ലോകകപ്പ് ഫൈനലിൽ ഇന്ത്യ തോറ്റത് ദുശ്ശകുനം കാരണം: മോദിക്കെതിരെ രാഹുൽ ഗാന്ധി

(www.kl14onlinenews.com)
(21-NOV-2023)

ലോകകപ്പ് ഫൈനലിൽ ഇന്ത്യ തോറ്റത് ദുശ്ശകുനം കാരണം: മോദിക്കെതിരെ രാഹുൽ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദുശ്ശകുനം എന്ന് വിളിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയുടെ പ്രവേശനമാണ് കഴിഞ്ഞ ഞായറാഴ്ച ഓസ്‌ട്രേലിയയ്‌ക്കെതിരായ 2023 ലോകകപ്പ് ഫൈനൽ മത്സരത്തിൽ ഇന്ത്യ പരാജയപ്പെടാൻ കാരണമെന്ന് രാഹുൽഗാന്ധി പറഞ്ഞു.

രാജസ്ഥാനിലെ ജലോറിൽ ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയാണ് രാഹുൽ ഈ പരാമർശം നടത്തിയത്. "നമ്മുടെ ആൺകുട്ടികൾ ലോകകപ്പ് നേടുമായിരുന്നു, പക്ഷേ ദുശ്ശകുനം അവരെ തോൽപ്പിച്ചു."- രാഹുൽ പറഞ്ഞു.
ലോകകപ്പ് ക്രിക്കറ്റ് ഫൈനലിലെ പരാജയത്തിനു ശേഷം പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ പാർട്ടികളും രംഗത്ത് വന്നിരുന്നു. എല്ലാവരും സങ്കടപ്പെട്ടിരിക്കുമ്പോള്‍ കാമറകളുമായി ഇന്ത്യൻ ടീമിന്റെ ഡ്രസ്സിങ് റൂമിലെത്തിയത് ശരിയായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം വിമർശനം ഉയർത്തിയത്. ഫൈനലിൽ പരാജയം ഏറ്റുവാങ്ങിയ ടീം അംഗങ്ങൾ ഏറെ ദുഃഖിതരായിരുന്നു. ഇതിനിടെയാണ് കാമറകളുമായി പ്രധാനമന്ത്രി ഡ്രസ്സിങ് റൂമിലേക്ക് എത്തുന്നത്. ടീം അംഗങ്ങൾ വളരെ അസ്വസ്ഥരായിരുന്നുവെന്നാണ് ശിവസേന (യു.ബി.ടി) നേതാവ് പ്രിയങ്ക ചതുർവേദി വിമർശിച്ചത്.

പിന്നാലെ തൃണമൂൽ കോൺഗ്രസ് (ടി.എം.സി) നേതാവും മുൻ ക്രിക്കറ്റ് താരവുമായ കീർത്തി ആസാദും മോദിയെ വിമർശിച്ച് രംഗത്തെത്തി. "എല്ലാ ടീമുകളുടെയും സങ്കേതമാണ് ഡ്രസ്സിംഗ് റൂം. കളിക്കാരും സപ്പോർട്ട് സ്റ്റാഫും ഒഴികെ ആരെയും ഈ മുറികളിൽ പ്രവേശിക്കാൻ ഐ.സി.സി അനുവദിക്കുന്നില്ല. ടീം അംഗങ്ങളെ പ്രധാനമന്ത്രി കാണേണ്ടിയിരുന്നത് പ്രൈവറ്റ് വിസിറ്റേഴ്‌സ് ഏരിയയിലെ ഡ്രസ്സിംഗ് റൂമിന് പുറത്ത് വെച്ചായിരുന്നു. ഒരു കായികതാരം എന്ന നിലയിലാണ് ഞാനിത് പറയുന്നത്, രാഷ്ട്രീയക്കാരനായല്ല"- കീർത്തി ആസാദ് പറഞ്ഞു. മത്സരത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്ത്ര മന്ത്രി അമിത് ഷായ്ക്കൊപ്പം ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമിലെത്തി താരങ്ങളെ നേരിട്ട് ആശ്വസിപ്പിക്കുന്നതിന്‍റെയും മുഹമ്മദ് ഷമിയെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്നതിന്‍റെയും ചിത്രങ്ങളും പുറത്തു വന്നിരുന്നു.

തന്റെ പഴയ പ്രസംഗങ്ങളിൽ മറ്റ് പിന്നാക്ക വിഭാഗങ്ങളെ (ഒബിസി) പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രി, അവരുടെ വികസനത്തിനായി പിന്നീട് ഒന്നും ചെയ്തില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി. ഒബിസി വിഭാഗക്കാർ എണ്ണത്തിൽ കൂടുതലാണ് അവരുടെ വികസനത്തിൽ കേന്ദ്രം ശ്രദ്ധിക്കുന്നില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.

നവംബർ 25ന് നടക്കാനിരിക്കുന്ന രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 'ജൻ ഘോഷ പത്ര' എന്ന പ്രകടനപത്രിക കോൺഗ്രസ് പുറത്തിറക്കി. രാജസ്ഥാനിൽ അധികാരം നിലനിർത്താനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. പാർട്ടി വീണ്ടും അധികാരത്തിൽ വന്നാൽ ജനങ്ങൾക്കായി ഏഴ് വാഗ്ദാനങ്ങളാണ് കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ മൂന്നിന് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.

അതേസമയം സംസ്ഥാനത്ത് കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തിയാൽ വനിതാ കുടുംബനാഥയ്ക്ക് പ്രതിവർഷം 10,000 രൂപ വാർഷിക ധനസഹായം നൽകുമെന്ന പ്രഖ്യാപനവുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. 'ഗൃഹ ലക്ഷ്മി ഗ്യാരന്റി' പദ്ധതി പ്രകാരം, പ്രസ്തുത തുക എല്ലാ വർഷവും ഗുണഭാക്താവായ സ്ത്രീയുടെ അക്കൗണ്ടിലേക്ക് രണ്ടോ മൂന്നോ തവണകളായി ക്രെഡിറ്റ് ചെയ്യും. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ജുൻജുനുവിൽ സംഘടിപ്പിച്ച പാർട്ടി റാലിയെ അഭിസംബോധന ചെയ്യവെയാണ് ഗെലോട്ട് ഇക്കാര്യം പറഞ്ഞത്.

ഇതിനുപുറമെ 1.05 കോടി കുടുംബങ്ങൾക്ക് 500 രൂപ നിരക്കിൽ പാചക വാതക സിലിണ്ടർ നൽകുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വധേരയും റാലിയിൽ പങ്കെടുത്തു. അതേസമയം കോൺഗ്രസിന്റെ പ്രഖ്യാപനത്തിനെതിരെ ബിജെപി എംഎൽഎയും പ്രതിപക്ഷ നേതാവുമായ രാജേന്ദ്ര റാത്തോഡ് രംഗത്തെത്തി.

"തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം നടത്തുന്ന പ്രഖ്യാപനങ്ങൾ കോൺഗ്രസിന് ഗുണം ചെയ്യില്ല, സ്ത്രീകൾക്ക് നേട്ടമുണ്ടാകണമെങ്കിൽ പ്രഖ്യാപനം നേരത്തെ നടത്താമായിരുന്നു."- രാജേന്ദ്ര റാത്തോഡ് പറഞ്ഞു. രാജസ്ഥാനിലെ 200 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് നവംബർ 25 നാണ്.

Post a Comment

Previous Post Next Post