(www.kl14onlinenews.com)
(05-NOV-2023)
ന്യൂഡൽഹി: ഫലസ്തീനിലും ഇസ്രയേലിലും സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡെൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ ഫോർ ഡെമോക്രാറ്റിക് വേൾഡ് ഗവണ്മെന്റ്' എന്ന സംഘടനയുടെ നേതൃത്വത്തിൽ ഡെൽഹി - ശ്രീനിവാസ്പുരിയിൽ നിരാഹാര സത്യാഗ്രഹം നടത്തി. ആക്ഷൻ കൗൺസിൽ ചെയർമാൻ രാജീവ് ജോസഫിന്റെ നേതൃത്വത്തിൽ നടന്ന സത്യാഗ്രഹത്തിൽ നൂറോളം മനുഷ്യാവകാശ പ്രവർത്തകരും വിവിധ സാമൂഹ്യ - സാംസ്കാരിക - രാഷ്ട്രീയ പ്രവർത്തകരും പങ്കെടുത്തു. ഒക്ടോബർ 28 ന് ജന്തർ മന്ദറിൽ "കാൻഡിൽ മാർച്ച്" നടത്തുവാനുള്ള അനുമതിക്കുവേണ്ടി ഡെൽഹി പൊലീസിന് അപേക്ഷ നൽകിയിരുന്നു. എന്നാൽ ജന്തർ മന്ദറിൽ "കാൻഡിൽ മാർച്ച്"നടത്തുവാൻ പോലീസ് അനുവദിക്കാതിരുന്നതിനെത്തുടർന്നാണ്, പോലീസിന്റെ അനുമതിയില്ലാതെതന്നെ ശ്രീനിവാസ്പുരിയിൽ നിരാഹാര സത്യാഗ്രഹം സംഘടിപ്പിക്കുവാൻ ആക്ഷൻ കൗൺസിൽ തീരുമാനിച്ചത്.
നിരപരാധികളായ ആയിരക്കണക്കിന് മനുഷ്യർ മരിച്ചുവീഴുന്ന ഇസ്രായേൽ - പാലസ്തീൻ യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കുവാൻ ഇന്ത്യാ സർക്കാർ അടിയന്തിര ഇടപെടലുകൾ നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും, ഇസ്രായേലിനേയും പാലസ്തീനെയും രണ്ട് സ്വതന്ത്ര രാഷ്ട്രങ്ങളായി പ്രഖ്യാപിച്ചുകൊണ്ട് പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുവാൻ ഐക്യരാഷ്ട്ര സംഘടനയും മുഴുവൻ ലോകനേതാക്കളും മുൻകൈ എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുമാണ് നിരാഹാര സത്യാഗ്രഹം സംഘടിപ്പിച്ചത്. എന്തെല്ലാം ന്യായം പറഞ്ഞാണെങ്കിലും മനുഷ്യരെ കൂട്ടക്കുരുതി ചെയ്യുന്ന ഇസ്രായേൽ ഭരണകൂടത്തേയും ഹമാസിനേയും പിന്തുണക്കുന്നില്ലെന്ന് ആക്ഷൻ കൗൺസിൽ ചെയർമാൻ രാജീവ് ജോസഫ് വ്യക്തമാക്കി. ഇസ്രായേൽ ഭരണകൂടവും ഹമാസും മനുഷ്യരാശിയോട് ചെയ്യുന്ന കൊടും ക്രൂരത കയ്യുംകെട്ടി നോക്കിനിൽക്കുകയാണ് അധികാരക്കൊതിയൻമ്മാരായ ലോക നേതാക്കളും മതഭ്രാന്തൻമാരുമെന്ന് രാജീവ് ജോസഫ് കൂട്ടപ്പെടുത്തി. യുദ്ധം വ്യാപകമായാൽ ഇസ്രായേലിലെയും പാലസ്തീനിലെയും നിരപരാധികളായ ജനലക്ഷങ്ങൾ വധിക്കപ്പെടുമെന്ന് മനസ്സിലാക്കുവാൻ യുദ്ധ അനുകൂലികൾക്ക് സാധിക്കാത്തത്, അവരുടെ തീവ്രമത ചിന്താഗതികളും മരവിച്ച മനഃസ്സാക്ഷിയും മാത്രമാണ്. ഇവരുടെയൊക്കെ ദൈവവിശ്വാസവും പ്രാർത്ഥനയും കപടവും അപഹാസ്യവുമാണെന്ന് രാജീവ് ജോസഫ് പറഞ്ഞു.
