സിപിഎമ്മിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കേണ്ടെന്ന് മുസ്ലീംലീഗ് തീരുമാനം

(www.kl14onlinenews.com)
(04-NOV-2023)

സിപിഎമ്മിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കേണ്ടെന്ന് മുസ്ലീംലീഗ് തീരുമാനം
കോഴിക്കോട്​: സി.പി.എം ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ മുസ്​ലിം ലീഗ്​ പ​​ങ്കെടുക്കില്ല. സി.പി.എം ക്ഷണം സ്വാഗതം ചെയ്യുന്നതായും ക്ഷണിച്ചതിന്​ നന്ദി പറയുന്നതായും തീരുമാനം വിശദീകരിച്ചുകൊണ്ട്​ ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

ലീഗ്​ യു.ഡി.എഫിന്‍റെ ഭാഗമായതിനാലാണ്​ കോൺഗ്രസിനെ ക്ഷണിക്കാത്ത പരിപാടിയിൽ പ​​ങ്കെടുക്കാത്തത്​. മുന്നണിയു​ടെ അന്തസ്സത്തക്ക്​ ചേരാത്ത പ്രവർത്തനം ലീഗിന്‍റെ ഭാഗത്തുനിന്ന്​ ഉണ്ടാകില്ല. ഫലസ്തീനിലെ കെടുതികൾ നാൾക്കുനാൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ സർവകക്ഷി യോഗം ചേർന്ന്​ ഐക്യദാർഢ്യം പ്രഖ്യാപിക്കണം. ഇൻഡ്യ മുന്നണിയും ഇക്കാര്യത്തിൽ മുൻകൈയെടുക്കണം. എല്ലാവരും ഒറ്റക്കെട്ടായി പിന്തുണക്കേണ്ട വിഷയമായതിനാലാണ്​ ഇ.ടി. മുഹമ്മദ്​ ബഷീറിന്‍റെ ഇക്കാര്യത്തിലുള്ള അഭിപ്രായ പ്രകടനമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

ഫലസ്തീൻ വിഷയത്തിൽ ലീഗിന്​ സഥിരതയുള്ള നിലപാടുണ്ട്​. ലോകത്തിന്‍റെ​ തന്നെ ശ്രദ്ധനേടുന്ന റാലിയാണ്​ പാർട്ടി കോഴിക്കോട്​ സംഘടിപ്പിച്ചത്​. സി.പി.എം റാലിയും നല്ല രീതിയിൽ നടക്കട്ടെ. അതിൽ ഞങ്ങൾക്ക്​ സന്തോഷമേയുള്ളൂ. മലപ്പുറം കോൺഗ്രസിലെ ഗ്രൂപ്​ പോരിനെക്കുറിച്ച ചോദ്യത്തിന്​ കോൺഗ്രസിന്‍റെ ആഭ്യന്തര കാര്യങ്ങളിൽ ലീഗ്​ ഇടപെടാറില്ലെന്നായിരുന്നു മറുപടി. ഇ.ടി. മുഹമ്മദ്​ ബഷീർ, പി.എം.എ. സലാം എന്നിവരും വാർത്തസമ്മേളനത്തിൽ പ​​ങ്കെടുത്തു.

പാർട്ടി അധ്യക്ഷൻ പാണക്കാട്​ സാദിഖലി തങ്ങൾ ഓ​ൺലൈനായാണ്​ യോഗത്തിൽ പ​ങ്കെടുത്തത്​. സി.പി.എം റാലിയിൽ ക്ഷണിച്ചാൽ പ​​ങ്കെടുക്കുമെന്ന ഇ.ടി. മുഹമ്മദ്​ ബഷീറിന്‍റെ പ്രസ്താവനയെ തുടർന്ന്​ സി.പി.എം ലീഗിനെ റാലിക്ക്​ ക്ഷണിച്ചതോടെ വൻ വിവാദമാണ്​ ഉടലെടുത്തത്​. കോൺഗ്രസിനെ ക്ഷണിക്കാത്ത പരിപാടിയിൽ ലീഗ്​ പ​​ങ്കെടുത്താൽ അത്​ യു.ഡി.എഫിൽ വിള്ളലുണ്ടാക്കുമെന്ന അവസ്ഥയുണ്ടായി. ഈ പശ്ചാത്തലത്തിലായിരുന്നു നേതാക്കൾ ലീഗ്​ ഹൗസിൽ അടിയന്തര യോഗം ചേർന്ന്​ തീരുമാനം പ്രഖ്യാപിച്ചത്​.

Post a Comment

Previous Post Next Post