നവകേരള സദസ്സ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു; ഇനിയുള്ള 36 ദിവസം പിണറായി മന്ത്രിസഭ കേരളയാത്രയിൽ,ബസ് വിവാദത്തിലും പ്രതികരണം

(www.kl14onlinenews.com)
(18-NOV-2023)

നവകേരള സദസ്സ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു; ഇനിയുള്ള 36 ദിവസം പിണറായി മന്ത്രിസഭ കേരളയാത്രയിൽ,ബസ് വിവാദത്തിലും പ്രതികരണം
കാസർകോട്: നവകേരള സദസ്സിന് മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ പൈവളികെയിൽ തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ നവകേരള സദസ്സിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. മുഖ്യമന്ത്രിയും മന്ത്രിസഭയിലെ മുഴുവൻ മന്ത്രിമാരും വേദിയിൽ സന്നിഹിതരായിരുന്നു. ശുചിത്വ പ്രതിജ്ഞയോടെയായിരുന്നു ചടങ്ങിന് തുടക്കമായത്. വേദിയിൽ അണിനിരന്ന മുഖ്യമന്ത്രിയും മന്ത്രിമാരും സദസ്സും ഒരുമിച്ച് ശുചിത്വ പ്രതിജ്ഞ എടുത്തു. മുഖ്യമന്ത്രിയേയും മന്ത്രിമാരെയും പരാമ്പരാഗത തുളുനാടൻ ശൈലിയായിരുന്നു സ്വീകരിച്ചത്. കൊമ്പും വാദ്യവും മുഴക്കിയാണ് മന്ത്രിസഭയെ വേദിയിലേക്ക് ആനയിച്ചത്. വേദിയിലെത്തിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പരമ്പരാഗത തലപ്പാവ് അണിയിച്ചാണ് വേദിയിൽ സ്വീകരിച്ചത്.

ചീഫ് സെക്രട്ടറി ഡോ വി വേണു സ്വാഗതം പറഞ്ഞു. ഭരണനിർവ്വഹണത്തിൻ്റെ പുതിയ അധ്യായം എന്നായിരുന്ന വി വേണു നവകേരള സദസ്സിനെ വിശേഷിപ്പിച്ചത്. റവന്യൂവകുപ്പ് മന്ത്രി കെ രാജൻ ചടങ്ങിൽ അധ്യക്ഷനായിരുന്നു. വെറുതെ ചുറ്റിക്കറങ്ങലല്ല ലക്ഷ്യമെന്നും വികസന പ്രവർത്തനങ്ങളുടെ തുടർച്ചയാണ് യാത്രയെന്നും കെ രാജൻ വ്യക്തമാക്കി. നേരത്തെ എ കെ ശശീന്ദ്രൻ, സജി ചെറിയാൻ, അടക്കമുള്ള മന്ത്രിമാർ മണ്ഡലങ്ങളിൽ നേരിട്ട് പോയി പ്രശ്നങ്ങൾ പഠിച്ചിരുന്നു. അതിന്റെയൊക്കെ തുടർച്ചയാണ് നവകേരള യാത്രയെന്നും കെ രാജൻ വ്യക്തമാക്കി.

നവകേരള സദസ്സ് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി നവകേരള യാത്ര നെഞ്ചേറ്റിയ മഞ്ചേശ്വരത്തിന് നന്ദി പറഞ്ഞാണ് പ്രസംഗം ആരംഭിച്ചത്. നവകേരള സദസ്സ് തീർത്തും സർക്കാർ പരിപാടിയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നവകേരള സദസ്സിന് ചീഫ് സെക്രട്ടറിയാണ് സ്വാഗതം പറഞ്ഞതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. വേദിയിലെ പ്രധാന നിരയിൽ മഞ്ചേശ്വരത്തെ നിയമസഭാംഗം ഉണ്ടാകേണ്ടതാണെന്ന് സൂചിപ്പിച്ച മുഖ്യമന്ത്രി അവരുടെ അധ്യക്ഷതയിലാണ് സംഘാടക സമിതി ഉണ്ടാക്കേണ്ടതെന്നും ചൂണ്ടിക്കാണിച്ചു. എം എൽ എ യുടെ പാർട്ടിയുടെ നേതൃത്വമല്ല പക്ഷേ യുഡിഎഫിൻ്റെ നേതൃത്വവും കോൺഗ്രസും സഹകരിക്കില്ലെന്ന് നിർബന്ധം പിടിച്ചുവെന്ന് പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു. മഞ്ചേശ്വരത്തെ മുസ്ലിം ലീഗ് എംഎൽഎ ചടങ്ങിൽ പങ്കെടുക്കാത്തത് മുസ്ലിം ലീഗിന് താൽപ്പര്യമില്ലാത്തതിനാലല്ല മറിച്ച് യുഡിഎഫ്-കോൺഗ്രസ് നേതൃത്വത്തിൻ്റെ നിർബന്ധം കൊണ്ടാണെന്ന് മുഖ്യമന്ത്രി പറയാതെ പറഞ്ഞത് ശ്രദ്ധേയമായി.

