കെപിസിസി വിലക്ക് ലംഘിച്ച് എ ഗ്രൂപിന്‍റെ ഫലസ്തീൻ ഐക്യദാര്‍ഢ്യ റാലി; തെറ്റിദ്ധരിപ്പിക്കരുതെന്ന് ആര്യാടൻ ഷൌക്കത്ത്

(www.kl14onlinenews.com)
(03-NOV-2023)

കെപിസിസി വിലക്ക് ലംഘിച്ച്
എ ഗ്രൂപിന്‍റെ ഫലസ്തീൻ ഐക്യദാര്‍ഢ്യ റാലി;
തെറ്റിദ്ധരിപ്പിക്കരുതെന്ന് ആര്യാടൻ ഷൌക്കത്ത്
മലപ്പുറം: കെപിസിസി വിലക്ക് ലംഘിച്ച് മലപ്പുറത്ത് പലസ്തീൻ ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിച്ച് ആര്യാടൻ ഫൌണ്ടേഷൻ. അന്തരിച്ച കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ പേരിലുള്ള സംഘടനയാണിത്. മകൻ ആര്യാടൻ ഷൌക്കത്തിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കെപിസിസി വിലക്കിനെ തുടർന്ന് ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കളിൽ പലരും പരിപാടിയിൽ നിന്ന് വിട്ടു നിന്നിരുന്നു.

മലപ്പുറത്ത് ഒരു വിഭാഗം നടത്തുന്ന പരിപാടിക്ക് കെ.പി.സി.സിയുടെ വിലക്കുള്ളതാണെന്നും പാർട്ടിയുടെ ഉത്തരവാദിത്ത സ്ഥാനങ്ങളിൽ ഉള്ളവർ പങ്കെടുത്താൽ കർശന നടപടി ഉണ്ടാവുമെന്നും ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയിയുടെ മുന്നറിയിപ്പുമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഡി.സി.സിയുടെ നേതൃത്വത്തിൽ മലപ്പുറത്ത് ഫലസ്തീൻ ഐക്യദാർഢ്യപരിപാടി നടത്തിയിരുന്നു. അതിനെ വെല്ലു​ന്ന റാലിയാണ് ആര്യാടൻ ഷൗക്കത്തിന്റെ നേതൃത്വത്തിൽ നടന്നത്

അതേസമയം, ആര്യാടൻ ഫൌണ്ടേഷന്റെ പരിപാടിയിൽ പാർട്ടി വിരുദ്ധത എന്താണെന്ന് മനസിലാകുന്നില്ലെന്ന് ആര്യാടൻ ഷൌക്കത്ത് പ്രതികരിച്ചു. പലസ്തീൻ വിഷയം ഉന്നയിക്കുക മാത്രമാണ് പരിപാടിയുടെ ഉദ്ദേശം. എഐസിസി ആഹ്വാനം ചെയ്ത പരിപാടിയാണ് ഫൌണ്ടേഷൻ ആദ്യം നടത്തിയത്. പരിപാടിയെ പറ്റി തെറ്റിദ്ധാരണ പരത്തുകയാണ്," ആര്യാടൻ ഷൌക്കത്ത് പറഞ്ഞു.

അതേസമയം, കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെ വിമർശിച്ച് സിപിഎം നടത്തുന്നത് രാഷ്ട്രീയ പരിപാടിയല്ലെന്നും അന്താരാഷ്ട്ര മനുഷ്യാവകാശ വിഷയമാണെന്നും പിഎംഎ സലാം പറഞ്ഞു. "അത് യുഡിഎഫിൽ ചർച്ച ചെയ്ത് തീരുമാനിക്കേണ്ടതല്ല. സിപിഎം ഇന്നലെ അവരുടെ പലസ്തീൻ റാലിയിലേക്ക് മുസ്ലിം ലീഗിനെ ക്ഷണിച്ചു. ഔദ്യോഗികമായ ക്ഷണമാണ് സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് ലഭിച്ചത്. അക്കാര്യത്തിൽ എന്ത് തീരുമാനമെടുക്കണമെന്ന് നാളെ പാർട്ടി നേതാക്കന്മാർ കൂടിച്ചേർന്ന് തീരുമാനിക്കും.

നാളെ ഉച്ചയ്ക്ക് കോഴിക്കോട് ഓഫീസിൽ ഇതിനായി നേതാക്കൾ യോഗം ചേരും. ഇ ടി ബഹുമാന്യനായ നേതാവാണ്. അദ്ദേഹത്തിന്റേത് വ്യക്തിപരമായ നിലപാടാണ്. അക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാനില്ല. പാർട്ടിയിൽ ഇക്കാര്യത്തിൽ ഭിന്നാഭിപ്രായങ്ങൾ ഉണ്ടെന്നും അത് നാളെ ചർച്ച ചെയ്ത് തീരുമാനിക്കും," പിഎംഎ സലാം പറഞ്ഞു

കോഴിക്കോട് സരോവരം ട്രേഡ് സെന്‍ററിൽ ഈ മാസം 11നാണ് സിപിഎം പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. റാലിയിലേക്ക് രാഷ്ട്രീയ, മത, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരെയും സംഘടനകളേയും ക്ഷണിച്ചിട്ടുണ്ട്

Post a Comment

Previous Post Next Post