(www.kl14onlinenews.com)
(30-NOV-2023)
കൊല്ലം: ഓയൂരില്‍ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരി അബിഗേല്‍ സാറ റെജി ആശുപത്രി വിട്ടു. കുട്ടിയുടെ ആരോഗ്യനില പൂര്‍ണ്ണ തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. പരിശോധനകളും കൗണ്‍സിലിംഗും കഴിഞ്ഞ ദിവസം തന്നെ പൂര്‍ത്തിയായിരുന്നു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോകും.
പൊലീസ് മൊഴിയെടുക്കുന്നത് ഉള്‍പ്പെടെ തുടര്‍ന്നതിനാലാണ് ഇന്നലെ ഡിസ്ചാര്‍ജ് ചെയ്യാതിരുന്നത്. വീട്ടിലേക്ക് എത്തുമ്പോള്‍ സ്വാഭാവികമായും തിരക്കുണ്ടാകും. ആ തിരക്കിനിടയില്‍ കുട്ടിയോട് സംസാരിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടാകുമെന്ന് പൊലീസ് അറിയിച്ചിരുന്നു. കുഞ്ഞ് ആരോഗ്യവതിയാണ്. മാനസിക സമ്മര്‍ദ്ദമോ ആഘാതമോ കുഞ്ഞിന് ഇല്ലെന്ന് കൗണ്‍സിലിംഗിന് ശേഷം ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം പൊലീസ് അന്വേഷണം രേഖാചിത്രത്തിനപ്പുറം നീങ്ങിയിട്ടില്ല. മൂന്ന് ദിവസം പിന്നിട്ടിട്ടും പ്രതികളുടെ പ്രാഥമിക വിവരങ്ങള്‍ പോലും ലഭിച്ചിട്ടില്ല. പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരുന്നത് പൊലീസിന്റെ അന്വേഷണത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാര്‍, സഞ്ചരിച്ച വഴി, താമസിപ്പിച്ച വീട്, വ്യാജ നമ്പര്‍ പ്ലേറ്റ് ഉണ്ടാക്കിയ സ്ഥാപനം എന്നിവ ഇനിയും കണ്ടെത്താനുണ്ട്.
Post a Comment