ലോകകപ്പ്; സെമി ഉറപ്പിക്കാന്‍ ഓസീസും അട്ടിമറി തുടരാന്‍ അഫ്ഗാനും; ഇന്ന് നിര്‍ണായകമത്സരം

(www.kl14onlinenews.com)
(07-NOV-2023)

ലോകകപ്പ്; സെമി ഉറപ്പിക്കാന്‍ ഓസീസും അട്ടിമറി തുടരാന്‍ അഫ്ഗാനും; ഇന്ന് നിര്‍ണായകമത്സരം
മുംബൈ :ലോകകപ്പില്‍ സെമിയുറപ്പിക്കാന്‍ ഓസ്ട്രേലിയയും അഫ്ഗാനിസ്ഥാനും ഇന്നിറങ്ങുന്നു. കരുത്തരായ ഓസീസിനെ പിടിച്ചുകെട്ടാമെന്ന പ്രതീക്ഷയിലാണ് അഫ്ഗാനിസ്ഥാന്‍. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മല്‍സരം.

അസാധ്യമായ് ഒന്നുമില്ലെന്ന് പ്രഖ്യാപിച്ച് അഫ്ഗാനിസ്ഥാനും ആരെയും തകര്‍ക്കുമെന്ന് ഉറക്കെ പറഞ്ഞ് ഓസ്ട്രേലിയയും നേര്‍ക്കുനേരെത്തുന്നു. ഒരു ജയം കൂടി നേടിയാല്‍ സെമിഫൈനലിലേക്ക് അല്‍പം പ്രതീക്ഷവെക്കാം അഫ്ഗാനിസ്ഥാന്. പക്ഷേ, ഇംഗ്ലണ്ടിനെയും പാക്കിസ്ഥാനെയും ശ്രീലങ്കയേയും തോല്‍പിച്ച വീര്യം പോരാതെ വരും അഫ്ഗാനിസ്ഥാന് ഓസീസിനെ മറികടക്കാന്‍. ഡേവിഡ് വാര്‍ണറും ട്രാവിസ് ഹെഡും നല്‍കുന്ന തകര്‍പ്പന്‍ തുടക്കമാണ് ഓസീസിന്റെ പ്രതീക്ഷ.
മിച്ചല്‍ മാര്‍ഷ് മടങ്ങിയെത്തുന്നതോടെ ടീം കരുത്തരാകും. ബാറ്റിങ്ങില്‍ അഫ്ഗാനിസ്ഥാനും പ്രശ്നങ്ങളില്ല.. ഓപ്പണര്‍മാര്‍ മുതല്‍ എല്ലാവരും ലോകവേദിയെന്ന ഭയമില്ലാതെ മികച്ച ക്രിക്കറ്റാണ് പുറത്തെടുക്കുന്നത്. 282 റണ്‍സ് നേടിയ ഹഷ്മത്തുള്ള മധ്യനിരയില്‍ മികച്ച പ്രകടനം തുടരുമെന്ന പ്രതീക്ഷയിലാണ് ടീം. കഴിഞ്ഞ മല്‍സരത്തില്‍ തിളങ്ങിയ ഓസീസ് സ്പിന്നര്‍ ആഡം സാംപയെ കരുതലോടെ നേരിടാനാകും അഫ്ഗാന്റെ തീരുമാനം. ബോളിങ്ങില്‍ റാഷിദ്, മുജീഹ്, നബി ത്രയം തന്നെയാണ് അഫ്ഗാന്റെ പ്രതീക്ഷ. ജയിച്ചാല്‍ ഓസീസിന് സെമിയിലേക്ക് മുന്നേറാമെന്നിരിക്കെ മികച്ച പ്രകടനം തന്നെയാകും ടീമിന്റെ ലക്ഷ്യം

Post a Comment

Previous Post Next Post