അബിഗേലുമായി എത്തിയത് കാറില്‍, ഉപേക്ഷിച്ച ശേഷം രക്ഷപ്പെട്ടു; പ്രതികളെ കുടുക്കാന്‍ പൊലീസിന്റെ ഊര്‍ജ്ജിത ശ്രമം

(www.kl14onlinenews.com)
(28-NOV-2023)

അബിഗേലുമായി എത്തിയത് കാറില്‍, ഉപേക്ഷിച്ച ശേഷം രക്ഷപ്പെട്ടു; പ്രതികളെ കുടുക്കാന്‍ പൊലീസിന്റെ ഊര്‍ജ്ജിത ശ്രമം
കൊല്ലം :
ഓയൂരില്‍(Ooyur) നിന്ന് തട്ടിക്കൊണ്ടുപോയ അബിഗേലിനെ(Abigel Sara Reji) കൊല്ലം ആശ്രാമം മൈതാനത്ത്(Asramam Maidan) ഉപേക്ഷിച്ചത് കാറിലെത്തിയ സംഘമെന്ന് ദൃക്‌സാക്ഷികള്‍. സമീപത്തെ അശ്വതി ബാറിന് മുന്നിലേക്ക് കാറിലെത്തിയ സംഘം, കുട്ടിയെ റോഡിലേക്ക് ഇറക്കുകയായിരുന്നു. ഒരു സ്ത്രീയാണ് കുട്ടിയെ ഇറക്കിവിട്ടതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. പിന്നാലെ ഇവര്‍ കാറുമായി രക്ഷപ്പെട്ടു. മൈതാനത്തേക്ക് അവശനിലയിലെത്തിയ കുട്ടിയെ ഡ്രൈവിങ് ടെസ്റ്റിനെത്തിയവര്‍ ശ്രദ്ധിക്കുകയായിരുന്നു. ഒറ്റയ്ക്ക് നിന്ന കുട്ടിയോട് പേര് വിവരങ്ങള്‍ ചോദിച്ചപ്പോള്‍ അബിഗേലെന്ന് മറുപടി നല്‍കി. കുട്ടിക്ക് കുടിവെള്ളവും ബിസ്‌കറ്റും നല്‍കി. ഇന്നലെ രാത്രി ഒരു വീട്ടിലാണ് ഉറങ്ങിയതെന്ന് കുട്ടി ഇവരോട് പറഞ്ഞു. തട്ടിക്കൊണ്ടുപോയവരെ ഒന്നും അറിയില്ല. അമ്മയേയും അച്ഛനേയും കാണണം. തനിക്കൊന്നും ഓര്‍മയില്ലെന്നും കുട്ടി പറഞ്ഞതായി ആശ്രാമം മൈതാനിയില്‍ എത്തിയവര്‍ വ്യക്തമാക്കി.

കുട്ടി അബിഗേലാണെന്ന് ഉറപ്പിച്ചതോടെ ഡ്രൈവിങ് സ്‌കൂള്‍ നടത്തിപ്പുകാർ ഉൾപ്പെടെ ഇവിടേയ്ക്കെത്തി. ഇവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി കുട്ടിയെ ഏറ്റെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുട്ടി ആരോഗ്യവതിയാണെന്നാണ് വിവരം. ആവശ്യമായ മറ്റ് പരിശോധനകള്‍ നടത്തിയ ശേഷം കുടുംബത്തിന് കൈമാറും. കുട്ടി അമ്മയുമായും അച്ഛനുമായും സഹോദരുമായും വീഡിയോ കോളിലൂടെ സംസാരിച്ചിട്ടുണ്ട്.

അബിഗേലിനെ കണ്ടെത്തിയതോടെ 20 മണിക്കൂറോളം നീണ്ട അനിശ്ചിതത്വത്തിനും ആശങ്കകള്‍ക്കുമാണ് വിരാമമായത്. പൊലീസ് അന്വേഷണം ശക്തമായതോടെ തട്ടിക്കൊണ്ടുപോയവര്‍ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്നാണ് നിഗമനം. ഇവർ കൊല്ലം ജില്ല വിട്ടുപോയിട്ടില്ലെന്നാണ് വിലയിരുത്തൽ.

