ലോകകപ്പിൽ ഓരോ ടീമുകളുടെയും സെമി സാധ്യത ഇങ്ങനെ

(www.kl14onlinenews.com)
(01-NOV-2023)

ലോകകപ്പിൽ ഓരോ ടീമുകളുടെയും സെമി സാധ്യത ഇങ്ങനെ
ലഖ്നൗ: ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ വീഴ്ത്തി തുടര്‍ച്ചയായ ആറാം ജയത്തോടെ ഇന്ത്യ സെമിയോട് അടുത്തെങ്കിലും ഇതുവരെ ഒരു ടീമും സാങ്കേതികമായി സെമിയിലെത്തിയെന്ന് പറയാറായിട്ടില്ല. അതുപോലെ ഒരു ടീമും സാങ്കേതികമായി ലോകകപ്പില്‍ നിന്ന് പുറത്തായിട്ടുമില്ല. ഇംഗ്ലണ്ടിനെതിരായ വിജയത്തോടെ ഇന്ത്യയുടെ സെമി സാധ്യതകള്‍ 99.9 ശതമാനായി ഉയര്‍ന്നു. അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമെ ഇനി ഇന്ത്യ ലോകകപ്പില്‍ സെമി കാണാതെ പുറത്താവു എന്നു ചുരുക്കും.

എന്നാല്‍ സാങ്കേതികമായി മാത്രം അതിനുള്ള സാധ്യതകള്‍ ഇപ്പോഴുമുണ്ടെന്നതിനാലാണ് ഒരു ടീമും സെമിയിലെത്തിയെന്ന് ഉറപ്പിച്ച് പറയാനാവാത്തത്. നിലവില്‍ ആറ് കളികളില്‍ 12 പോയന്‍റുമായി ഒന്നാം സ്ഥാനത്താണ് ഇന്ത്യ. ദക്ഷിണാഫ്രിക്കയെയും ശ്രീലങ്കയെയും നെതര്‍ലന്‍ഡ്സിനെയുമാണ് ഇന്ത്യക്ക് നേരിടാനുള്ളത്. ഇതില്‍ ഒരെണ്ണം ജയിച്ചാലും ഇന്ത്യക്ക് സെമിയിലെത്താനാവും.

നിലവില്‍ പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കക്ക് 96 ശതമാനം സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്. ഇന്ത്യയെയും അഫ്ഗാനിസ്ഥാനെയും ന്യൂസിലന്‍ഡിനെയുമാണ് ദക്ഷിണാഫ്രിക്കക്ക് ഇനി നേരിടാനുള്ളത്. ഇതില്‍ ഒരെണ്ണം ജയിച്ചാലും ദക്ഷിണാഫ്രിക്കക്ക് സെമിയിലെത്താനാവുന്ന സാഹചര്യമുണ്ട്. എട്ട് പോയന്‍റുമായി മൂന്നാം സ്ഥാനത്തുള്ള ന്യൂസിലന്‍ഡിന് സെമിയിലെത്താന്‍ 77 ശതമാനം സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്. ലോകകപ്പില്‍ ഇനി പാകിസ്ഥാനെയും ദക്ഷിണാഫ്രിക്കയെയും ശ്രീലങ്കയെയുമാണ് ന്യൂസിലന്‍ഡിന് നേരിടാനുള്ളത്. ഇതില്‍ രണ്ട് കളികളെങ്കിലും ജയിച്ചാല്‍ കിവീസിന് സെമിയിലെത്താം. ഒരെണ്ണത്തില്‍ ജയിച്ചാലും സെമി സാധ്യതയുണ്ട്

ന്യൂസിലന്‍ഡിനെതിരായ ആവേശപ്പോരില്‍ ജയിച്ചെങ്കിലും നാലു കളികളില്‍ എട്ടു പോയന്‍റുമായി നാലാം സ്ഥാനത്താണ് ഓസ്ട്രേലിയ. ഓസ്ട്രേലിയക്ക് സെമിയിലെത്താന്‍ 76 ശതമാനം സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്. ഇംഗ്ലണ്ടിനെയും അഫ്ഗാനിസ്ഥാനെയും ബംഗ്ലാദേശിനെയുമാണ് ഇനി ഓസീസിന് നേരിടാനുള്ളത്.


നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിന് സെമിയിലെത്താന്‍ 0.4 ശതമാനം സാധ്യത മാത്രമാണുള്ളത്. ഓസ്ട്രേലിയയെയും പാകിസ്ഥാനെയും നേരിടാനുള്ള ഇംഗ്ലണ്ടിന് നെതര്‍ലന്‍ഡ്സ് മാത്രമാണ് ദുര്‍ബലരായ എതിരാളികളായുള്ളത്. ഇതില്‍ എല്ലാ മത്സരവും ജയിച്ചാലും രണ്ട് പോയന്‍റുള്ള ഇംഗ്ലണ്ട് സെമിയിലെത്താന്‍ സാധ്യതയില്ല.

ഏകദിന ലോകകപ്പില്‍ സെമി ഫൈനല്‍ പ്രതീക്ഷ ബാക്കിവെച്ച് പാകിസ്ഥാന്‍. ഇന്നലെ ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് പാകിസ്ഥാന്‍ പ്രതീക്ഷ നിലനിര്‍ത്തയത്. കൊല്‍ക്കത്ത, ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് 45.1 ഓവറില്‍ 204ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ 32.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ജയത്തോടെ പാകിസ്ഥാന്‍ അഞ്ചാം സ്ഥാനത്തേക്ക് കയറി. ഏഴ് മത്സരങ്ങളില്‍ ആറ് പോയിന്റാണ് അവര്‍ക്ക്. അഫ്ഗാനിസ്ഥാനും ആറ് പോയിന്റുണ്ടെങ്കിലും റണ്‍റേറ്റ് പാകിസ്ഥാന് തുണയായി. നേരത്തെ, പ്രതീക്ഷ അവസാനിച്ച ബംഗ്ലാദേശ് ഏഴ് മത്സരങ്ങളില്‍ രണ്ട് പോയിന്റ് മാത്രമായി ഒമ്പതാം സ്ഥാനത്താണ്.

വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് തുടങ്ങിയ പാകിസ്ഥാന് ഗംഭീര തുടക്കം ലഭിച്ചു. ഒന്നാം വിക്കറ്റില്‍ അബ്ദുള്ള ഷെഫീഖ് (68), ഫഖര്‍ സമാന്‍ (81) സഖ്യം 128 റണ്‍സ് ചേര്‍ത്തു. 69 പന്തുകള്‍ നേരിട്ട ഷെഫീഖ് രണ്ട് സിക്‌സും ഒമ്പത് ഫോറും നേടി. താരത്തെ പുറത്താക്കി മെഹിദി ഹസന്‍ മിറാസ് ബംഗ്ലാദേശിന് ബ്രേക്ക് ത്രൂ നല്‍കി. മൂന്നാമനായി ക്രീസിലെത്തിയ ബാബര്‍ അസം (9) നിരാശപ്പെടുത്തി. ഈ ലോകകപ്പില്‍ ആദ്യമായി അവസരം ലഭിച്ച ഫഖറും വിജയത്തിന് മുമ്പ് മടങ്ങി. ഏഴ് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. പിന്നീട് മുഹമ്മദ് റിസ്‌വാന്‍ (26) - ഇഫ്തിഖര്‍ അഹമ്മദ് (17) എന്നിവര്‍ വിജയത്തിലേക്ക് നയിച്ചു.

നേരത്തെ, 56 റണ്‍സടിച്ച മെഹ്‌മദുള്ളയും 45 റണ്‍സടിച്ച ലിറ്റണ്‍ ദാസും 43 റണ്‍സടിച്ച ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസനും 25 റണ്‍സടിച്ച മെഹ്ദി ഹസന്‍ മിറാസും മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ രണ്ടക്കം കടന്നത്. പാകിസ്ഥാനുവേണ്ടി ഷഹീന്‍ അഫ്രീദിയും മുഹമ്മദ് വസീം ജൂനീയറും മൂന്ന് വിക്കറ്റ് വീതം എറിഞ്ഞിട്ടപ്പോള്‍ ഹാരിസ് റൗഫ് രണ്ട് വിക്കറ്റെടുത്തു.

Post a Comment

Previous Post Next Post