കുട്ടിയെ തട്ടിക്കൊണ്ടുപോയവരെ ഇതുവരെ പിടികൂടാനാവാത്തത് ആഭ്യന്തരവകുപ്പിന്റെ പിടിപ്പുകേട്: കെ.സുരേന്ദ്രന്‍

(www.kl14onlinenews.com)
(29-NOV-2023)

കുട്ടിയെ തട്ടിക്കൊണ്ടുപോയവരെ ഇതുവരെ പിടികൂടാനാവാത്തത് ആഭ്യന്തരവകുപ്പിന്റെ പിടിപ്പുകേട്: കെ.സുരേന്ദ്രന്‍

കോട്ടയം: കൊല്ലത്ത് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കുറ്റവാളികളെ ഇതുവരെ പിടികൂടാനാവാത്തത് ആഭ്യന്തരവകുപ്പിന്റെ പിടിപ്പുകേടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അടുത്ത കാലത്ത് കേരളം കണ്ട ഏറ്റവും ബൃഹത്തായ തിരച്ചിലാണ് കൊല്ലത്ത് കണ്ടത്. ജനങ്ങള്‍ ഒരുമിച്ച് ഇറങ്ങി തിരച്ചില്‍ നടത്തി. എന്നാല്‍ കുട്ടിയെ കണ്ടെത്തുന്നതിലും പ്രതികളെ പിടികൂടുന്നതിലും പൊലീസിന് വീഴ്ച പറ്റിയെന്ന് കോട്ടയത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

പൊലീസിന്റെ തിരച്ചില്‍ സംവിധാനങ്ങളുടെ വീഴ്ചയാണ് ആശ്രാമം മൈതാനം പോലൊരു സ്ഥലത്ത് ക്രിമിനലുകള്‍ കുട്ടിയെ ഉപേക്ഷിച്ച് കടന്ന് കളയാന്‍ സാധിച്ചത്. ഇത് കേരള പൊലീസിന് നാണക്കേടാണ്. എഐ ക്യാമറകള്‍ക്ക് ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ സാധിക്കില്ലെന്ന് മനസിലായി കഴിഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് 150 ലേറെ കുട്ടികളാണ് കേരളത്തില്‍ നിന്നും കാണാതായിരിക്കുന്നത്. ഒരാള്‍ വിചാരിച്ചാല്‍ പോലും ഇവിടെ എന്ത് കുറ്റകൃത്യവും ചെയ്യാമെന്ന സാഹചര്യമാണുള്ളത്.

കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷനില്‍ നടന്ന ബോംബ് സ്‌ഫോടനം ഇതിന് ഉദാഹരണമാണ്. അതേ സ്ഥലത്ത് തന്നെയാണ് കുസാറ്റിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ സംഗീതനിശയില്‍ തിക്കിലും, തിരക്കിലും പെട്ട് നാലുപേര്‍ മരിച്ചത്. അവിടെയും പൊലീസിന്റെ സാന്നിധ്യമുണ്ടായിരുന്നില്ല. കേരളത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാവുന്നില്ല. പൊലീസിന്റെ വീഴ്ച മറച്ചുവെക്കാനാണ് മുഹമ്മദ് റിയാസിനെ പോലുള്ളവര്‍ വിടുവായത്തം പറയുന്നത്. റിയാസിന്റെ പ്രസ്താവന അപക്വമാണ്. മുഖ്യമന്ത്രിയെ പുകഴ്ത്താന്‍ മരുമകന്‍ തന്നെ പിആര്‍ ഏറ്റെടുത്തിരിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

നവകേരള നുണ സദസാണ് കേരളത്തില്‍ നടക്കുന്നത്. 56,000 കോടി രൂപ കുടിശ്ശിക കേരളത്തിന് കേന്ദ്രം നല്‍കാനുണ്ടെന്നായിരുന്നു ഇവര്‍ ആദ്യം പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ അത് ഒറ്റയടിക്ക് 5000 കോടി കുടിശ്ശികയായി കുറഞ്ഞു. കേന്ദ്ര ധനകാര്യമന്ത്രി പറഞ്ഞതിനൊന്നും മറുപടിയില്ലാതെ വ്യാജ പ്രചരണം നടത്തുകയാണ് സംസ്ഥാന മന്ത്രിമാര്‍. കേന്ദ്ര പദ്ധതികള്‍ പേര് മാറ്റി അടിച്ചുമാറ്റുകയാണ് സംസ്ഥാനം ചെയ്യുന്നത്. സംസ്ഥാനത്തിന്റെ ഭരണ നേട്ടമായി കേന്ദ്ര പദ്ധതികള്‍ അവതരിപ്പിക്കുന്ന നാണംകെട്ട പരിപാടി സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിക്കണം. കഴിഞ്ഞ ഒമ്പത് വര്‍ഷം കൊണ്ട് 56,000 കോടി അധികം നല്‍കിയത് മോദി സര്‍ക്കാരാണെന്നും ബിജെപി അദ്ധ്യക്ഷന്‍ വിശദീകരിച്ചു.

സ്‌കൂള്‍ കുട്ടികളെ നവകേരള സദസില്‍ പങ്കെടുപ്പിക്കുന്നത് ഹൈക്കോടതി ചോദ്യം ചെയ്തിട്ടും അത് തുടരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയെല്ലാം മതില്‍പൊളിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ചിലവ് കുറയ്ക്കാനാണെന്ന് പറഞ്ഞിട്ട് ധൂര്‍ത്താണ് നവകേരള സദസില്‍ നടക്കുന്നത്. വ്യാജ തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് കേസ് പൊലീസ് ഒതുക്കിതീര്‍ക്കുകയാണ്. രാജ്യദ്രോഹ കുറ്റമാന്നെന്ന് മുഖ്യമന്ത്രി പറഞ്ഞ കേസിലാണ് ഈ ഒത്തുതീര്‍പ്പ് നടക്കുന്നത്. സംസ്ഥാനത്തെ ജനങ്ങളുടെ താത്പര്യങ്ങള്‍ക്ക് എതിരായ ബില്ലുകള്‍ ചോദ്യം ചെയ്യപ്പെടണമെന്ന് ഗവര്‍ണര്‍ – സര്‍ക്കാര്‍ പോരിനെ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി സുരേന്ദ്രന്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ വനം-പരിസ്ഥിതി നിയമങ്ങള്‍ ഭേദഗതി ചെയ്തു. കര്‍ഷകര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിയമത്തിലൂടെ ലഭിച്ച ആനുകൂല്യങ്ങള്‍ ഇല്ലാതാക്കാന്‍ ഭൂപതിവ് ചട്ട നിയമം സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്നു. ഇതില്‍ എങ്ങനെയാണ് ഗവര്‍ണര്‍ ഒപ്പിടുക? ലോകായുക്തയുടെ അധികാരങ്ങള്‍ ഇല്ലാതാക്കുന്ന നിയമത്തെ ഗവര്‍ണര്‍ അനുകൂലിക്കണോ? ഉന്നത വിദ്യാഭ്യാസ മേഖലയെ പൂര്‍ണ്ണമായും തകര്‍ക്കുന്ന സര്‍ക്കാരിന്‍ന്റെ നീക്കത്തെ ഗവര്‍ണര്‍ പിന്തുണയ്ക്കണോയെന്നും കെ.സുരേന്ദ്രന്‍ ചോദിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ അദ്ധ്യക്ഷന്‍ ലിജിന്‍ ലാല്‍, ജനറല്‍ സെക്രട്ടറി രതീഷ് എന്നിവരും പങ്കെടുത്തു

Post a Comment

Previous Post Next Post