ഓസ്‌ട്രേലിയയോടും തോറ്റ് നിലവിലെ ചാംപ്യന്മാർ ലോകകപ്പിൽനിന്നു പുറത്ത്

(www.kl14onlinenews.com)
(04-NOV-2023)

ഓസ്‌ട്രേലിയയോടും തോറ്റ് നിലവിലെ ചാംപ്യന്മാർ ലോകകപ്പിൽനിന്നു പുറത്ത്
അഹമ്മദാബാദ്:ജയിക്കും, ജയിക്കും എന്നും വിചാരിക്കും; പക്ഷേ ജയിക്കില്ല. ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ ഇപ്പോഴത്തെ അവസ്ഥ അങ്ങനെയാണ്. ചിരവൈരികളായ ഓസ്ട്രേലിയയോടും തോറ്റതോടെ നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ട് സെമിഫൈനൽ കാണാതെ ടൂർണമെന്റിൽനിന്നു പുറത്തായി. 33 റൺസിനാണ് കംഗാരുപ്പടയോട് ഇംഗ്ലണ്ട് അടിയറവുപറഞ്ഞത്. ജയത്തോടെ സെമിപ്രവേശത്തിലേക്ക് ഓസീസ് കൂടുതൽ അടുത്തു. ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ തുടർച്ചയായ അഞ്ചാം തോൽവിയാണിത്.

ഓസ്ട്രേലിയ ഉയർത്തിയ 287 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട്, 48.1 ഓവറിൽ 253 റൺസിനു പുറത്തായി. മൂന്നു വിക്കറ്റ് വീഴത്തിയ സ്പിന്നർ ആദം സാംപ, രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹെയ്സൽവുഡ്, ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് എന്നിവരാണ് ഇംഗ്ലിഷ് പടയെ തകർത്തത്. ഇംഗ്ലണ്ടിനായി ബെൻ സ്റ്റോക്സ് (90 പന്തിൽ 64), ‍ഡേവിഡ് മലാൻ (64 പന്തിൽ 50), മൊയീൻ അലി (43 പന്തിൽ 42), ക്രിസ് വോക്സ് (33 പന്തിൽ 32) എന്നിവർ പൊരുതി നോക്കിയെങ്കിലും ജയത്തിലെത്താനായില്ല.

∙ ഓ.. ലബുഷെയ്‌ൻ

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് 49.3 ഓവറില്‍ 286 റൺസെടുത്തു പുറത്തായി. ഓസ്ട്രേലിയയ്ക്കായി മാർനസ് ലബുഷെയ്ൻ അർധ സെഞ്ചറി നേടി. 83 പന്തുകൾ നേരിട്ട ലബുഷെയ്ൻ 71 റൺസെടുത്തു. കാമറൂൺ ഗ്രീൻ (52 പന്തിൽ 47), സ്റ്റീവ് സ്മിത്ത് (52 പന്തിൽ 44), മാർകസ് സ്റ്റോയ്നിസ് (32 പന്തിൽ 35) എന്നിവരാണ് മറ്റു പ്രധാന സ്കോറർമാര്‍.

നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ മികച്ച തുടക്കമായിരുന്നില്ല ഓസ്ട്രേലിയയ്ക്കു ലഭിച്ചത്. സ്കോർ 11 ൽ നിൽക്കെ ട്രാവിസ് ഹെഡിനെ ക്രിസ് വോക്സ് പുറത്താക്കി. പിന്നാലെയെത്തിയ ഡേവിഡ് വാർണറും നിലയുറപ്പിക്കാനാകാതെ വോക്സിനു മുന്നിൽ വീണു. തുടർന്ന് മാർനസ് ലബുഷെയ്നും സ്റ്റീവ് സ്മിത്തും കൈകോർത്തതോടെ ഓസീസ് സ്കോർ 100 കടന്നുമുന്നേറി. 52 പന്തുകൾ നേരിട്ട സ്മിത്ത് 44 റൺസെടുത്തു പുറത്തായി.

ജോഷ് ഇംഗ്ലിസ് സ്പിന്നർ ആദിൽ റഷീദിന്റെ പന്തിൽ മൊയീൻ അലി ക്യാച്ചെടുത്തു പുറത്തായി. മധ്യനിരയിൽ കാമറൂൺ ഗ്രീനിന്റെയും മാർകസ് സ്റ്റോയ്നിസിന്റെയും പ്രകടനങ്ങൾ ഓസീസ് സ്കോർ ഉയർത്തി. ഓസീസ് 223 ല്‍ നിൽക്കെ കാമറൂൺ ഗ്രീനിനെ ഡേവിഡ് വില്ലി ബോൾഡാക്കി. സ്റ്റോയ്നിസിനെ ജോണി ബെയർസ്റ്റോ ക്യാച്ചെടുത്തു പുറത്താക്കി.

വാലറ്റത്ത് 19 പന്തുകളിൽനിന്ന് 29 റൺസെടുത്ത് ആദം സാംപയും തിളങ്ങി. ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് നാലു വിക്കറ്റുകൾ വീഴ്ത്തി. മാർക് വുഡ്, ആദിൽ റഷീദ് എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി.

Post a Comment

Previous Post Next Post