മറിയക്കുട്ടിക്ക് ഒരു മാസത്തെ പെൻഷൻ നല്‍കി, ബാക്കി ഉടൻ നൽകിയില്ലെങ്കിൽ വീണ്ടും സമരം

(www.kl14onlinenews.com)
(21-NOV-2023)

മറിയക്കുട്ടിക്ക് ഒരു മാസത്തെ പെൻഷൻ നല്‍കി, ബാക്കി ഉടൻ നൽകിയില്ലെങ്കിൽ വീണ്ടും സമരം
അടിമാലി:
ക്ഷേമ പെൻഷൻ ലഭിക്കാത്തതിന് മൺചട്ടിയുമായി സര്‍ക്കാരിനെതിരെ ഭിക്ഷയാചിച്ച് പ്രതിഷേധിച്ച മറിയക്കുട്ടിക്ക് ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ നല്‍കി. അടിമാലി സര്‍വീസ് സഹകരണ ബാങ്ക് വീട്ടില്‍ നേരിട്ടെത്തിയാണ് മറിയക്കുട്ടിക്ക് പെന്‍ഷന്‍ കൈമാറിയത്. ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ മാത്രമാണ് ഇപ്പോള്‍ കൈമാറിയിരിക്കുന്നത്. നാല് മാസത്തെ പെൻഷൻ വേഗത്തിൽ നൽകിയില്ലെങ്കിൽ വീണ്ടും തെരുവിൽ ഇറങ്ങുമെന്ന് മറിയക്കുട്ടി പറഞ്ഞു. അതിനുള്ള സാഹചര്യം സർക്കാർ ഉണ്ടാക്കരുതെന്നും മറിയക്കുട്ടി കൂട്ടിച്ചേര്‍ത്തു.

അതേസമയം ക്ഷേമ പെന്‍ഷന്‍ വിവാദങ്ങളെ തുടർന്നുണ്ടായ വ്യാജ പ്രചരണങ്ങൾക്ക് എതിരെ ഹെെക്കോടതിയെ (High Court) സമീപിക്കാൻ ഒരുങ്ങുകയായിരുന്നു മറിയക്കുട്ടി. മറിയക്കുട്ടിക്ക് ഒന്നര ഏക്കര്‍ സ്ഥലവും രണ്ടുവീടുമുണ്ടെന്ന വ്യാജപ്രചാരണം സമൂഹമാധ്യമങ്ങളിൽ ശക്തമായിരുന്നു. പ്രചരണങ്ങൾ ശക്തമായതോടെ മറിയക്കുട്ടി മന്നാംങ്കണ്ടം വില്ലേജ് ഓഫീസിനെ സമീപിക്കുകയും ഭൂമിയില്ല എന്ന് സാക്ഷ്യപ്പെടുത്തി സർട്ടിഫിക്കറ്റ് വാങ്ങിക്കുകയുമായിരുന്നു. തുടർന്നാണ് ഹൈക്കോടതി സമീപിക്കാൻ മറിയക്കുട്ടി തീരുമാനമെടുത്തത്.

തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ തടയണമെന്നും ഈ വിഷയത്തിൽ കോടതി ഇടപെടണമെന്നുമാണ് മറിയക്കുട്ടിയുടെ ആവശ്യം. അതേസമയം മറിയക്കുട്ടിക്ക് സഹായവുമായി യൂത്ത് കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്. മറിയക്കുട്ടിക്ക് ആവശ്യമായ നിയമസഹായം നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്നായിരുന്നു സിപിഎം അനുകൂലികളുടെ പ്രചാരണം. ഇതിനെതിരെയാണ് മറിയക്കുട്ടി കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്.

പെന്‍ഷന്‍ കിട്ടാത്തതിനെത്തുടര്‍ന്ന് ഭിക്ഷ യാചിച്ച വയോധിക സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത് വന്നിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാന്‍ സിപിഎം പ്രവര്‍ത്തകര്‍ ശ്രമിക്കുന്നുവെന്നും വീടിനു നേരെ കല്ലേറുണ്ടായെന്നും മറിയക്കുട്ടി നേരത്തെ പറഞ്ഞിരുന്നു.

തനിക്ക് ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്ന പ്രചാരണം തെളിയിക്കാന്‍ വെല്ലുവിളിക്കുകയാണ്. അത് അവര് തെളിയിക്കണം. തനിക്ക് ഉണ്ടെന്നു പറയപ്പെടുന്ന ഭൂമി ഒന്നു കാണിച്ചു തരണം. ഇതിനല്ലേ തഹസില്‍ദാറും വില്ലേജ് ഓഫീസറുമൊക്കെയുള്ളത്. അവിടെ പോയി രേഖയെടുക്കാന്‍ വലിയ വിഷമമുണ്ടോ. അങ്ങോട്ടു ചെന്നാല്‍പ്പോരേ എന്നും മറിയക്കുട്ടി പറഞ്ഞിരുന്നു.

മറിയക്കുട്ടിക്ക് സ്വന്തമായി രണ്ടു വീടുണ്ടെന്നും അതില്‍ ഒരു വീട് 5,000 രൂപയ്ക്ക് വാടകയ്ക്ക് നല്‍കിയിരിക്കുകയാണെന്നുമായിരുന്നു ചില കേന്ദ്രങ്ങളിൽ നിന്ന് പ്രചാരണം ഉയർന്നത്. ഇത് കൂടാതെ അവരുടെ പേരിൽ ഒന്നര ഏക്കറോളം സ്ഥലമുണ്ടെന്നും പ്രചരണം നടന്നിരുന്നു. മാത്രമല്ല ഇവരുടെ മക്കളും സഹോദരങ്ങളുമുള്‍പ്പെടെ വിദേശത്ത് ജോലി ചെയ്യുകയാണെന്നുള്ള പ്രചരണങ്ങളും ശക്തിയാർജ്ജിച്ചിരുന്നു.

Post a Comment

Previous Post Next Post