മന്ത്രിസഭയെ ഒരുമിച്ച് കാണാനുള്ള സന്തോഷം പങ്കിടുകയാണ് കുട്ടികള്‍, വരണ്ടെന്ന് പറഞ്ഞിട്ടും വരുന്നു’: മുഖ്യമന്ത്രി

(www.kl14onlinenews.com)
(24-NOV-2023)

മന്ത്രിസഭയെ ഒരുമിച്ച് കാണാനുള്ള സന്തോഷം പങ്കിടുകയാണ് കുട്ടികള്‍, വരണ്ടെന്ന് പറഞ്ഞിട്ടും വരുന്നു’: മുഖ്യമന്ത്രി
കോഴിക്കോട്: സ്‌കൂളിലെ കുട്ടികളെ നിര്‍ത്തേണ്ട എന്ന് പറഞ്ഞിട്ടും പലയിടത്തും കുട്ടികള്‍ വരുന്നു, സ്‌കൂള്‍ കുട്ടികളെ പങ്കെടുപ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് പേരാമ്പ്ര മണ്ഡലത്തിലെ നവകേരള സദസ്സ് ഉദ്ഘാടന പ്രസംഗത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. രാഷ്ട്രീയ വേര്‍തിരിവ് നമ്മുടെ മനസ്സില്‍ ആണല്ലോയെന്നും, ഇളം മനസ്സില്‍ കള്ളമില്ലെന്നും കുട്ടികള്‍ അവരുടെ ജീവിതത്തിലെ പ്രധാന കാര്യം ആയാണ് ഇതിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന് ഒപ്പമുണ്ട് എന്ന സന്ദേശമാണ് ഈ ജനപ്രവാഹത്തിലൂടെ ലഭിക്കുന്നത്. അതിനു നന്ദിയുണ്ട്. ഇറങ്ങേണ്ടെന്ന് പറഞ്ഞിട്ടും കുട്ടികള്‍ പരിപാടിക്കെത്തുകയാണ്. മന്ത്രിസഭ ഒന്നായി കാണാനുള്ള സന്തോഷം പങ്കിടുകയാണ് കുട്ടികള്‍. അതിനെ എതിര്‍ക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉദ്ഘാടന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. നിഷേധ നിലപാട് ആണ് കേന്ദ്രം സ്വീകരിക്കുന്നത്. നാടിന് ആവശ്യമായ സഹായം കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നില്ലെന്നും പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ആണ് അവരുടെ ശ്രമമെന്നും പിണറായി വിജയന്‍ ആരോപിച്ചു. കേരളത്തിന്റെ വികസനത്തോട് മുഖം തിരിക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റേത്. കോഴിക്കോട് എയിംസ് ഇതുവരെ അനുവദിച്ചില്ല. കേരളത്തെ സാമ്പത്തികമായി ഞെരുക്കാന്‍ ആണ്ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നവകേരള സദസ്സിനെത്തിയ മന്ത്രിമാരെയും മുഖ്യമന്ത്രിയെയും പൊരിവെയിലത്ത് നിന്ന് സ്‌കൂള്‍ കുട്ടികള്‍ സ്വീകരിക്കുന്നതിന്റെ വീഡിയോ ഉള്‍പ്പെടെ നേരത്തെ പുറത്തുവന്നിരുന്നു. കണ്ണൂരില്‍ നടന്ന ഈ സംഭവത്തിന് പിന്നാലെ വലിയ പ്രതിഷേധവും ഉയര്‍ന്നിരുന്നു. സ്‌കൂള്‍ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന് വ്യക്തമാക്കി പലയിടത്തും സര്‍ക്കുലറുകള്‍ ഇറക്കിയതും വിവാദമായിരുന്നു. ഇതിനുപിന്നാലെ എംഎസ്എഫ് നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാനത്തെ ഹയര്‍ സെക്കന്ററി വരെയുള്ള വിദ്യാര്‍ത്ഥികളെ നവകേരള സദസ്സില്‍ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതി ഇന്ന് ഉത്തരവിട്ടിരുന്നു.

നവകേരളസദസ്സിലേക്കു ഇനി വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കുകയില്ലെന്ന് സര്‍ക്കാര്‍ നേരത്തേ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം നവകേരള സദസ്സിനു അഭിവാദ്യമാര്‍പ്പിക്കാനായി വിദ്യാര്‍ത്ഥികളെ പൊരിവെയിലത്ത് നിറുത്തി മുദ്രാവാക്യം വിളിപ്പിച്ചതടക്കമുള ഹര്‍ജികള്‍ പരിഗണിച്ചപ്പോഴാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. മാത്രമല്ല കുട്ടികളെ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇറക്കിയ എല്ലാ ഉത്തരവുകളും തിങ്കളാഴ്ചയോടെ പിന്‍വലിക്കും എന്നും സര്‍ക്കാറിനു വേണ്ടി ഹാജരായ അഡിഷണല്‍ അഡ്വക്കറ്റ് ജനറല്‍ അശോക് ചെറിയാന്‍ കോടതിയെ അറിയിച്ചിരുന്നു.

Post a Comment

Previous Post Next Post