യുദ്ധത്തിനെതിരെ സത്യാഗ്രഹം നടത്തിയതുകൊണ്ട് യുദ്ധം അവസാനിക്കുമെന്ന് കരുതുന്ന വിഡ്ഢികളല്ല 'ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ ഫോർ ഡെമോക്രാറ്റിക് വേൾഡ് ഗവണ്മെന്റ്' എന്ന സംഘടനയുടെ പ്രവർത്തകരെന്നും, മനുഷ്യകുലത്തെ കൊന്നൊടുക്കുന്ന യുദ്ധക്കൊതിയൻമ്മാർക്കെതിരെ നട്ടെല്ല് നിവർത്തി ആർജ്ജവത്തോടെ സംസാരിക്കുവാനുള്ള ധാർമ്മിക ഉത്തരവാദിത്വം നിറവേറ്റുക മാത്രമാണ് ആക്ഷൻ കൗൺസിൽ പ്രവർത്തകർ ചെയ്യുന്നതെന്നും രാജീവ് ജോസഫ് പറഞ്ഞു. മനുഷ്യാവകാശ പ്രവർത്തകരെന്ന നിലയിൽ മതേതര കാഴ്ചപ്പാടുകളോടെയാണ് ഈ ഉപവാസ സമരം അനുഷ്ഠിക്കുന്നത്. ഇസ്രായേൽ - പാലസ്തീൻ വിഷയത്തിൽ സമാധാനപരമായി ഇന്ത്യയിൽ നടത്തുന്ന സമരങ്ങളും പ്രതിഷേധ സ്വരങ്ങളും അടിച്ചമർത്തുവാൻ കേന്ദ്രസർക്കാർ ശ്രമിക്കരുതെന്നും, യുദ്ധക്കളത്തിൽ കൊലചെയ്യപ്പെടുന്ന നിഷ്കളങ്കരായ ആയിരക്കണക്കിന് പിഞ്ചുകുഞ്ഞുങ്ങളുടേയും സ്ത്രീകളുടേയും കൂട്ടക്കരച്ചിൽ കേൾക്കാതെ, ഏതെങ്കിലും ഒരു രാജ്യത്തിൻറെ മാത്രം പക്ഷത്തുചേർന്ന് പതിനായിരങ്ങളുടെ പ്രാണനെടുക്കുന്ന കാലന്മ്മാരുടെ കൂട്ടത്തിൽ കൂടുവാൻ, മഹാത്മാ ഗാന്ധിയുടെ നാടായ ഇന്ത്യ തയ്യാറാകരുതെന്നും കേന്ദ്ര സർക്കാരിനോട് ആക്ഷൻ കൗൺസിൽ പ്രവർത്തകർ അഭ്യർത്ഥിച്ചു.
*'ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ ഫോർ ഡെമോക്രാറ്റിക് വേൾഡ് ഗവണ്മെന്റ്' എന്ന സംഘടനയുടെ ചരിത്രവും ലക്ഷ്യവും:*
--------------------------------
ഇറാൻ - ഇറാക്ക് യുദ്ധകാലത്ത്, കണ്ണൂർ - മുണ്ടാനൂർ സ്വദേശി രാജീവ് ജോസഫിന്റെ നേതൃത്വത്തിൽ 1985-87 കാലഘട്ടത്തിൽ തുടക്കം കുറിച്ചതാണ് 'ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ ഫോർ ഡെമോക്രാറ്റിക് വേൾഡ് ഗവണ്മെന്റ്' എന്ന മൂവ്മെന്റ്. "ലോകസമാധാനം, നിരായുധീകരണം, ജനാതിപത്യ ലോക ഗവണ്മെന്റ്" എന്ന സന്ദേശവുമായി,1988 ജനുവരി ഒന്നിന് രാജീവ് ജോസഫ് ആരംഭിച്ച "ലോക സൈക്കിൾ യാത്ര" ഉത്ഘാടനം ചെയ്തത്, മുൻ രാഷ്ട്രപതി ഡോ.ശങ്കർ ദയാൽ ശർമ്മയായിരുന്നു. സ്വേച്ഛാധിപതികൾ ലക്ഷ്യം വെക്കുന്ന ഏകാധിപത്യ ലോക ഗവണ്മെന്റിന് (New World Order) പകരം, എല്ലാ രാജ്യങ്ങളിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ, "ജനാധിപത്യ ലോക ഗവണ്മെന്റ്" രൂപീകരിക്കണമെന്ന സന്ദേശം, ലോകനേതാക്കന്മാരുടെ മുന്നിൽ അവതരിപ്പിക്കുക എന്നതായിരുന്നു രാജീവ് ജോസഫ് നടത്തിയ "ലോക സൈക്കിൾ യാത്രയുടെ" ലക്ഷ്യം.
