ഓടിക്കൊണ്ടിരുന്ന ഫയർഫോഴ്‌സ് വാഹനത്തിന്റെ ടയറുകൾ ഊരിത്തെറിച്ചു: ജീവനക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

(www.kl14onlinenews.com)
(16-NOV-2023)

ഓടിക്കൊണ്ടിരുന്ന ഫയർഫോഴ്‌സ് വാഹനത്തിന്റെ ടയറുകൾ ഊരിത്തെറിച്ചു: ജീവനക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഓടിക്കൊണ്ടിരുന്ന ഫയർ ഫോഴ്സ് ബസിന്റെ ടയറുകൾ ഊരിത്തെറിച്ചു. ശബരിമല ഡ്യൂട്ടിക്ക് ജീവനക്കാരുമായി പോയ ഫയർഫോഴ്സ് ബസിന്റെ ടയറുകളാണ് ഊരിത്തെറിച്ചത്. 32 ജീവനക്കാരാണ് ബസിലുണ്ടായിരുന്നത്. അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് ജീവനക്കാർ രക്ഷപ്പെട്ടത്.

ഇന്ന് പുലർച്ചെ അഞ്ചരയോടെ ആറ്റിങ്ങൽ ആലംകോട് വെയ്‌ലൂരിൽ വച്ചാണ് അപകടമുണ്ടായത്. ബസിന്റെ പിൻവശത്തെ ഇടത് ഭാഗത്തെ രണ്ടു ടയറുകളുമാണ് ഊരിത്തെറിച്ചത്. അതിന് ശേഷം 200 മീറ്ററോളം മുന്നോട്ടു പോയ വാഹനം ഉഗ്ര ശബ്ദത്തോടെ റോഡിലൂടെ നിരങ്ങി നീങ്ങിയാണ് നിന്നത്.

ഊരിപ്പോയ ടയറിൽ ഒരെണ്ണം ഇതു വരെയും കണ്ടെത്താനായില്ലെന്നാണ് റിപ്പോർട്ട്. അതിനായി തെരച്ചിൽ നടക്കുകയാണെന്നാണ് വിവരം. തിരുവനന്തപുരത്ത് നിന്നും തിരിച്ച വാഹനം കൊല്ലത്ത് നിന്നും ജീവനക്കാരെ എടുക്കുന്നതിന് വേണ്ടി പോവുകയായിരുന്നു. മറ്റൊരു വാഹനം എത്തിയ ശേഷം യാത്ര പുനഃരാരംഭിക്കും.

അതേസമയം, ശബരിമല മണ്ഡലകാല തീർത്ഥാടനത്തിന് ഇന്ന് തുടക്കമാകും. മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും. ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ദേവസ്വം ബോർഡ് അറിയിച്ചു. തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി കെ ജയരാമൻ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. തുടർന്ന് മാളികപ്പുറം മേൽശാന്തി വി ഹരിഹരൻ നമ്പൂതിരി താക്കോൽ ഏറ്റുവാങ്ങി അവിടുത്തെ നടയും തുറക്കും.

ദീപാരാധനയ്ക്കു ശേഷം പുതിയ മേൽശാന്തിമാരെ അവരോധിക്കുന്ന ചടങ്ങ് നടക്കും. വൃശ്ചികം ഒന്നായ 17ന് പുലർച്ചെ നാലിന് പുതിയ മേൽശാന്തിമാർ നട തുറക്കും. തുടർന്നുള്ള ദിവസങ്ങളിൽ പുലർച്ചെ നാലിന് തുറക്കുന്ന നട ഉച്ചയ്ക്ക് ഒന്നിന് അടയ്ക്കും. വൈകിട്ട് നാലിന് വീണ്ടും തുറന്ന ശേഷം രാത്രി 11ന് അടയ്ക്കും.

ഡിസംബർ 27 വരെ പൂജകൾ ഉണ്ടാകും. ഡിസംബർ 27നാണ് മണ്ഡല പൂജ. അന്നു രാത്രി 10ന് നട അടയ്ക്കും. പിന്നെ മകരവിളക്ക് തീർഥാടനത്തിനായി ഡിസംബർ 30ന് വൈകിട്ട് അഞ്ചിന് നട തുറക്കും. ജനുവരി 15നാണ് മകരവിളക്ക്. സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ സംസ്ഥാന പൊലീസ് മേധാവി ഇന്നലെ പമ്പയിലെത്തിയിരുന്നു. വെർച്ച്വൽ ബുക്കിങ് മുഖേന മാത്രമാണ് ഇക്കുറിയും തീർത്ഥാടകർക്ക് ദർശനം. തിരക്ക് നിയന്ത്രിക്കാൻ നിലയ്ക്കൽ മുതൽ മുതൽ സന്നിധാനം വരെ ആധുനിക സംവിധാനങ്ങൾ ദേവസ്വം ബോർഡ് സജ്ജമാക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post