(www.kl14onlinenews.com)
(08-NOV-2023)
ബില്ലുകളില്‍ ഒപ്പിടാന്‍ വൈകുന്നത് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണം;സര്‍ക്കാര്‍ വീണ്ടും സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: ഗവര്‍ണ്ണര്‍ക്കെതിരെ വീണ്ടും സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. ബില്ലുകളില്‍ ഒപ്പിടാന്‍ വൈകുന്നത് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നാണ് രണ്ടാമത്തെ ഹര്‍ജിയിലെ ആവശ്യം. 2022 നവംബറിലെ ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് അപ്പീല്‍ നല്‍കിയത്. ചീഫ് സെക്രട്ടറിയും നിയമ സെക്രട്ടറിയും നല്‍കിയ ഹര്‍ജി വെള്ളിയാഴ്ച മറ്റ് ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കും.
എട്ട് ബില്ലുകളില്‍ രണ്ട് വര്‍ഷത്തോളമായി തീരുമാനം വൈകുന്നത് ചോദ്യം ചെയ്താണ് കേരളം പ്രത്യേക അനുമതി ഹര്‍ജി നല്‍കിയത്. ഒരാഴ്ചയ്ക്കിടെ ഗവര്‍ണ്ണര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നല്‍കുന്ന രണ്ടാമത്തെ ഹര്‍ജിയാണിത്. പൊതുജനാരോഗ്യ ബില്‍ ഉള്‍പ്പടെയുള്ള ജനക്ഷേമ ബില്ലുകള്‍ ഒപ്പിടാതെ അനിശ്ചിതകാലം വൈകിപ്പിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ വൈകുന്നത് നിയമനിര്‍മ്മാണ സഭയോടുമുള്ള വെല്ലുവിളിയാണ്. ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ വൈകിപ്പിക്കുന്ന നടപടി ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനമാണ്. വ്യക്തിപരമായ താല്‍പര്യത്തിന് അനുസരിച്ചാണ് ഗവര്‍ണ്ണര്‍ ബില്ലുകളില്‍ തീരുമാനമെടുക്കുന്നത്. ഇത് തികച്ചും ഭരണഘടനാ വിരുദ്ധമാണെന്നും പ്രത്യേക അനുമതി ഹര്‍ജിയില്‍ പറയുന്നു.
ബില്ലുകളില്‍ ഒപ്പിടാനുള്ള തീരുമാനം വൈകുന്നത് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നായിരുന്നു ഹൈക്കോടതിയില്‍ അഭിഭാഷകനായ പി വി ജീവേഷ് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ ബില്ലുകളില്‍ ഒപ്പിടാന്‍ സമയപരിധി നിശ്ചയിക്കാനാവില്ലെന്നായിരുന്നു 2022 നവംബര്‍ 30ലെ ഹൈക്കോടതി വിധി. വിധി ചോദ്യം ചെയ്യാതിരിക്കുന്നത് അംഗീകരിക്കുന്നതിന് തുല്യമാകുമെന്ന ആലോചനയെ തുടര്‍ന്നാണ് സുപ്രിംകോടതിയില്‍ പ്രത്യേക അനുമതി ഹര്‍ജി നല്‍കിയത്. ഹര്‍ജി സുപ്രിംകോടതി സമാന സ്വഭാവമുള്ള മറ്റ് ഹര്‍ജികള്‍ക്കൊപ്പം വെള്ളിയാഴ്ച പരിഗണിക്കും. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കെ കെ വേണുഗോപാല്‍ ഹാജരാകും.
Post a Comment