ഓയൂര്‍ സ്വദേശി റെജിയുടെ മകളാണ് അഭിഗേല്‍ സാറ റെജി. ഇന്നലെ വൈകിട്ട് 4.15ന് സഹോദരനൊപ്പം ട്യൂഷന്‍ പോകുന്നതിനിടെ കാറിലെത്തിയ സംഘമാണ് അബിഗേലിനെ തട്ടിക്കൊണ്ടുപോയത്. ഓയൂര്‍ കാറ്റാടിമുക്കില്‍ വെച്ച് വെള്ള നിറത്തിലുള്ള കാറിലാണ് സംഘം എത്തിയത്. ഏറെ നേരമായി കാർ ഇവിടെ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർ വാഹനത്തിലുണ്ടായിരുന്നു. കുട്ടികൾ കാറിനടുത്ത് എത്തിയതോടെ ഡോർ തുറന്നു. പിന്നാലെ ഒരു കടലാസ് നീട്ടി ഇത് അമ്മച്ചിക്ക് കൊടുക്കണമെന്ന് പറഞ്ഞു. എന്നാൽ കുട്ടികൾ ഇത് വാങ്ങിയില്ല.

ഈ സമയം തന്നെ അഭിഗേലിനെ കാറിലേക്ക് വലിച്ചിഴച്ചു. ഇതോടെ സഹോദരന്‍ തടയാന്‍ ശ്രമിച്ചു. കാറില്‍ തൂങ്ങിക്കിടന്ന മൂത്തകുട്ടി പിന്നീട് റോഡിലേക്ക് വീണു. പിന്നാലെ കാറിൽ അബിഗേലുമായി ഇവർ രക്ഷപ്പെട്ടു. ഇത് കണ്ട ഒരു സ്ത്രീ കുട്ടിയുടെ അടുത്തെത്തി വിവരം ചോദിച്ചപ്പോഴാണ് അബിഗേലിനെ തട്ടിക്കൊണ്ടുപോയന്ന വിവരം അറിയുന്നത്. പിന്നാലെ കേരളം ഇതുവരെ കാണാത്ത തിരച്ചിലിനാണ് തുടക്കമായത്.

പിന്നാലെ രാത്രി ഏഴരയോടെ പ്രതികൾ പാരിപ്പള്ളിക്ക് സമീപത്തെ എല്‍പിഎസ് ജംഗ്ഷനിലെ കടയിലെത്തി. ഓട്ടോയിലാണ് ഇവരെത്തിയത്. കടയുടമയായ ഗിരിജയുടെ മൊബൈല്‍ ഫോണില്‍ നിന്ന് പ്രതികള്‍ ആറുവയസുകാരിയുടെ മാതാവിനെ വിളിച്ചു. കുട്ടിയെ വിട്ടുകിട്ടാന്‍ അഞ്ച് ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ടായിരുന്നു ഫോൺകോൾ. തലയിൽ ഷാളിട്ട് മറച്ച ഒരു യുവതിയും ഒരു പുരുഷനുമാണ് കടയിലെത്തിയത്. 45 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ വേഷം കാക്കി പാന്റും വെള്ളഷർട്ടുമായിരുന്നു. 35 വയസ്സ് തോന്നിക്കുന്ന സ്ത്രീ പച്ച ചുരിദാറും കറുത്ത ഷാളുമായിരുന്നു ധരിച്ചിരുന്നതെന്നും ​ഗിരിജ പോലീസിനോട് വ്യക്തമാക്കിയിരുന്നു. ഇപ്പോൾ മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കുട്ടിയെ ലഭിച്ചതോടെ പ്രതികളെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്.

സംശയം തോന്നി, കുട്ടിയെ ആദ്യം കണ്ട ധന​ഞ്ജയ

കൊല്ലം ഓയൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസുകാരി അബിഗേലിനെ കൊല്ലം നഗരത്തില്‍ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചനിലയില്‍ ആദ്യം കണ്ടത് ധന​ഞ്ജയ എന്ന യുവതി. കുട്ടി അവശനിലയിലെന്ന് തോന്നി വെള്ളം നല്‍കി. ശേഷം പൊലീസിനെ അറിയിച്ചു. ഒരു സ്ത്രീയാണ് കുഞ്ഞിനെ മൈതാനത്ത് കൊണ്ടിരുത്തിയതെന്ന് യുവതി പറഞ്ഞു. ഒരു സ്ത്രീ അബിേഗലിന് ഒപ്പമുണ്ടായിരുന്നു. അടുത്തുനിന്ന് പോകുന്നത് കണ്ടു. പിന്നീട് തിരിച്ചുവന്നില്ല. ഇതാണ് സംശയം തോന്നാന്‍ കാരണം. പടം വച്ചു നോക്കി സ്ഥിരീകരിച്ചതോടെ ഒപ്പം കൂടിയവര്‍ പൊലീസിനെ അറിയിക്കുകയായിരുന്നെന്നും ധന​ഞ്ജയ മാധ്യമങ്ങളോടു പറഞ്ഞു. കൊല്ലം എസ്എന്‍ കോളജ് വിദ്യാര്‍ഥിനിയായ ധനഞ്ജയ പരീക്ഷ കഴിഞ്ഞ് വരികയായിരുന്നു.

