(www.kl14onlinenews.com)
(14-NOV-2023)
ആലുവയില്‍ അഞ്ചുവയസുകാരിയെ ബലാല്‍സംഗം ചെയ്ത് കൊന്ന അസഫാക് ആലമിന് തൂക്കുകയര്‍. വധശിക്ഷയ്ക്ക് പുറമെ 5 ജീവപര്യന്തവും വിധിച്ചു. എറണാകുളം പോക്സോ കോടതി ജഡ്ജി കെ.സോമനമാണ് ശിക്ഷ വിധിച്ചത്. അതിക്രൂരമായ കൊലപാതകം പ്രതി പരമാവധി ശിക്ഷ അര്‍ഹിക്കുന്നുവെന്ന് വിലയിരുത്തിയാണ് വിധി. ക്രൂരകൃത്യം അപൂര്‍വങ്ങളില്‍ അത്യപൂര്‍വമായി കണക്കാക്കണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു.
വധശിക്ഷ ലഭിക്കാവുന്ന നാല് കുറ്റങ്ങള്‍ പ്രതി ചെയ്തതായി നേരത്തേ കോടതി കണ്ടെത്തിയിരുന്നു. ഇവയുള്‍പ്പെടെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും പോക്സോ നിയമത്തിലെയും 13 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ തെളിഞ്ഞിരുന്നു. ദൃക്സാക്ഷികളില്ലാത്ത കേസില്‍ ശാസ്ത്രീയ തെളിവുകളും സിസിടിവി ദൃശ്യങ്ങളുമാണ് നിര്‍ണായകമായത്.
സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. മോഹന്‍രാജിന്റെ നേതൃത്വത്തിലായിരുന്നു പ്രോസിക്യൂഷന്‍ വാദങ്ങള്‍. പ്രോസിക്യൂഷന്‍ 43 സാക്ഷികളെ ഹാജരാക്കി. പ്രതിഭാഗം ഒന്‍പത് തെളിവുകളും രണ്ട് സാക്ഷികളെയും ഹാജരാക്കി. സാക്ഷി മൊഴികള്‍ക്കും മറ്റ് തെളിവുകള്‍ക്കുമൊപ്പം 95 രേഖകളും പത്ത് തൊണ്ടിമുതലുകളും കൂടി പരിശോധിച്ചാണ് കോടതി തീരുമാനത്തിലെത്തിയത്.
35-ാം ദിവസം കുറ്റപത്രം, 26 ദിവസം കൊണ്ട് വിചാരണ,109-ാം ദിവസം ശിക്ഷാവിധി
പെൺകുട്ടി കൊല്ലപ്പെട്ട് 35-ാം ദിവസമാണ് പ്രത്യേക അന്വേഷണസംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് വിചാരണ ഉടൻതുടങ്ങണമെന്ന അപേക്ഷയും കോടതിയിൽ നൽകി. തുടർന്ന് ഒക്ടോബർ നാലിന് കോടതിയിൽ ആരംഭിച്ച വിചാരണ 26 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. കുറ്റകൃത്യം നടന്ന് 99-ാം ദിവസം കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഒടുവിൽ അഞ്ചുവയസ്സുകാരിയുടെ ജീവൻ പൊലിഞ്ഞ് 109-ാം ദിവസം ശിക്ഷാവിധിയും. ഒരുകേസിൽ ഇത്രയും വേഗത്തിൽ നടപടികൾ പൂർത്തിയാക്കുന്നത് അപൂർവമാണ്.
പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ തുടക്കത്തിൽ പോലീസിനെതിരേ വിമർശനമുയർന്നിരുന്നു. പെൺകുട്ടിയെ കാണാതായതിൽ അന്വേഷണം വൈകിയെന്നും പോലീസ് ഊർജിതമായ അന്വേഷണം നടത്തിയിരുന്നെങ്കിൽ കുട്ടിയെ രക്ഷിക്കാമെന്നുമായിരുന്നു ആക്ഷേപം. എന്നാൽ, സംഭവദിവസം ഏറെ വൈകിയാണ് പരാതി ലഭിച്ചതെന്നും പരാതി കിട്ടിയ ഉടൻ വിശദമായ അന്വേഷണം ആരംഭിച്ചെന്നുമായിരുന്നു പോലീസിന്റെ വിശദീകരണം. പോലീസിൽ പരാതി ലഭിച്ചതിന് മുൻപേ തന്നെ പ്രതി കൃത്യം നടത്തി കടന്നുകളഞ്ഞിരുന്നു.
ജൂലായ് 28-നാണ് ഇതരസംസ്ഥാന തൊഴിലാളികളുടെ മകളായ അഞ്ചുവയസ്സുകാരിയെ ബിഹാർ സ്വദേശിയായ അസ്ഫാക് ആലം തട്ടിക്കൊണ്ടുപോയത്. പിന്നാലെ കുട്ടിയെ ആലുവ മാർക്കറ്റിന്റെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ബലാത്സംഗംചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. 29-നാണ് മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചിച്ചുള്ള അന്വേഷണത്തിൽ 28-ന് രാത്രിതന്നെ പ്രതിയെ പിടികൂടിയിരുന്നു. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് ഇയാൾ കുറ്റം സമ്മതിച്ചത്.
കേസിൽ അതിവേഗത്തിലായിരുന്നു പോലീസ് അന്വേഷണം പൂർത്തിയാക്കിയത്. സംഭവശേഷം പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് 30 ദിവസത്തിനകമാണ് എറണാകുളം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ (അട്രോസിറ്റി എഗെൻസ്റ്റ് വിമെൻ ആൻഡ് ചിൽഡ്രൻ) കുറ്റപത്രം സമർപ്പിച്ചു. സംഭവം നടന്ന് 35 ദിവസത്തിനകം കുറ്റപത്രം നൽകാൻ അന്വേഷണ സംഘത്തിനായി. ബലാത്സംഗം, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, തെളിവു നശിപ്പിക്കൽ എന്നിവയ്ക്കു പുറമെ പോക്സോ മൂന്നുമുതൽ ആറുവരെയുള്ള വകുപ്പുകളും ചേർത്തു.
പെൺകുട്ടിയുടെയും പ്രതിയുടെയും ചെരിപ്പ്, വസ്ത്രങ്ങൾ എന്നിവ ഉൾപ്പെടെ 75 തൊണ്ടിവസ്തുക്കൾ തെളിവുകളായി സമർപ്പിച്ചു. ശക്തമായ സാഹചര്യ തെളിവുകളുടെയും സൈബർ-ഫൊറൻസിക് തെളിവുകളുടെയും ഡോക്ടർമാരുടെ റിപ്പോർട്ടിന്റെയും നൂറ് രേഖകളും 645 പേജുള്ള കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചു.
Post a Comment