കുസാറ്റിൽ ടെക്ക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലുംപെട്ട് 4 വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം 3023

(www.kl14onlinenews.com)
(25-NOV-2023)

കുസാറ്റിൽ ടെക്ക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലുംപെട്ട് 4 വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
കൊച്ചി: കളമശ്ശേരി കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല കാമ്പസിൽ (കുസാറ്റ്) ടെക്ക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് നാലു വിദ്യാർഥികൾ മരിച്ചു. രണ്ടു ആൺകുട്ടികളും രണ്ടു പെൺകുട്ടികളുമാണ് മരിച്ചത്. മരിച്ചവരിൽ രണ്ട് പേരെ തിരിച്ചറിഞ്ഞു. കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, ആൻ റിഫ്ത എന്നീ വിദ്യാർഥികളെയാണ് തിരിച്ചറിഞ്ഞത്. നാലുപേരെയും മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്. 64 പേർക്ക് പരിക്കേറ്റതായാണ് വിവരം. വിവിധ ആശുപത്രികളിലായാണ് പരിക്കേറ്റവർ ചികിത്സയിലുള്ളത്. രണ്ടു പെൺകുട്ടികൾ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇവരെ വിദഗ്ധ ചികിത്സക്കായി മാറ്റും.

വെള്ളിയാഴ്ചയാണ് ടെക് ഫെസ്റ്റ് 'ധിഷണ' ആരംഭിച്ചത്. ഇന്ന് സമാപനത്തോടനുബന്ധിച്ച് സ്കൂൾ ഓഫ് എൻജിനീയറിങ് കാമ്പസിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിലാണ് ഗാനമേള സംഘടിപ്പിച്ചിരുന്നത്. വൈകുന്നേരം 7.30ഓടെ ഇവിടെ വലിയ ജനക്കൂട്ടമായി. നിരവധി കാമ്പസുകളിൽ നിന്നും വിദ്യാർഥികൾ ഇവിടെ എത്തിയിരുന്നു.

ഇതിനിടെ മഴ പെയ്തതോടെ വിദ്യാർഥികൾ ഓഡിറ്റോറിയത്തിലേക്ക് തിക്കിത്തിരക്കി കയറിയതോടെയാണ് അപകടമുണ്ടായത്. താഴേക്ക് പടിക്കെട്ടുകളുള്ള ഓഡിറ്റോറിയത്തിൽ വിദ്യാർഥികൾ മേൽക്കുമേൽ വീഴുകയായിരുന്നു. നിലത്തുവീണ പലർക്കും ചവിട്ടേറ്റു.

ജില്ല കലക്ടർ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി.

ചികിത്സാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി -ആരോഗ്യ മന്ത്രി

കളമശ്ശേരി കുസാറ്റ് കാമ്പസിൽ ദുരന്തത്തിൽ പരിക്കേറ്റവർക്ക് ചികിത്സ ലഭ്യമാക്കാൻ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആരോഗ്യ പ്രവര്‍ത്തകര്‍ കളമശേരി മെഡിക്കല്‍ കോളേജിലും എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കൂടുതല്‍ ക്രമീകരണങ്ങളൊരുക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. സ്വകാര്യ ആശുപത്രികള്‍ക്കും സജ്ജമാകാന്‍ നിര്‍ദേശം നല്‍കി. മതിയായ കനിവ് 108 ആംബുലന്‍സുകള്‍ സജ്ജമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

Post a Comment

Previous Post Next Post