ഗ്രൂപ്പ് വിസ: കുടുംബത്തോടൊപ്പം യുഎഇ സന്ദർശിക്കുമ്പോൾ 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് വിസ സൗജന്യം

(www.kl14onlinenews.com)
(02-NOV-2023)

ഗ്രൂപ്പ് വിസ: കുടുംബത്തോടൊപ്പം യുഎഇ സന്ദർശിക്കുമ്പോൾ 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് വിസ സൗജന്യം
അബുദാബി: കുടുംബത്തോടൊപ്പം യുഎഇ സന്ദര്‍ശിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ചെലവ് ചുരുക്കി യാത്ര ചെയ്യാം. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെ ഫാമിലി ഗ്രൂപ്പ് ടൂറിസ്റ്റ് വിസ വഴിയാണ് ആനുകൂല്യം ലഭിക്കുക

കുടുംബത്തോടൊപ്പം യുഎഇ സന്ദര്‍ശിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഫാമിലി ഗ്രൂപ്പ് വിസിറ്റ് വിസക്ക് അപേക്ഷിക്കാം. കുട്ടികള്‍ക്ക് വിസ സൗജന്യമായി ലഭിക്കും. ഈ പദ്ധതി വഴി 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കാണ് വിസ സൗജന്യമായി ലഭിക്കുക. എന്നാല്‍ മാതാപിതാക്കള്‍ക്ക് വിസയ്ക്ക് സാധാരണ നിരക്ക് ബാധകമാണെന്ന് 'ഖലീജ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു. ഗ്രൂപ്പ് ടൂറിസ്റ്റ് വിസ എടുത്ത് മാതാപിതാക്കള്‍ക്കൊപ്പം യാത്ര ചെയ്യുന്നവര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം. കുട്ടികള്‍ തനിച്ചോ മറ്റുള്ളവരോടൊപ്പമോ വരുമ്പോള്‍ ഈ ആനുകൂല്യം ലഭിക്കില്ല. യുഎഇയ്ക്ക് അകത്തും പുറത്തുമുള്ള അംഗീകൃത ട്രാവല്‍ ഏജന്‍സികള്‍ വഴി മാത്രമാണ് ഓഫര്‍ ലഭിക്കുക.

മാതാപിതാക്കളില്‍ ആരെങ്കിലും ഒരാള്‍ക്കൊപ്പം യാത്ര ചെയ്യുന്ന കുട്ടികള്‍ക്കും സൗജന്യ വിസ ലഭിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 30 അല്ലെങ്കില്‍ 60 ദിവസമാണ് രാജ്യത്ത് താമസിക്കാനാകുക. രാജ്യത്തിനകത്ത് തങ്ങിക്കൊണ്ട് തന്നെ ഈ കാലയളവ് നീട്ടാനുമാകും.

എങ്ങനെ അപേക്ഷിക്കാം..

യാത്ര ചെയ്യുന്ന കുടുംബാംഗങ്ങളുടെ പാസ്‌പോര്‍ട്ടുകളുടെ കോപ്പി, ഫോട്ടോസ് എന്നിവ ട്രാവല്‍ ഏജന്‍സിയില്‍ നല്‍കുക.
ഫീസ് അടയ്ക്കുക. കുട്ടികള്‍ക്ക് വിസ സൗജന്യമാണെങ്കിലും ട്രാവല്‍ ഏജന്റ് സര്‍വീസ് നിരക്കും ഇന്‍ഷുറന്‍സ് ഫീസും ബാധകമാണ്.
ഏജന്‍സി വിസ നടപടികള്‍ ആരംഭിക്കും.
ഒന്നോ രണ്ടോ ദിവസത്തിലാണ് സാധാരണയായി വിസ ലഭിക്കുക.

മാതാപിതാക്കളുടെ വിസ ഫീസും കുട്ടികളുടെ സര്‍വീസ് ചാര്‍ജും ട്രാവല്‍ ഏജന്‍സിയെ ആശ്രയിച്ചിരിക്കും. നിരക്കുകളില്‍ മാറ്റമുണ്ടാകും.മാതാപിതാക്കള്‍ക്ക് 30 ദിവസത്തെ വിസയ്ക്ക 350 ദിര്‍ഹം മുതല്‍ 500 ദിര്‍ഹം വരെ ചെലവ് വരും. കുട്ടികളുടെ സര്‍വീസ് ചാര്‍ജും ഇന്‍ഷുറന്‍സും 80 ദിര്‍ഹത്തിനും 120 ദിര്‍ഹത്തിനും ഇടയിലാണ്. 60 ദിവസത്തെ വിസയ്ക്ക് 500 ദിര്‍ഹം മുതല്‍ 650 ദിര്‍ഹം വരെയാണ് ചെലവ്. സര്‍വീസ് ചാര്‍ജും ഇന്‍ഷുറന്‍സും കൂടി 130 ദിര്‍ഹം മുതല്‍ 170 ദിര്‍ഹം വരെയാകാം.

വിസ കാലാവധി കഴിയുന്നതിന് മുമ്പ് വേണമങ്കില്‍ കാലയളവ് നീട്ടുന്നതിന് അപേക്ഷിക്കാം. പരമാവധി 120 ദിവസത്തേയ്ക്ക് നീട്ടാം. എന്നാല്‍ കാലാവധി നീട്ടുമ്പോള്‍ കുട്ടികള്‍ക്ക് സൗജന്യ വിസ ലഭിക്കില്ല. വിശദ വിവരങ്ങളും ആവശ്യമായ രേഖകളും https://smart.gdrfad.gov.ae എന്ന ജിഡിഎഫ് ആർഎ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അറിയാം.

Post a Comment

Previous Post Next Post