ആറുവയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവം: പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ്

(www.kl14onlinenews.com)
(28-NOV-2023)

ആറുവയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവം: പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ്
കൊല്ലം :
ഓയൂരിൽ (Oyoor) ആറുവയസ്സുകാരിയെ(Abigel Sara Reji) തട്ടിക്കൊണ്ടുപോയ(kidnap) സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാ ചിത്രം(sketch) പുറത്തുവിട്ടു. പോലീസിന്റെ വിദഗ്ധർ തയ്യാറാക്കിയ രേഖാചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. ഇയാളുടെ ഒപ്പമുണ്ടായിരുന്നു എന്ന് പറയുന്ന സ്ത്രീയുടെ രേഖാചിത്രവും അൽപസമയത്തിനകം പുറത്തുവിടുമെന്നാണ് വിവരം. കുട്ടിയുടെ അമ്മയ്ക്ക് മോചനദ്രവ്യം ആവശ്യപ്പെട്ട് വന്ന ഫോണ്‍ കോള്‍ ഒരു വ്യാപാരിയുടെ മൊബൈലില്‍ നിന്നാണെന്ന സൂചനകളാണ് പുറത്തുവരുന്നത്. കടയിലെത്തിയ ഒരു സ്ത്രീയും പുരുഷനും ഫോണ്‍ ചോദിച്ച് വാങ്ങിയെന്ന് വ്യാപാരി പൊലീസിനോട് പറഞ്ഞെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. നേരത്തെ കുട്ടിയെ വിട്ടുകിട്ടാന്‍ അഞ്ച് ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ട് ഫോൺകോളെത്തിയിരുന്നു. കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് ഒരു സ്ത്രീയാണ് വിളിച്ചെന്നാണ് വിവരം. ഫോണ്‍ കോളിന്റെ ആധികാരികത പൊലീസ് പരിശോധിക്കുകയാണ്. ഇന്നലെ വൈകിട്ടാണ് സഹോദരനൊപ്പം ട്യൂഷന്‍ പോകുന്നതിനിടെ അബിഗേല്‍ സാറ റെജിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഓയൂര്‍ കാറ്റാടിമുക്കില്‍ വെച്ച് വെള്ള നിറത്തിലുള്ള ഹോണ്ട അമേസ് കാറിലാണ് ഇവരെത്തിയത്. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വ്യാപക തെരച്ചില്‍ നടത്തുകയാണ്.

ഓയൂര്‍ സ്വദേശി റെജിയുടെ മകളാണ് അഭികേല്‍ സാറ റെജി. കുട്ടിയുടെ ചിത്രങ്ങളടക്കം പങ്കുവെച്ച് സോഷ്യല്‍ മീഡിയയിലൂടെയും മറ്റും കണ്ടെത്താനുള്ള ശ്രമത്തിലാണ്. കുട്ടിയെ തട്ടിക്കൊണ്ടുപോയ വാഹനത്തില്‍ നാല് പേരുണ്ടായിരുന്നുവെന്നാണ് വിവരം. ഇതിലൊരാള്‍ സ്ത്രീയാണ്. അഭികേലിനെ കാറിലേക്ക് വലിച്ചിഴച്ചതോടെ സഹോദരന്‍ തടയാന്‍ ശ്രമിച്ചു. കാറില്‍ തൂങ്ങിക്കിടന്ന മൂത്തകുട്ടി പിന്നീട് റോഡിലേക്ക് വീണു. ഇത് കണ്ട ഒരു സ്ത്രീ കുട്ടിയുടെ അടുത്തെത്തി വിവരം ചോദിച്ചപ്പോഴാണ് അഭികേലിനെ തട്ടിക്കൊണ്ടുപോയന്ന വിവരം അറിയുന്നത്.

45 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ വേഷം കാക്കി പാന്റും വെള്ളഷർട്ടുമായിരുന്നെന്ന് നേരത്തെ ​ഗിരിജ പറഞ്ഞിരുന്നു. 35 വയസ്സ് തോന്നിക്കുന്ന സ്ത്രീ പച്ച ചുരിദാറും കറുത്ത ഷാളുമായിരുന്നു ധരിച്ചിരുന്നതെന്നും ​ഗിരിജ പോലീസിനോട് വ്യക്തമാക്കിയിരുന്നു.

ഒരു കടലാസ് അമ്മയ്ക്ക് കൊടുക്കണമെന്ന് പറഞ്ഞാണ് കാർ അടുത്ത് കൊണ്ട് നിർത്തിയതെന്നും കുട്ടിയെ വലിച്ച് കയറ്റുകയായിരുന്നുവെന്നുമാണ് സഹോദരൻ പറയുന്നത്. 3176 നമ്പറിലുള്ള കാറിലാണ് തട്ടിക്കൊണ്ട് പോയതെന്ന് ആൺകുട്ടി പോലീസിനോട് പറഞ്ഞു.

അതേസമയം കുട്ടിയ്ക്കായി കേരളത്തിലും മറ്റ് സംസ്ഥാന അതിര്‍ത്തികളിലും പൊലീസ് പരിശോധന ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. കേരള തമിഴ്‌നാട് അതിര്‍ത്തിയായ കളിയിക്കാവിളയിലും ആര്യന്‍കാവ് ചെക്ക്‌പോസ്റ്റിലും, കോട്ടയം ജില്ലാ അതിര്‍ത്തിയായ ളായിക്കാട് എം സി റോഡിലും അടക്കം പരിശോധന തുടരുകയാണ്.

കുട്ടിയെ കണ്ടെത്താന്‍ എംസി റോഡില്‍ ഉടനീളം പരിശോധന നടത്തുന്നുണ്ട്. സംശയമുള്ള വാഹനങ്ങളെല്ലാം പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. എല്ലാ പൊലീസ് സ്റ്റേഷനിലും വിവരം നല്‍കിയെന്ന് റൂറല്‍ എസ്പി അറിയിച്ചു. ആസൂത്രിതമായ തട്ടിക്കൊണ്ടുപോകലെന്നാണ് പൊലീസ് പറയുന്നത്.

സംഭവത്തില്‍ അതിവേഗ അന്വേഷണം നടക്കുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. എല്ലാവിധ ജാഗ്രതയും പുലര്‍ത്താന്‍ വേണ്ട നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രതികളെ പിടികൂടാനും കുഞ്ഞിനെ രക്ഷപ്പെടുത്താനുള്ള എല്ലാ നടപടികളും പൊലീസ് സ്വീകരിക്കുന്നുണ്ട്. സംഭവം അറിഞ്ഞ ഉടന്‍ തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ചു. സംഭവം ഞെട്ടിക്കുന്നതാണെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

Post a Comment

Previous Post Next Post