ടാറ്റയുടെ കോവിഡ് ആശുപത്രിക്ക് 4.12 ഏക്കർ വഖഫ് ഭൂമി; പകരം ഭൂമി ലഭിച്ചെന്ന് ജിഫ്രി തങ്ങൾ

(www.kl14onlinenews.com)
(01-NOV-2023)

ടാറ്റയുടെ കോവിഡ് ആശുപത്രിക്ക് 4.12 ഏക്കർ വഖഫ് ഭൂമി; പകരം ഭൂമി ലഭിച്ചെന്ന് ജിഫ്രി തങ്ങൾ
കാസർകോട് :കോവിഡ് കാലത്ത് ടാറ്റാ അനുവദിച്ച കോവിഡ് ആശുപത്രി നിർമിക്കാൻ സർക്കാരിന് മലബാർ ഇസ്‍ലാമിക് കോംപ്ലക്സ് നൽകിയ ഭൂമിക്ക് പകരം ഭൂമി ലഭിച്ചതായി സമസത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ അറിയിച്ചു.

മാനുഷിക പരിഗണനയിലാണ് ഭൂമി അന്നു നൽകിയത്. മലപ്പുറത്തുള്ള എന്റെ വീട്ടിൽ വന്ന് കലക്ടറും മറ്റ് ഉദ്യോഗസ്ഥരും വന്നു കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ചെമ്മനാട് പഞ്ചായത്തിൽ തെക്കിൽ വില്ലേജിൽ 4.12 ഏക്കർ വഖഫ് ചെയ്ത ഭൂമി സർക്കാരിന് കൈമാറിയത്.

അന്ന് തങ്ങളെ വിമർശിച്ചവരും കുറ്റപ്പെടുത്തിയവരും ഉണ്ടായിരുന്നു. വിമർശകർക്കുള്ള മറുപടിയായി ഭൂമി തിരികെ ലഭിച്ചാൽ വാർത്ത സമ്മേളനം വിളിച്ചുചേർത്ത് പറയും എന്ന് അന്ന് പറഞ്ഞതാണ്. അതുകൊണ്ടാണ് മാധ്യമങ്ങളോട് ഇക്കാര്യം പറയുന്നത്. മൂന്നുവർഷം മുമ്പാണ് ഭൂമി നൽകിയത്. സർക്കാർ നടപടി ക്രമങ്ങൾ ധാരാളമുണ്ടാകും. മന്ത്രിസഭ പാസാക്കി. ബന്ധപ്പെട്ട തലങ്ങളിലൂടെ കടന്നുവരണം. അങ്ങനെ ഭൂമിയുടെ പട്ടയം രണ്ടാഴ്ച മുമ്പ് ലഭിച്ചു.

കളമശേരി സ്‌ഫോടനത്തെ വർഗീയമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളെ തടയാൻ സർക്കാരിനു സാധിച്ചു. സ്ഫോടനത്തെ വർഗീയമായി ചിത്രീകരിക്കാൻ ശ്രമിച്ചുവെന്നും ചില മാധ്യമങ്ങൾക്കും തെറ്റ് പറ്റിയെന്നു ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. കാള പെറ്റുവെന്ന് കേട്ടപ്പോൾ കയർ എടുത്തു എന്ന് പറയുന്നത് പോലെയായിരുന്നു കാര്യങ്ങൾ. അങ്ങനെ പ്രചരിപ്പിച്ചാലുള്ള അപകടം മനസ്സിലാക്കണം. വിഷയത്തിൽ സർക്കാർ ഉടൻ ഇടപെട്ടു.

ലീഗുമായി ഒരു ഭിന്നതയുമില്ലെന്നും യോജിപ്പാണെന്നും പറഞ്ഞ അദ്ദേഹം ഭിന്നതയുണ്ടാക്കാൻ ആരും മെനക്കെടേണ്ടെന്നും പറഞ്ഞു. കോഴിക്കോട് ലീഗ് സംഘടിപ്പിച്ച പരിപാടിയിൽ ശശി തരൂർ വ്യത്യസ്ത അഭിപ്രായം പറഞ്ഞതിനെക്കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും തങ്ങൾ വ്യക്തമാക്കി.

Post a Comment

Previous Post Next Post