കേരളത്തിലെ 140 മണ്ഡലങ്ങളിലും നവ കേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പര്യടനം നടത്തും. സ്വാതന്ത്ര്യ സമര സേനാനികൾ, വിവിധ മേഖലകളിലെ പ്രമുഖർ, കലാകാരൻമാർ, സെലിബ്രിറ്റികൾ, അവാർഡ് ജേതാക്കൾ എന്നിങ്ങനെ നിരവധി ആളുകൾ നവ കേരള സദസ്സിന്റെ ഭാഗമാകും. രാവിലെ 11 മണി, ഉച്ചയ്ക്ക് ശേഷം 3, 4.30, വൈകിട്ട് 6 മണി എന്നിങ്ങനെയാണ് ദിവസവും നാല് മണ്ഡലങ്ങളിലെ സദസ് നടക്കുക. അപൂർവ്വം ദിവസങ്ങളിൽ മൂന്നോ അഞ്ചോ സദസ്സുകൾ നടക്കും. മന്ത്രിസഭാ യോ​ഗമുള്ള ദിവസങ്ങളിൽ പ്രഭാതയോ​ഗമുണ്ടാകില്ല.

ഇടത് സർക്കാർ നേട്ടങ്ങളെ എണ്ണിപ്പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രത്തെയും യുഡിഎഫിനെയും രൂക്ഷഭാഷയിൽ വിമർശിച്ചു. സർക്കാറിനെ സാമ്പത്തികമായി ശ്വാസം മുട്ടിച്ച് പ്രവർത്തിക്കാൻ അനുവദിക്കാതിരിക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. തികച്ചും സർക്കാർ പരിപാടിയായ നവകേരള സദസിൽ നിന്നും സ്ഥലം എംഎൽഎയെ കോൺഗ്രസ് വിലക്കിയെന്ന് വിമർശിച്ച മുഖ്യമന്ത്രി, ആഡംബര ബസ് വിവാദങ്ങളും ഉദ്ഘാടനച്ചടങ്ങിൽ പരാമർശിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകൾ

2016 ന് മുൻപ് കേരളീയർ കടുത്ത നിരാശയിൽ ആയിരുന്നു. മാറ്റം ഉണ്ടാകില്ലെന്ന് കരുതിയിടത്താണ് ഇടത് സർക്കാർ ഭരണത്തിലെത്തിയത്. ദേശീയ പാതയെന്ന് വിശ്വസിക്കാൻ പറ്റാത്ത രീതിയിലായിരുന്ന റോഡുകൾ മെച്ചപ്പെടുത്തി. കേരളത്തിൽ ദേശീയ പാതാവികസനം ഇനി നടക്കില്ലെന്ന് ഒരു കാലത്ത് ജനം വിശ്വസിച്ചു. പക്ഷേ ഇന്നങ്ങനെയല്ല. സമയബന്ധിതമായി എല്ലാം പൂർത്തിയാക്കുമെന്ന് ജനം വിശ്വസിക്കുന്നു. യുഡിഎഫ് സർക്കാർ ആയിരുന്നെങ്കിൽ കേരളത്തിൽ മാറ്റം ഉണ്ടാകുമായിരുന്നില്ല.

നവ കേരള സദസ് പരിപാടി തീർത്തും സർക്കാർ പരിപാടിയാണ്. മഞ്ചേശ്വരം എംഎൽഎയെ പക്ഷേ യുഡിഎഫ് വിലക്കി. ഇത് ജനാധിപത്യ പ്രക്രിയക്കെതിരാണ്. ഈ നാട് എൽഎഡിഎഫ് എന്നതിൽ നിന്നും മാറി ജനമെത്തി. എൽഡിഎഫിന് അപ്പുറമുള്ള ജനങ്ങൾ പങ്കെടുത്തു. അവർക്ക് തിരിച്ചറിവ് ഉണ്ട്. ഇകഴ്ത്തി കാണിച്ചു വിവാദം ഉണ്ടാക്കാനാണ് ശ്രമം നടന്നത്.

നവകേരള സദസിനെ ഏതെല്ലാം തരത്തിൽ ഇകഴ്ത്തി കാണിക്കാമെന്നാണ് നോക്കിയത്. ആഡംബര ബസാണ് എന്നത് ഞങ്ങൾക്ക് എത്ര പരിശോധിച്ചിട്ടും മനസിലായില്ല. ബസിന്റെ ആഡംബരം എന്താണെന്ന് പരിശോധിച്ചിട്ടും മനസ്സിലായില്ല. ഞങ്ങളുടെ പരിശോധന കൊണ്ട് മാത്രം അവസാനിപ്പിക്കേണ്ട. മാധ്യമപ്രവർത്തകർക്ക് ബസ്സിൽ കയറി ആർഭാടം പരിശോധിക്കാം.

മാധ്യമ സ്വാതന്ത്ര്യത്തിന് വിഘാതമുണ്ടാകുന്ന എന്തെങ്കിലും ഇടത് സർക്കാർ ചെയ്തോ? മാധ്യമങ്ങൾ ശത്രുതാപരമായിട്ടാണ് സർക്കാറിനോട് പെരുമാറുന്നത്. ബദൽ സാമ്പത്തിക നയം നടപ്പാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിച്ചത്. ഇടത് സർക്കാർ പൊതുമേഖലയെ സംരക്ഷിക്കുന്നു. സംസ്ഥാനത്തെ സാമ്പത്തികമായി തകർക്കാനുള്ള നടപടികളാണ് കേന്ദ്രം സ്വീകരിക്കുന്നത്. സർക്കാറിനെ സാമ്പത്തികമായി ശ്വാസം മുട്ടിച്ച് പ്രവർത്തിക്കാൻ അനുവദിക്കാതിരിക്കുകയാണ് കേന്ദ്രം ചെയ്യുന്നത്.

Post a Comment

Previous Post Next Post