ലോകകപ്പ് ക്രിക്കറ്റ്‌ സെമി ബെർത്ത്; വെയ്റ്റിങ് ലിസ്റ്റിൽ മത്സരിച്ച് മറ്റു ടീമുകൾ

(www.kl14onlinenews.com)
(03-NOV-2023)

ലോകകപ്പ് ക്രിക്കറ്റ്‌ സെമി ബെർത്ത്; വെയ്റ്റിങ് ലിസ്റ്റിൽ മത്സരിച്ച് മറ്റു ടീമുകൾ
മുംബൈ :
ലോകകപ്പിൽ ഏഴു മത്സരങ്ങളിൽ നിന്ന് 14 പോയിന്റുമായി, രാജകീയമായിത്തന്നെ ഇന്ത്യ ഏകദിന ലോകകപ്പിന്റെ സെമി ഫൈനൽ ഉറപ്പിച്ചിരിക്കുന്നു. ഇനി അറിയാനുള്ളത് സെമി ഫൈനലിലെ ബാക്കി 3 ടീമുകളെക്കുറിച്ചാണ്. പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയാണ് സെമി ഏറക്കുറെ ഉറപ്പിച്ച രണ്ടാമത്തെ ടീം.
7 മത്സരങ്ങളിൽ നിന്ന് 12 പോയിന്റാണ് ദക്ഷിണാഫ്രിക്കയ്ക്ക്. ഇന്ത്യ, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകൾക്കെതിരെയാണ് ദക്ഷിണാഫ്രിക്കയുടെ ബാക്കിയുള്ള മത്സരങ്ങൾ. ഇതിൽ ഒരെണ്ണം ജയിച്ചാൽ ടെംബ ബവൂമയ്ക്കും സംഘത്തിനും സെമി ഉറപ്പിക്കാം. ഇവ രണ്ടും ജയിക്കാനായില്ലെങ്കിൽ മറ്റു ടീമുകളുടെ മത്സരഫലത്തിനായി കാത്തിരിക്കേണ്ടിവരും. വൻ വിജയങ്ങളുമായി മികച്ച നെറ്റ് റൺ റേറ്റ് ഉറപ്പാക്കിയത് ഈ ഘട്ടത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് ഗുണകരമാകും.

ന്യൂസീലൻഡ്, ഓസ്ട്രേലിയ

8 പോയിന്റ് വീതമുള്ള ഓസ്ട്രേലിയയും ന്യൂസീലൻഡുമാണ് സെമി സാധ്യതയുള്ള അടുത്ത 2 ടീമുകൾ. പാക്കിസ്ഥാൻ, ശ്രീലങ്ക എന്നിവർക്കെതിരെയാണ് ന്യൂസീലൻഡിന് മത്സരങ്ങൾ ബാക്കിയുള്ളത്. രണ്ടും ജയിച്ചാൽ സെമി ഉറപ്പ്. ഒരെണ്ണം മാത്രമാണ് ജയിക്കുന്നതെങ്കിൽ മറ്റു ടീമുകളുടെ ഫലം ആശ്രയിച്ചായിരിക്കും കിവീസിന്റെ സെമി പ്രവേശനം. ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ് എന്നിവരാണ് ഓസ്ട്രേലിയയുടെ ഇനിയുള്ള എതിരാളികൾ. രണ്ട് ജയം തന്നെയാണ് സെമി ഉറപ്പിക്കാൻ ഓസീസിനും ആവശ്യം. ഒരു ജയം മാത്രമാണ് നേടുന്നതെങ്കിൽ 10 പോയിന്റുമായി മറ്റു ടീമുകളുടെ മത്സരഫലവും കാത്തിരിക്കേണ്ടി വരും.

പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ

7 മത്സരങ്ങളിൽ നിന്ന് 6 പോയിന്റുള്ള പാക്കിസ്ഥാനും 7 മത്സരങ്ങളിൽ നിന്ന് 8 പോയിന്റുള്ള അഫ്ഗാനിസ്ഥാനും ഇപ്പോഴും വിദൂര സെമി പ്രതീക്ഷയുണ്ട്. ബാക്കിയുള്ള 2 മത്സരങ്ങളും ജയിച്ചാൽ അഫ്ഗാന് ഏറക്കുറെ സെമി ഉറപ്പാക്കാം. നെതർലൻഡ്സ്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവരെയാണ് അഫ്ഗാൻ ഇനി നേരിടേണ്ടത്. 2 മത്സരം മാത്രം ബാക്കിയുള്ള പാക്കിസ്ഥാന് രണ്ടും ജയിച്ചാലും മറ്റു ടീമുകളുടെ മത്സരഫലത്തിനായി കാത്തിരിക്കേണ്ടിവരും. ന്യൂസീലൻഡും ഇംഗ്ലണ്ടുമാണ് പാക്കിസ്ഥാന്റെ ഇനിയുള്ള എതിരാളികൾ.

ശ്രീലങ്ക, നെതർലൻഡ്സ്, ഇംഗ്ലണ്ട്

7 മത്സരങ്ങളിൽ നിന്ന് 4 പോയിന്റുള്ള ശ്രീലങ്കയ്ക്കും 6 മത്സരങ്ങളിൽ നിന്ന് 4 പോയിന്റുള്ള നെതർലൻഡ്സിനും 6 മത്സരങ്ങളിൽ നിന്ന് 2 പോയിന്റുള്ള ഇംഗ്ലണ്ടിനും പേരിനു മാത്രമാണ് സെമി പ്രതീക്ഷ ബാക്കിയുള്ളത്. ഇതിൽ ബാക്കിയുള്ള 3 മത്സരങ്ങളും ജയിച്ച് 10 പോയിന്റ് നേടാനായാൽ നെതർലൻഡ്സിന് വിദൂര സെമി സാധ്യതയുണ്ട്. ഇനി എല്ലാ മത്സരങ്ങളും ജയിച്ചാലും ശ്രീലങ്കയ്ക്കും ഇംഗ്ലണ്ടിനും 8 പോയിന്റ് മാത്രമേ ലഭിക്കൂ. ബംഗ്ലദേശ് ഇതിനോടകം പുറത്തായി.

Post a Comment

Previous Post Next Post