ലോകകപ്പില്‍ സര്‍വകാല റെക്കോര്‍ഡിട്ട് മുഹമ്മദ് ഷമി; കളിച്ചത് വെറും 3 മത്സരം, എറിഞ്ഞിട്ടത് 14 വിക്കറ്റ്

(www.kl14onlinenews.com)
(02-NOV-2023)

ലോകകപ്പില്‍ സര്‍വകാല റെക്കോര്‍ഡിട്ട് മുഹമ്മദ് ഷമി;
കളിച്ചത് വെറും 3 മത്സരം, എറിഞ്ഞിട്ടത് 14 വിക്കറ്റ്
മുംബൈ: മുഹമ്മദ് ഷമിയെ ലോകകപ്പിലെ ആദ്യ മത്സരങ്ങളില്‍ പുറത്തിരുത്തിയതിന് ഇന്ത്യ ഇപ്പോള്‍ ദു:ഖിക്കുന്നുണ്ടാവും. കാരണം, ഷമിയുടെ വരവ് ഒരു ഒന്നൊന്നര വരവായിരുന്നു. ഹാര്‍ദ്ദിക് പാണ്ഡ്യക്ക് പരിക്കേറ്റതുകൊണ്ട് മാത്രം പ്ലേയിംഗ് ഇലവനില്‍ മാറ്റം വരുത്താന്‍ നിര്‍ബന്ധിതരായ ടീം മാനേജ്മെന്‍റ് മുഹമ്മദ് ഷമിയെ തിരിച്ചുവിളിച്ചപ്പോള്‍ ആരാധകര്‍ പോലും ഈ ഒരു തിരിച്ചുവരവ് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ഈ ലോകകപ്പില് കളിച്ച മൂന്ന് മത്സരങ്ങളില്‍ നിന്ന് മാത്രം രണ്ട് അഞ്ച് വിക്കറ്റ് നേട്ടം ഉള്‍പ്പെടെ ഷമി എറിഞ്ഞിട്ടത് 14 വിക്കറ്റുകളാണ്.

ശ്രീലങ്കക്കെതിരെ അഞ്ച് വിക്കറ്റ് നേട്ടത്തോടെ ഒരുപിടി റെക്കോര്‍ഡുകളും ഷമി എന്ന് കടപുഴക്കി. ഏകദിന ലോകകപ്പില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന ബൗളറെന്ന നേട്ടം ഷമി ഇന്ന് സ്വന്തമാക്കി. 45 വിക്കറ്റുമായാണ് ഷമി ഒന്നാം സ്ഥാനത്തെത്തിയത്. വെറും 14 ഇന്നിംഗ്സുകളില്‍ നിന്നാണ് 48 വര്‍ഷത്തെ ലോകകപ്പ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കരാനായി ഷമി മാറിയത്. 23 ഇന്നിംഗ്സുകളില്‍ നിന്ന് 44 വിക്കറ്റെടുത്ത സഹീര്‍ ഖാനെയും 33 ഇന്നിംഗ്സില്‍ നിന്ന് 44 വിക്കറ്റെടുത്ത ജവഗല്‍ ശ്രീനാഥിനെയുമാണ് ഷമി ഇന്ന് പിന്നിലാക്കിയത്. 33 വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്രയും 31 വിക്കറ്റെടുത്ത അനില്‍ കുംബ്ലെയുമാണ് ഷമിക്ക് പിന്നിലുള്ളത്.

ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ തവണ നാലോ അതില്‍ കൂടുതലോ വിക്കറ്റ് നേടുന്ന ഇന്ത്യന്‍ ബൗളറെന്ന റെക്കോര്‍ഡും ഷമി ഇന്ന് സ്വന്തമാക്കി. ഈ വര്‍ഷം നാലാം തവണയാണ് ഷമി നാലോ അതില്‍ കൂടുതലോ വിക്കറ്റ് നേടുന്നത്. അതില്‍ മൂന്ന് തവണയും അഞ്ച് വിക്കറ്റ് നേട്ടമുണ്ട്. 2013ലും ഷമി ഈ നേട്ടം സ്വന്തമാക്കിയിരുന്നു. ലോകകപ്പില്‍ കളിച്ച 14 ഇന്നിംഗ്സില്‍ ഏഴ് തവണയും നാലു വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ഷമി ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ബൗളറുമായി.

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ തവണ അഞ്ച് വിക്കറ്റ് നേട്ടം കൊയ്യുന്ന ബൗളറെന്ന മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ റെക്കോര്‍ഡിന് ഒപ്പമെത്താനും ഷമിക്കായി. മൂന്ന് തവണയാണ് ഇരുവരും അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. ഇന്ത്യക്കായി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ തവണ അഞ്ച് വിക്കറ്റ് നേടിയ ബൗളറും ഷമിയാണ്. നാലു തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ഷമി മൂന്ന് തവണ അഞ്ച് വിക്കറ്റെടുത്തിട്ടുള്ള ജവഗല്‍ ശ്രീനാഥിനെയും ഹര്‍ഭജന്‍ സിംഗിനെയുമാണ് ഇന്ന് പിന്തള്ളിയത്.

Post a Comment

Previous Post Next Post