കൊല്ലം ഈസ്റ്റ് പൊലീസിന്റെ സംരക്ഷണയിലാണ് നിലവില്‍ കുട്ടി. ആശുപത്രിയിലേക്ക് മാറ്റി. വൈദ്യപരിശോധനയ്ക്കുശേഷം കുഞ്ഞിനെ വീട്ടിലെത്തിക്കും . 20 മണിക്കൂറിനു ശേഷമാണ് കണ്ടെത്തിയത്. സര്‍ക്കാരിന്‍റെയും പൊലീസിന്‍റെയും മാധ്യമങ്ങളുടെയും പരിശ്രമഫലമെന്ന് നാട്ടുകാര്‍ പറഞ്ഞു. കണ്ടുകിട്ടിയപ്പോള്‍ കടുംനീലയിൽ പൂക്കളുള്ള ഫ്രോക്ക് ആണ് വേഷം.

ഉപേക്ഷിച്ച ശേഷം പ്രതികള്‍ രക്ഷപ്പെട്ടു

പ്രതികള്‍ കൃത്യം ചെയ്തത് ആസൂത്രണത്തോടെയെന്നു വ്യക്തം. കുറ്റകൃത്യത്തിന് ഉപയോഗിച്ച കാറിന്റെ നമ്പർ ലഭിക്കാത്തതും പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിക്കാത്തതും പൊലീസിന് തിരിച്ചടിയാകുന്നു. എങ്കിലും ചില തെളിവുകൾ ലഭിച്ചിട്ടുണന്ന് ഐ.ജി. സ്പർജൻ കുമാർ അറിയിച്ചു. ഡി.ജി.പിയും എ.ഡി. ജീപി യും ഉൾപ്പടുന്ന ഉന്നത ഉദ്യോഗസ്ഥരും അന്വേഷണ മേൽനോട്ടം ഏറ്റെടുത്തു.

ഇന്നലെ വൈകിട്ട് പെട്ടെന്ന് ആസൂത്രണം ചെയ്തതല്ല തട്ടിക്കൊണ്ടുപോകലെന്നു വ്യക്തം. കുട്ടികൾ ഒറ്റക്ക് വരുന്ന സമയവും വഴിയും ദിവസങ്ങളെടുത്ത് നിരീക്ഷിച്ചാണ് നടപ്പാക്കിയത്. തട്ടിക്കൊണ്ടുപോകലിനു ശേഷം രക്ഷപ്പെടാനുള്ള മാർഗവും പ്രതികൾ മുൻകൂട്ടി നിശ്ചയിച്ചിരുന്നു. അതുകൊണ്ടാണ് കാറിന് വ്യാജ നമ്പർ ഉപയോഗിച്ചത്. ആ നമ്പർ ഇതുവരെ സ്ഥിരീകരിക്കാനാവാത്തതാണ് പൊലീസ് നേരിടുന്ന ഒന്നാമത്തെ വെല്ലുവിളി.

പാരിപ്പള്ളിയിലെ വ്യാപാരിയുടെ കയ്യിൽ നിന്ന് മൊബൈൽ ഫോൺ വാങ്ങിയാണ് പ്രതികൾ കുട്ടിയുടെ അമ്മയെ വിളിച്ച് മോചന ദ്രവ്യം ആവശ്യപ്പെട്ടത്. ഇതും അന്വേഷണം വഴി തെറ്റിക്കാനുള്ള ആസൂത്രിത തിരക്കഥയായിരുന്നിരിക്കാം. മൊബൈൽ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന്റെ വഴി അവിടെ അടഞ്ഞു. പ്രതികൾ ആരും അവരുടെ മൊബൈൽ ഫോൺ ഇതുവരെ ഉപയോഗിക്കാത്തതിനാൽ സൈബർ തെളിവുകൾ കണ്ടെത്താൻ ആകാത്തത് പോലീസിന് രണ്ടാമത്തെ വെല്ലുവിളിയും ആകുന്നു.

പാരിപ്പള്ളിയിലെ കടയിലേക്ക് ഫോൺ വിളിക്കാനായി എത്തിയ പ്രതികൾ അവരുടെ തന്നെ കൈവശമുള്ള ഓട്ടോറിക്ഷയാണ് ഉപയോഗിച്ചത്. ടാക്സി ഓട്ടോ വിളിക്കാത്തത് കൊണ്ട് ഓട്ടോക്കാരനെ കണ്ടെത്തി പ്രതികളിലേക്ക് എത്താനുള്ള പോലീസിന്റെ വഴിയും ഇല്ലാതായി.

Post a Comment

Previous Post Next Post