(www.kl14onlinenews.com)
(28-NOV-2023)
ഗുവാഹതി: ആദ്യ രണ്ട് മത്സരങ്ങളും ആധികാരികമായി ജയിച്ച ആവേശത്തിൽ ഇന്ത്യ ആസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിലെ മൂന്നാം അങ്കത്തിന് ചൊവ്വാഴ്ച ഇറങ്ങുന്നു. അഞ്ച് മത്സര പരമ്പരയിലെ ഇന്നത്തെ കളി ജയിച്ചാൽ സൂര്യകുമാർ യാദവിനും സംഘത്തിനും പരമ്പര സ്വന്തമാകും.രാത്രി ഏഴിനാണ് കളി തുടങ്ങുക. സീനിയർ കളിക്കാർക്ക് വിശ്രമം നൽകി ടീമിനെ യുവനിരയെ ഏൽപിച്ച ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് വിശാഖപട്ടണത്തും തിരുവനന്തപുരത്തും കണ്ടത്. ആദ്യ കളിയിൽ ഓസീസ് ഉയർത്തിയ 209 റൺസ് ലക്ഷ്യം എട്ട് വിക്കറ്റ് നഷ്ടത്തിൽ എത്തിപ്പിടിച്ചപ്പോൾ കാര്യവട്ടത്ത് 235 റൺസെന്ന റെക്കോഡ് സ്കോർ നേടി 44 റൺസ് ജയവും കൈപ്പിടിയിലൊതുക്കി
ബാറ്റർമാരെല്ലാം മികച്ച ഫോമിലാണെന്നതാണ് ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നത്. ഇഷാൻ കിഷൻ രണ്ട് കളിയിലും അർധശതകം സ്വന്തമാക്കി. ആദ്യ മത്സരത്തിൽ തിളങ്ങിയ സൂര്യ രണ്ടാമത്തെതിൽ എളുപ്പത്തിൽ മടങ്ങിയെങ്കിലും ഓപണർമാരായ യശസ്വി ജയ്സ്വാളും ഋതുരാജ് ഗെയ്ക് വാദും മിന്നി. ഫിനിഷറുടെ റോൾ ഭംഗിയായി നിർവഹിക്കുന്നുണ്ട് റിങ്കു സിങ്. ബൗളർമാരുടെ പ്രകടനവും എടുത്തുപറയണം. പേസർ പ്രസിദ്ധ് കൃഷ്ണയും സ്പിന്നർ രവി ബിഷ്ണോയിയും ഓസീസിന് വെല്ലുവിളി സൃഷ്ടിച്ചു. ഏകദിന ലോകകപ്പിൽ ഇന്ത്യയെ തോൽപിച്ച് കിരീടം നേടിയ ആസ്ട്രേലിയ ഫൈനലിലടക്കം കളിച്ച ഓൾ റൗണ്ടർ ഗ്ലെൻ മാക്സ്വെൽ, മധ്യനിര ബാറ്റർ സ്റ്റീവ് സ്മിത്ത്, സ്പിന്നർ ആഡം സ്മിത്ത് എന്നിവരെ അണിനിരത്തിയിട്ടും കാര്യവട്ടത്ത് രക്ഷയുണ്ടായില്ല. ഇന്നത്തെ മത്സരം ജയിച്ച് പരമ്പരയിൽ പ്രതീക്ഷ നിലനിർത്താനാണ് ആസ്ട്രേലിയയുടെ ശ്രമം.
മറുവശത്ത്, സ്റ്റീവ് സ്മിത്ത് ഓപ്പൺ ചെയ്യുന്നതുകൊണ്ടുള്ള പ്രശ്നങ്ങളാണ് ഓസ്ട്രേലിയക്ക് പ്രധാനമായി ഉള്ളത്. പവർ പ്ലേ മുതലാക്കാൻ രണ്ട് കളിയും സ്മിത്തിനു കഴിഞ്ഞിട്ടില്ല. ആദ്യ കളി ഫിഫ്റ്റി അടിച്ചെങ്കിലും 126 ആയിരുന്നു സ്ട്രൈക്ക് റേറ്റ്. മാത്യു ഷോർട്ട് രണ്ട് കളിയും നിരാശപ്പെടുത്തി. ജോഷ് ഇംഗ്ലിസ്, ടിം ഡേവിഡ്, മാർക്കസ് സ്റ്റോയിനിസ് എന്നിവരടങ്ങിയ മധ്യനിരയാണ് ഓസീസിൻ്റെ കരുത്ത്. മാത്യു വെയ്ഡിന് ഏറെ പന്തുകൾ ഫേസ് ചെയ്യാൻ അവസരം ലഭിക്കുന്നില്ല എന്നത് ഓസീസ് സ്കോറിംഗിനെ ബാധിക്കുന്നുണ്ട്. സ്മിത്തിനു പകരം ഇന്ന് ട്രാവിസ് ഹെഡ് കളിച്ചേക്കും. തൻവീർ സംഗ, നതാൻ എല്ലിസ് എന്നിവരാണ് ബൗളിംഗിൽ തിളങ്ങിയവർ.
Post a Comment