'നവകേരള സദസിന് ക്ലാസ് മുടക്കി വിദ്യാർത്ഥികളെ കൊണ്ടുപോകാൻ ശ്രമിച്ചാൽ തടയും'; എംഎസ്എഫ്

(www.kl14onlinenews.com)
(22-NOV-2023)

'നവകേരള സദസിന് ക്ലാസ് മുടക്കി വിദ്യാർത്ഥികളെ കൊണ്ടുപോകാൻ ശ്രമിച്ചാൽ തടയും'; എംഎസ്എഫ്
കോഴിക്കോട്: സർക്കാരിന്റെ നവകേരള സദസ് പരിപാടിക്ക് വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നതിനെതിരെ എംഎസ്എഫ് രം​ഗത്ത്. ക്ലാസ് മുടക്കി വിദ്യാർഥികളെ കൊണ്ട് പോകാൻ ശ്രമിച്ചാൽ തടയുമെന്ന് എംഎസ്എഫ് അറിയിച്ചു. ഇത് സംബന്ധിച്ച് എംഎസ്എഫ് സംസ്ഥാന കമ്മിറ്റി മണ്ഡലം കമ്മിറ്റികൾക്ക് നിർദേശം നൽകി.

നവകേരള സദസിലേക്ക് സ്കൂളുകളിൽ നിന്ന് വിദ്യാർത്ഥികളെ എത്തിക്കാൻ വിദ്യാഭ്യാസ വകുപ്പ് കർശന നിർദേശം നൽകിയിരുന്നു. ഒരു സ്കൂളിൽ നിന്ന് നൂറു മുതൽ 200 കുട്ടികളെ വീതം എത്തിക്കാനാണ് നിർദേശം. മലപ്പുറം തിരൂരങ്ങാടി ഡിഇഒ വിളിച്ചു ചേർത്ത പ്രധാനധ്യാപകരുടെ യോഗത്തിലായിരുന്നു നിർദേശം.

യോഗത്തിൽ വെച്ചു തന്നെ പ്രധാന അധ്യാപകർ തീരുമാനം ചോദ്യം ചെയ്തതോടെ മുകളിൽ നിന്നുള്ള ഉത്തരവ് ആണെന്നായിരുന്നു ഡിഇഒ യുടെ മറുപടി. അച്ചടക്കമുള്ള വിദ്യാർഥികളെ എത്തിക്കാനും അധ്യാപകരോട് അവരെ അനുഗമിക്കാനും നിർദേശത്തിൽ പറയുന്നു.

അതേസമയം,
സ്‌കൂള്‍ കുട്ടികളെ നവകേരള സദസില്‍ നിര്‍ബന്ധമായും പങ്കെടുപ്പിക്കണമെന്ന് പറയുന്നത് ശരിയായ രീതിയല്ലെന്നാണ് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. ഇതിനൊക്കെ മാതൃക മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്. ജനസമ്പര്‍ക്ക പരിപാടിയില്‍ ഒരിക്കലും രാഷ്ട്രീയം പറഞ്ഞിരുന്നില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു

നവകേരള സദസിന് ആളെ കൂട്ടാന്‍ സ്‌കൂള്‍ കുട്ടികളെ എത്തിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയെന്ന വാര്‍ത്ത നേരത്തെ പുറത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസം തിരൂരങ്ങാടി ഡിഇഒ വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് കുട്ടികളെ നവകേരള സദസിനെത്തിക്കാന്‍ പ്രധാനധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഓരോ സ്‌കൂളില്‍ നിന്നും കുറഞ്ഞത് 200 കുട്ടികള്‍ എങ്കിലും വേണമെന്നാണ് നിര്‍ദേശം.

Post a Comment

Previous Post Next Post