ആറ് വർഷങ്ങൾ നീണ്ടുനിൽക്കുന്ന ലോകപര്യടനത്തിനായിരുന്നു അദ്ദേഹം തുടക്കം കുറിച്ചത്. എന്നാൽ, ഇന്ത്യയുടെ അയൽരാജ്യങ്ങൾ സൈക്കിളിൽ സന്ദർശിച്ചശേഷം രാജീവിന് മുന്നോട്ടുപോകുവാനായില്ല. അതിനേത്തുടർന്ന്, 'ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ ഫോർ ഡെമോക്രാറ്റിക് വേൾഡ് ഗവണ്മെന്റ്' എന്നപേരിൽ ഒരു ജനകീയ ആക്ഷൻ കൗൺസിലിന് രൂപം കൊടുക്കുകയും, വിവിധ രാജ്യങ്ങളിൽ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. അതിനായി നിരവധി രാജ്യങ്ങൾ രാജീവ് സന്ദർശിച്ചു. ആക്ഷൻ കൗൺസിലിന്റെ "ലോഗോ", ന്യൂയോർക്കിലെ തകർക്കപ്പെട്ട വേർഡ് ട്രേഡ് സെന്റർ സ്ഥിതി ചെയ്തിരുന്ന "ഗ്രൗണ്ട് സീറോയിൽ" വെച്ച് 2012 ജൂലായ് ഒൻപതിന് പ്രകാശനം ചെയ്തു.
മനുഷ്യകുലത്തെ കൊന്നൊടുക്കുന്ന യുദ്ധങ്ങൾ തടയണമെങ്കിൽ, ഇന്ത്യയിലെ കേന്ദ്ര ഗവണ്മെന്റും സുപ്രീം കോടതിയും കേന്ദ്രസേനയും മാതൃകയാക്കി, അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന ഒരു "ജനാധിപത്യ ലോക ഗവണ്മെന്റ്" സ്ഥാപിക്കണമെന്നാണ് ആക്ഷൻ കൗൺസിൽ മുന്നോട്ട് വെക്കുന്ന നിർദ്ദേശം. ഒരു രാജ്യത്തിനും മറ്റൊരു രാജ്യത്തിനെതിരെ യുദ്ധം ചെയ്യാൻ അവകാശം ഉണ്ടാകരുത്. രണ്ട് രാജ്യങ്ങൾ തമ്മിൽ തർക്കങ്ങൾ ഉണ്ടായാൽ അത് പരിഹരിക്കേണ്ടത് ഇന്റർനാഷണൽ സുപ്രീം കോടതിയിൽ ആയിരിക്കണം. അന്താരാഷ്ട്ര തലത്തിൽ അക്രമങ്ങളോ ഭീകരവാദമോ യുദ്ധങ്ങളോ ഉണ്ടാക്കാൻ ഏതെങ്കിലും രാജ്യമോ സംഘടനയോ വ്യക്തികളോ ശ്രമിച്ചാൽ, അവരെ പിടികൂടി ശിക്ഷിക്കേണ്ടത് ഇന്റർനാഷണൽ സുപ്രീം കോടതി ആയിരിക്കണം.
