നാല് ദിവസം വെടിനിർത്തൽ; ഹമാസ് 50 ബന്ദികളെ മോചിപ്പിക്കും

(www.kl14onlinenews.com)
(22-NOV-2023)

നാല് ദിവസം വെടിനിർത്തൽ; ഹമാസ് 50 ബന്ദികളെ മോചിപ്പിക്കും
ഗാസ സിറ്റി :
ഗാസയിൽ നാല് ദിവസത്തെ വെടിനിർത്തൽ കരാറിന് മന്ത്രിസഭ അംഗീകാരം നൽകി. ആദ്യ ഘട്ടത്തിൽ 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും. ഖത്തറിൻറെ മധ്യസ്ഥതയിൽ നടന്ന ചർച്ചകളിലാണ് ധാരണയായത്. എന്നാൽ യുദ്ധം പൂർണമായി അവസാനിപ്പിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരെ മോചിപ്പിക്കുന്നതിന് കരാർ സഹായകമാകുമെന്ന് ഇസ്രായേൽ സർക്കാർ ഉദ്യോഗസ്ഥൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഇസ്രായേൽ നാല് ദിവസത്തെ വെടിനിർത്തൽ കരാറിന് അം​ഗീകാരം നൽകുന്നത്. വെടിനിർത്തലിന് പകരമായി ബന്ദികളെ മോചിപ്പിക്കാനാണ് തീരുമാനം. ഇസ്രയേലുകാരായ 150ഓളം ബന്ദികളാണ് ഹമാസിൻറെ പിടിയിലുള്ളത്. അവരിൽ 50 പേരെയാണ് മോചിപ്പിക്കുക. 30 കുട്ടികളെയും 20 സ്ത്രീകളെയുമാണ് മോചിപ്പിക്കുക. ദിവസം 12 ബന്ദികൾ എന്ന നിലയിൽ നാല് ദിവസമായാണ് മോചനം. ഈ നാല് ദിവസം ഒരു ആക്രമണവും ഇസ്രയേൽ ഗാസയിൽ നടത്തില്ലെന്നാണ് കരാർ. നാല് ദിവസത്തിന് ശേഷം കൂടുതൽ ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് തയ്യാറായാൽ വെടിനിർത്തൽ തുടരാമെന്നാണ് ഇസ്രയേലിൻറെ തീരുമാനം.

വെസ്റ്റ് ബാങ്കിലെയും കിഴക്കൻ ജറുസലേമിലെയും ജയിലുകളിൽ കഴിയുന്ന പലസ്തീൻ സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കാനും ഇസ്രായേൽ അനുമതി നൽകി. എന്നാൽ എത്രപേരെ മോചിപ്പിക്കുമെന്ന് ഇസ്രായേൽ വെളിപ്പെടുത്തിയിട്ടില്ല. 150 പേരെ മോചിപ്പിക്കുമെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തട്ടിക്കൊണ്ടുപോയ 240 ഓളം ബന്ദികളിൽ 40 കുട്ടികളുൾപ്പെടെ 210 പേർ തങ്ങളുടേതാണെന്ന് ഹമാസ് അവകാശപ്പെടുന്നത്. ബന്ദികളെ മോചിപ്പിച്ച് ഇസ്രായേലിന് കൈമാറുന്നതിനുള്ള നടപടികൾ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് ആരംഭിച്ചതായി ചാനൽ 12 ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.

Post a Comment

Previous Post Next Post