ചത് സംഘര്‍ഷത്തിന് ഇടയാക്കുന്നുണ്ട്. ഖത്തറിന്റെ മധ്യസ്ഥതയില്‍ ഇസ്രയേലുമായും ഹമാസുമായും നടന്ന ചര്‍ച്ചയിലാണ് സാധാരണക്കാര്‍ക്കായി റഫാ അതിര്‍ത്തി തുറക്കാന്‍ ധാരണയായത്.

Post a Comment

Previous Post Next Post