നോക്കൗട്ടിന് മുന്‍പ് 4 മല്‍സരം മാത്രം ബാക്കി; ലോകകപ്പില്‍ മികച്ച താരം ആര്? ടീം ഏത്?

(www.kl14onlinenews.com)
(10-NOV-2023)

നോക്കൗട്ടിന് മുന്‍പ് 4 മല്‍സരം മാത്രം ബാക്കി; ലോകകപ്പില്‍ മികച്ച താരം ആര്? ടീം ഏത്?
മുംബൈ :
ഏകദിന ലോകകപ്പില്‍ 41 മല്‍സരങ്ങള്‍ പൂര്‍ത്തിയായി. ആകെയുള്ള പത്തില്‍ ടീമുകള്‍ക്ക് ഇനി ഓരോ മല്‍സരം ബാക്കിയുണ്ട്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും സെമി ഉറപ്പിച്ചുകഴിഞ്ഞു. ഈ ഘട്ടത്തില്‍ ടൂര്‍ണമെന്റില്‍ ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ബാറ്റിങ്ങിലും ബോളിങിലും ഫീല്‍ഡിങിലും വിക്കറ്റ് കീപ്പിങിലുമെല്ലാം മികച്ചുനില്‍ക്കുന്ന താരങ്ങള്‍ ആരൊക്കെയാണ്? തകര്‍ന്നുവീണ റെക്കോര്‍ഡുകള്‍ ഏതൊക്കെയാണ്?

കൂടുതല്‍ റണ്‍സ്

2023 ലോകകപ്പില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് ന്യൂസീലന്‍ഡിന്റെ രചിന്‍ രവീന്ദ്രയാണ്. 8 കളികളില്‍ നിന്ന് 70.62 ശരാശരിയില്‍ 565 റണ്‍സ് വാരിക്കൂട്ടിയ രചിന്‍ ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന പ്രായം കുറഞ്ഞ താരമായി. മറികടന്നത് സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ്. ക്വിന്റന്‍ ഡി കോക്കും വിരാട് കോലിയും 500 റണ്‍സ് ക്ലബിലുണ്ട്. ഇരട്ടസെഞ്ചറിയുമായി ചരിത്രം കുറിച്ച ഗ്ലെന്‍ മാക്സ്‍വെല്‍ റണ്‍വേട്ടയില്‍ ഇപ്പോള്‍ ഏഴാമതാണ്.

ഉയര്‍ന്ന സ്കോര്‍

അഫ്ഗാനിസ്ഥാനെതിരെ അത്യുഗ്രന്‍ ഇരട്ടസെഞ്ചറി കുറിച്ച ഓസ്ട്രേലിയന്‍ താരം ഗ്ലെന്‍സ് മാക്സ്‍വെലാണ് ഇതുവരെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗതസ്കോര്‍ നേടിയത്. 2023 ലോകകപ്പിലെയെന്നല്ല ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്നായാണ് മാക്സ്​വെല്‍ വിസ്ഫോടനത്തെ വിലയിരുത്തുന്നത്. ക്വിന്റണ്‍ ഡി കോക്, ഡേവിഡ് വാര്‍ണര്‍, ഡെവണ്‍ കോണ്‍വേ എന്നിവരാണ് 150 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്ത മറ്റ് താരങ്ങള്‍. ഇന്ത്യക്കാരില്‍ രോഹിത് ശര്‍മ എട്ടാം സ്ഥാനത്തുണ്ട്.

ബാറ്റിങ് ശരാശരി

മൂന്നുമല്‍സരങ്ങള്‍ മാത്രം കളിച്ച പാക്കിസ്ഥാന്റെ ഫഖര്‍ സമനാണ് ബാറ്റിങ് ശരാശരിയില്‍ മുന്‍പന്‍. 109.50 ശരാശരിയില്‍ താരം 210 റണ്‍സ് അടിച്ചുകൂട്ടി. 8 മല്‍സരങ്ങള്‍ കളിച്ച വിരാട് കോലി 108.60 ശരാശരിയോടെ രണ്ടാംസ്ഥാനത്തുണ്ട്. ആകെ 543 റണ്‍സ് കോലിയുടെ പേരിലുണ്ട്. ന്യൂസീലന്‍ഡിന്റെ കെയ്ന്‍ വില്യംസണാണ് തൊണ്ണൂറിന് മുകളില്‍ ശരാശരിയുള്ള മറ്റൊരു താരം. 93.50 ആണ് വില്യംസണിന്റെ സ്കോറിങ് നിരക്ക്.