ലോകമെമ്പാടുമുള്ള 205 രാജ്യങ്ങളിൽ നിന്നും, ജനാധിപത്യ സംവിധാനത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ടുവരുന്ന അംഗങ്ങളെ ഉൾപ്പെടുത്തി, "ലോക പാർലമെന്റിന്" തുടക്കം കുറിക്കണം. ഈ ലോക പാർലമെന്റ് ആയിരിക്കണം ജനാധിപത്യ ലോക ഗവണ്മെന്റിന് നേതൃത്വം കൊടുക്കേണ്ടത്. അങ്ങനെ തിരഞ്ഞെടുക്കപ്പെട്ട 'ലോക ഗവണ്മെന്റിന്റെ' കീഴിൽ പ്രവർത്തിക്കുന്ന ഇന്റർനാഷണൽ മിലിട്ടറിയായിരിക്കണം 205 രാജ്യങ്ങളുടേയും അതിർത്തികളിൽ വിന്യസിക്കേണ്ടത്. ലോക ഗവണ്മെന്റ് സ്ഥാപിതമായശേഷം, എല്ലാ രാജ്യങ്ങളിലും ഇപ്പോൾ നിലവിലുള്ള അവരുടെ അതിർത്തി സേനയെ പത്തുവർഷം കൊണ്ട് ഘട്ടം ഘട്ടമായി പിൻവലിക്കുകയും, അതിനുപകരമായി വിവിധ രാജ്യങ്ങളിൽ നിന്നും റിക്രൂട്ട് ചെയ്ത ലോക പട്ടാളത്തെ എല്ലാ രാജ്യങ്ങളുടെയും അതിർത്തികളിൽ വിന്യസിക്കുകയും ചെയ്യണം. അതോടെ അതിർത്തികളിലെ യുദ്ധങ്ങൾ അവസാനിക്കും. അതുവഴി എല്ലാ രാജ്യങ്ങൾക്കും ലഭിക്കുന്ന വൻ സാമ്പത്തിക ലാഭം കൊണ്ട്, ഈ ഭൂമിയിലെ സകല മനുഷ്യരുടേയും ദാരിദ്ര്യം ഉത്മൂലനം ചെയ്യാമെന്നാണ്, 'ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ ഫോർ ഡെമോക്രാറ്റിക് വേൾഡ് ഗവണ്മെന്റ്' എന്ന പ്രസ്ഥാനം ലോക നേതാക്കളുടെ മുന്നിൽ വെക്കുന്ന നിർദ്ദേശങ്ങൾ.
1985 മുതൽ ഇന്നുവരെ നടന്നിട്ടുള്ള എല്ലാ യുദ്ധങ്ങൾക്കെതിരേയും നിരവധി സമരങ്ങളും സത്യാഗ്രഹങ്ങളും രാജീവ് ജോസഫിന്റെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ നടത്തിയിട്ടുണ്ട്. 1990 -ൽ ഗൾഫ് യുദ്ധത്തിനെതിരെ ഡെൽഹി - ഇന്ത്യാ ഗേറ്റിൽ രാജീവ് നടത്തിയ 12 ദിവസത്തെ നിരാഹാര സത്യാഗ്രഹം അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗൾഫ് യുദ്ധത്തിനെതിരെ ഇന്ത്യയിൽ നടന്ന ആദ്യത്തെ പ്രതിഷേധ സമരവും, ഗൾഫ് യുദ്ധത്തിനെതിരെ ലോകത്ത് നടന്ന ഏക നിരാഹാര സത്യാഗ്രഹമായിരുന്നു അത്. റഷ്യാ - ഉക്രൈൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ, ഡെൽഹി ജന്തർ മന്ദറിൽ 2022 ഫെബ്രുവരിയിൽ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ രാജീവ് ജോസഫ് നടത്തിയ "കാൻഡിൽ മാർച്ച്", റഷ്യാ - ഉക്രൈൻ യുദ്ധത്തിനെതിരെ ഇന്ത്യയിൽ നടന്ന ആദ്യത്തെ പ്രതിഷേധ സമരമായിരുന്നു.
ലോക സമാധാനത്തിനുവേണ്ടി, നിരായുധീകരണം നടപ്പിലാക്കുന്നതിനുവേണ്ടി, ജനാധിപത്യ ലോക ഗവണ്മെന്റ് സ്ഥാപിക്കുവാൻ ലോക നേതാക്കളിൽ സമ്മർദ്ദം ചെലുത്തുന്നതിനായി, International Action Council for Democratic Government - എന്ന ജനകീയ ആക്ഷൻ കൗൺസിലിൽ, ജാതി -മത -കക്ഷി രാഷട്രീയ ഭേദന്യേ ലോകമെമ്പാടുമുള്ള മുഴുവൻ സമാധാന കാംഷികൾക്കും അണിചേർന്ന് പ്രവർത്തിക്കാം. താത്പര്യമുള്ളവർ, 9072795547 എന്ന വാട്ട്സ് ആപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കുക.
Post a Comment