മികച്ച ബോളിങ്

ഇന്ത്യയുടെ അപരാജിത കുതിപ്പിന്റെ യഥാര്‍ഥ ശക്തി ബോളിങ് ആണെന്ന് ഈ പട്ടിക ഉറപ്പിച്ചുപറയും. 18 റണ്‍സ് മാത്രം വഴങ്ങി 5 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയുടെ പേരിലാണ് ഈ ലോകകപ്പില്‍ ഇതുവരെയുള്ള ഏറ്റവും മികച്ച ബോളിങ് പ്രകടനം. 54 റണ്‍സ് വഴങ്ങി മറ്റൊരു അഞ്ചുവിക്കറ്റ് നേട്ടം കൂടി ഷമിയുടെ പേരിലുണ്ട്. ബോളിങ്ങില്‍ മികച്ച രണ്ടാമത്തെ പ്രകടനവും ഇന്ത്യക്കാരന്റേതാണ്. 33 റണ്‍സിന് 5 വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജ. ഷഹീന്‍ഷാ അഫ്രീദി, മിച്ചല്‍ സാന്‍റ്നര്‍, ദില്‍ഷന്‍ മധുശങ്ക എന്നിവരും അഞ്ചുവിക്കറ്റ് ക്ലബില്‍ ഇടംപിടിച്ചു.


കൂടുതല്‍ വിക്കറ്റ്

ടീമിന്റെ പ്രകടനം ദയനീയമായിരുന്നെങ്കിലും ശ്രീലങ്കന്‍ താരം ദില്‍ഷന്‍ മധുശങ്ക ബോളിങില്‍ തീപാറിച്ചു. 9 കളികളില്‍ നിന്ന് 526 റണ്‍സ് വഴങ്ങി 21 വിക്കറ്റുകള്‍ നേടിയ മധുശങ്കയാണ് ഇപ്പോള്‍ വിക്കറ്റ് വേട്ടയില്‍ മുന്നില്‍. 20 വിക്കറ്റ് നേടിയ ഓസ്ട്രേലിയന്‍ താരം ആദം സാംപയ്ക്ക് സെമിഫൈനലും അതില്‍ ടീം ജയിച്ചാല്‍ ഫൈനലും ശേഷിക്കുന്നതിനാല്‍ ദില്‍ഷനെ മറികടക്കാന്‍ അവസരമുണ്ട്. 17 വിക്കറ്റ് നേടിയ ദക്ഷിണാഫ്രിക്കയുടെ മാര്‍ക്കോ ജെന്‍സനും സമാനമായ അവസരങ്ങള്‍ മുന്നിലുണ്ട്. 16 വിക്കറ്റോടെ മുഹമ്മദ് ഷമി നാലാം സ്ഥാനത്തുണ്ട്

ബോളിങ് ശരാശരി

ഷമി അല്ലാതെ മറ്റാര്! 112 റണ്‍സ് മാത്രം വഴങ്ങി 16 വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ പേസ് രാജാവിന്റെ ശരാശരി ഏഴാണ്. രണ്ടാം സ്ഥാനത്തുള്ള ജസ്പ്രീത് ബുംറയുടേത് 15.53ഉം മൂന്നാമതുള്ള ജഡേജയുടെ ശരാശരി 17.35ഉം ആണെന്നറിയുമ്പോഴാണ് ഷമിയുടെ പ്രകടനത്തിന്റെ ആഴം വ്യക്തമാകുക. പാക്കിസ്താന്റെ മുഹമ്മദ് വസീം 17.62 ശരാശരിയോടെ നാലാം സ്ഥാനത്തുണ്ട്.


വിജയശതമാനം

2023 ലോകകപ്പില്‍ കളിച്ച എല്ലാമല്‍സരങ്ങളും വിജയിച്ച ഇന്ത്യ തന്നെയാണ് വിജയശതമാനത്തില്‍ ഒന്നാമത്. അടുത്ത മൂന്ന് മല്‍സരങ്ങളില്‍ക്കൂടി അപരാജിത കുതിപ്പ് നിലനിര്‍ത്താനായാല്‍ ഇന്ത്യയുടെ കയ്യില്‍ ലോകകപ്പും ഒപ്പം നൂറുശതമാനം വിജയം എന്ന ചരിത്രനേട്ടവും ഉണ്ടാകും. കളിച്ച എട്ട് മല്‍സരങ്ങളില്‍ ആറുവീതം വിജയിച്ച ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയുമാണ് തൊട്ടുപിന്നില്‍. 75 ശതമാനം. ന്യൂസീലന്‍ഡ് 55.56, പാക്കിസ്ഥാന്‍ 50, അഫ്ഗാനിസ്ഥാന്‍ 50 എന്നിങ്ങനെയാണ് മറ്റ് ടീമുകളുടെ പ്രകടനം.

കൂടുതല്‍ വിജയങ്ങള്‍

ഇതുവരെ സെമിയിലെത്തിയ മൂന്ന് ടീമുകളും സെമി സാധ്യതയുള്ള കിവീസുമാണ് ഈ പട്ടികയില്‍ മുന്നില്‍. കളിച്ച എട്ടുമല്‍സരങ്ങളും വിജയിച്ച ഇന്ത്യ ഒന്നാമത്. ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും എട്ടില്‍ ആറുകളികള്‍ വീതം ജയിച്ചു. 9 കളികളില്‍ അഞ്ചെണ്ണം ജയിച്ച ന്യൂസീലന്‍ഡിന് പിന്നില്‍ 4 വിജയം സ്വന്തമാക്കിയ പാക്കിസ്ഥാനുമുണ്ട്.

കൂടുതല്‍ തോല്‍വികള്‍

ഈ ലോകകപ്പിലെ വന്‍ തോല്‍വി ഇംഗ്ലണ്ടാണെന്ന് തോന്നുമെങ്കിലും കണക്കുകളില്‍ അത് ശ്രീലങ്കയാണ്. 9 മല്‍സരങ്ങളില്‍ ഏഴിലും അവര്‍ തോറ്റു. എട്ടില്‍ ആറും തോറ്റ ഇംഗ്ലണ്ട് തൊട്ടുപിന്നിലുണ്ട്. ഇതേ സ്ഥിതിയാണ് നെതര്‍ലന്‍ഡ്സ്, ബംഗ്ലദേശ് ടീമുകള്‍ക്കും.

മല്‍സരത്തില്‍ കൂടുതല്‍ റണ്‍സ്

ഒരുമല്‍സരത്തില്‍ രണ്ട് ടീമുകളും ചേര്‍ന്ന് ഏറ്റവും കൂടുതല്‍ റണ്‍സ് സ്കോര്‍ ചെയ്തത് ഓസ്ട്രേലിയ–ന്യൂസീലന്‍ഡ് ഏറ്റുമുട്ടലിലാണ്. 771 റണ്‍സ് ആണ് ധരംശാലയില്‍ ഇരുടീമുകളും അടിച്ചുകൂട്ടിയത്. ഓസീസ് 388 റണ്‍സ് എടുത്തപ്പോള്‍ കിവീസിന് 50 ഓവറില്‍ 9 വിക്കറ്റിന് 383 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. ഓസ്ട്രേലിയയ്ക്ക് 5 റണ്‍സ് വിജയം. ഡല്‍ഹിയില്‍ നടന്ന ഓസ്ട്രേലിയ–ശ്രീലങ്ക മല്‍സരത്തിലും മൊത്തം റണ്‍സ് 750 കടന്നു.

വന്‍വിജയങ്ങള്‍

വിക്കറ്റുകളുടെ അടിസ്ഥാനത്തിലുള്ള വലിയ വിജയം ന്യൂസീലന്‍ഡിന്റെ പേരിലാണ്. അഹമ്മദാബാദില്‍ അവര്‍ ഇംഗ്ലണിനെ കെട്ടുകെട്ടിച്ചത് 9 വിക്കറ്റിന്. ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക എന്നീ ടീമുകള്‍ എട്ടുവിക്കറ്റ് വിജയം കുറിച്ചിട്ടുണ്ട്. ന്യൂസീലന്‍ഡ‍ിന്റെ പേരിലുമുണ്ട് 8 വിക്കറ്റ് വിജയം. ഇന്ത്യ പാക്കിസ്താനെയും ബംഗ്ലാദേശിനെയും തോല്‍പ്പിച്ചത് 7 വിക്കറ്റിനായിരുന്നു.

റണ്‍സിന്റെ അടിസ്ഥാനത്തിലുള്ള വിജയങ്ങളില്‍ മുന്‍പന്തിയില്‍ ഓസ്ട്രേലിയയാണ്. ഡല്‍ഹിയില്‍ നെതര്‍ലന്‍ഡ്സിനെതിരെ ഓസീസ് നേടിയ 309 റണ്‍സ് വിജയമാണ് ഈ ഗണത്തില്‍ മുന്നില്‍. രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഇന്ത്യയാണ്. വാംഖഡെയില്‍ ശ്രീലങ്കയ്ക്കെതിരെ 302 റണ്‍സിന്റെയും ഈഡന്‍ ഗാര്‍ഡന്‍സില്‍ ദക്ഷിണാഫ്രിക്കക്കെതിരെ 243 റണ്‍സിന്റെയും വിജയങ്ങള്‍. ദക്ഷിണാഫ്രിക്കയാണ് 200ലധികം റണ്‍സിന്റെ മാര്‍ജിനില്‍ വിജയിച്ച മറ്റൊരു ടീം.


Post a Comment

Previous Post Next Post